ചരക്കുസേവന നികുതി (ജി.എസ്.ടി) രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തി അയാളുടെ വാസസ്ഥലമല്ലാത്ത കെട്ടിടം/സ്ഥാവര വസ്തുക്കൾ ജി. എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തിക്ക് വാടകക്ക് നൽകുന്ന രീതിയിലുള്ള സേവനങ്ങൾക്ക് വാടകക്ക് എടുക്കുന്ന വ്യക്തി (റിവേഴ്സ് ചാർജിൽ) ജി.എസ്.ടി അടക്കണം എന്ന നിയമം സർക്കാർ നടപ്പിലാക്കാൻ തീരുമാനിക്കുകയുണ്ടായി.
അതിനെ തുടർന്നാണ് ജി.എസ്.ടി സംവിധാനത്തിൽ അത്രമാത്രം പരിചിതമല്ലാത്ത റിവേഴ്സ് ചാർജ് മെക്കാനിസം (ആർ.സി.എം) എന്ന നികുതി സമ്പ്രദായത്തെക്കുറിച്ചു സാധാരണക്കാർക്കിടയിൽ കൂടുതൽ ചർച്ചയായത്.
ജി.എസ്.ടി സംവിധാനത്തിൽ സാധാരണയായി നികുതി അടക്കുന്നത് സാധനങ്ങളുടെ/സേവനങ്ങളുടെ വിതരണക്കാരനാണ്. റിവേഴ്സ് ചാർജ് സംവിധാന പ്രകാരം, സാധനങ്ങളുടെയോ സേവനങ്ങളുടെയോ സ്വീകർത്താവ് നികുതി അടക്കാൻ ബാധ്യസ്ഥനാകുന്നു, അതായത്, ചാർജ് റിവേഴ്‌സ് ചെയ്യപ്പെടും. റിവേഴ്സ് ചാർജ് മെക്കാനിസവുമായി ബന്ധപ്പെട്ട് 2017 മുതൽ 2025 വരെയുള്ള വിജ്ഞാപനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവരണമാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്.
2017ലെ സി ജി.എസ്.ടി നിയമത്തിലെ സെക്ഷൻ 24 പ്രകാരം, റിവേഴ്‌സ് ചാർജ് മെക്കാനിസം പ്രകാരം ജി.എസ്.ടി അടക്കാൻ ബാധ്യതയുള്ള ഒരാൾ നിർബന്ധമായും രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപ അല്ലെങ്കിൽ 40 ലക്ഷം രൂപ എന്ന പരിധി അവർക്ക് ബാധകമല്ല.
സേവന ദാതാവ് നിർദിഷ്ട സേവനങ്ങൾ നൽകാൻ ഇ-കൊമേഴ്‌സ് ഓപറേറ്ററെ ഉപയോഗിക്കുകയാണെങ്കിൽ, ഇ-കൊമേഴ്‌സ് ഓപറേറ്റർ റിവേഴ്‌സ് ചാർജ് ബാധകമാകുമെന്നും ജി.എസ്.ടി അടക്കാൻ ബാധ്യസ്ഥനായിരിക്കുമെന്നും വകുപ്പ് 9(5) പറയുന്നു.
റിവേഴ്സ് ചാർജ് ബാധകമാകുന്ന സാധനങ്ങളുടെ/സേവനങ്ങളുടെ ഒരു ലിസ്റ്റ് സി.ബി. ഐ.സി വിജ്ഞാപനം ചെയ്തിട്ടുണ്ട്. ജി.എസ്.ടി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഒരാൾ രജിസ്റ്റർ ചെയ്ത ഒരാൾക്ക് സാധനങ്ങൾ വിതരണം ചെയ്താൽ, റിവേഴ്സ് ചാർജ് ബാധകമാകുമെന്ന് വകുപ്പ് 9(4) പറയുന്നു.
സംസ്ഥാനത്തിനുള്ളിൽ നടത്തുന്ന വാങ്ങലുകളിൽ, വാങ്ങുന്നയാൾ സി ജി.എസ്.ടി/ എസ് ജി.എസ്.ടി എന്നിവ ആർ.സി.എം പ്രകാരം അടക്കണം. കൂടാതെ, അന്തർ സംസ്ഥാന വാങ്ങലുകളുടെ കാര്യത്തിൽ, വാങ്ങുന്നയാൾ ഐ ജി.എസ്.ടി അടക്കണം. വകുപ്പ് 15 പ്രകാരം നിർണയിക്കപ്പെട്ട ഇടപാട് മൂല്യത്തിനായിരിക്കും ഷെഡ്യൂളിൽ സൂചിപ്പിച്ച നിരക്കുകളിൽ ആർ.സി. എം അടക്കാനുള്ള ബാധ്യത.
മേൽപ്പറഞ്ഞ രീതിയിൽ സാധനങ്ങൾ വാങ്ങുമ്പോൾ കണക്കാക്കുന്ന റിവേഴ്സ് ചാർജിലുള്ള ജി.എസ്.ടിക്ക് അതേ മാസംതന്നെ ക്രെഡിറ്റ് ലഭിക്കും. സാധനങ്ങളോ സേവനങ്ങളോ സ്വീകരിക്കുന്നയാൾക്ക് ആർ.സി.എം പ്രകാരം അടച്ച നികുതി തുകയിൽ ഐ.ടി.സി (ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ്) ലഭിക്കാൻ അത്തരം സാധനങ്ങളോ സേവനങ്ങളോ ബിസിനസിനോ ബിസിനസിന്റെ ഉന്നമനത്തിനായി ഉപയോഗിച്ചിരിക്കണം.
2017, 2021 വർഷങ്ങളിലെ കേന്ദ്ര നികുതി (റേറ്റ്) വിജ്ഞാപനം പ്രകാരം നോട്ടിഫൈ ചെയ്ത സാധനങ്ങൾ ചുവടെ ചേർക്കുന്നു:
2017 മുതൽ 2025 വരെയുള്ള സെൻട്രൽ ടാക്സ് (റേറ്റ്) / 2017 ഇന്റഗ്രേറ്റഡ് ടാക്സ് (റേറ്റ്) വിജ്ഞാപന പ്രകാരം നോട്ടിഫൈ ചെയ്ത സേവനങ്ങൾ ചുവടെ ചേർക്കുന്നു
വിദേശത്തുള്ളയാൾ നൽകുന്ന സേവനം, ചരക്കു കൂലി (ഗുഡ്സ് ട്രാൻസ്പോർട്ട് ഏജൻസി സേവനം), വക്കീലിന്റെ സേവനം, ഒരു ആർബിട്രൽ ട്രൈബ്യൂണൽ നൽകുന്ന സേവനങ്ങൾ, സർക്കാർ നൽകുന്ന സേവനങ്ങൾ (ചിലതൊഴികെ), ഡയറക്ടർ കമ്പനിക്കു നൽകുന്ന സേവനങ്ങൾ, ഇൻഷുറൻസ് ഏജന്റ്, റിക്കവറി ഏജന്റ്, ഇന്ത്യക്ക് പുറത്തുള്ള ഒരു സ്ഥലത്തുനിന്ന് ഇന്ത്യയിലെ കസ്റ്റംസ് സ്റ്റേഷൻ ഓഫ് ക്ലിയറൻസുവരെ ഒരു കപ്പലിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിലൂടെ നികുതി നൽകേണ്ടതല്ലാത്ത പ്രദേശത്ത് താമസിക്കുന്ന ഒരാൾ നൽകുന്ന സേവനങ്ങൾ, എഴുത്തുകാരൻ, സംഗീത സംവിധായകൻ, ഫോട്ടോഗ്രാഫർ, ആർട്ടിസ്റ്റ് മുതലായവർ പകർപ്പവകാശം കൈമാറുമ്പോഴും റിവേഴ്സ് ചാർജിൽ ജി.എസ്.ടി ബാധകമാണ്.
ഒരു ബോഡി കോർപറേറ്റ് മറ്റൊരു ബോഡി കോർപറേറ്റ് അല്ലെങ്കിൽ പങ്കാളിത്ത സ്ഥാപനത്തിന് സ്പോൺസർഷിപ് സേവനങ്ങൾ നൽകുകയാണെങ്കിൽ എഫ്.സി.എം അഥവാ ഫോർവേഡ് ചാർജ് മെക്കാനിസം ആണ് ബാധകം. എന്നിരുന്നാൽ ബോഡി കോർപറേറ്റ് അല്ലാത്ത വ്യക്തിയാണ് സ്പോൺസർഷിപ് നൽകുന്നതെങ്കിൽ ആർ.സി.എം ബാധകമാണ്.
ബിസിനസ് ഫെസിലിറ്റേറ്റർ ബാങ്കിങ് കമ്പനിക്ക് നൽകുന്ന സേവനങ്ങൾ; ബിസിനസ് കറസ്പോണ്ടന്റിന്റെ ഏജന്റ് ബിസിനസ് കറസ്പോണ്ടന്റിന് നൽകുന്ന സേവനങ്ങൾ; രജിസ്റ്റർ ചെയ്ത വ്യക്തിക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ വിതരണം ചെയ്തുകൊണ്ട് നൽകുന്ന സേവനങ്ങൾ (ചില ഒഴിവാക്കലുകളോടെ); ഒരു സ്ഥാപനം യാത്രക്കാരെ കൊണ്ടുപോകുന്ന ഏതെങ്കിലും മോട്ടോർ വാഹനം വാടകക്കെടുക്കുന്നതിലൂടെ (ഇന്ധനച്ചെലവ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ) നൽകുന്ന സേവനങ്ങൾ; സെക്യൂരിറ്റീസ് ലെൻഡിങ് സ്കീം, 1997 (സ്കീം) പ്രകാരം വായ്പ നൽകുന്നതിനുള്ള സേവനങ്ങൾ; പ്രമോട്ടറുടെ കൺസ്ട്രക്ഷൻ പദ്ധതിക്കായി മുൻകൂർ തുകയായോ ആനുകാലിക വാടകയായോ ആരെങ്കിലും ഭൂമി ദീർഘകാല പാട്ടത്തിന് (30 വർഷമോ അതിൽ കൂടുതലോ) നൽകുന്ന സാഹചര്യം; അവക്കെല്ലാം റിവേഴ്സ് ചാർജിൽ ജി.എസ്.ടി ബാധകമാണ്.
രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തി റെസിഡൻഷ്യൽ വാസസ്ഥലം ഒഴികെയുള്ള ഏതെങ്കിലും സ്ഥാവര വസ്തുക്കൾ രജിസ്റ്റർ ചെയ്ത വ്യക്തിക്ക് വാടകക്ക് നൽകുന്ന രീതിയിലുള്ള സേവനങ്ങൾക്ക് റിവേഴ്സ് ചാർജിൽ ജി.എസ്.ടി ബാധകമാണ്.
എന്നാൽ, കോമ്പോസിഷൻ സ്‌കീം പ്രകാരം നികുതി അടക്കാൻ തിരഞ്ഞെടുത്ത വ്യക്തിക്ക് ഫോർവേഡ് ചാർജ് മെക്കാനിസമാണ് (എഫ്.സി.എം) ബാധകമാകുക.
(പിന്നാക്ക വിഭാഗ വികസന കോർപറേഷൻ മുൻ ജനറൽ മാനേജറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.