റിപോ നാലു ശതമാനംതന്നെ; നിരക്കുകളിൽ മാറ്റമില്ല

മുംബൈ: വളർച്ച ത്വരിതപ്പെടുത്താനും വിപണിയിൽ പണലഭ്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട് അടിസ്ഥാന പലിശ നിരക്കുകൾ അതേപടി നിലനിർത്തി റിസർവ് ബാങ്ക് പണനയ സമിതിയുടെ ദ്വൈമാസ അവലോകന യോഗം. റിപോ നിരക്ക് നിലവിലെ നാല് ശതമാനത്തിൽതന്നെ തുടരും. 11ാം തവണയാണ് നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നത്. അതേസമയം, പണപ്പെരുപ്പം വരുതിയിലായാൽ നിരക്ക് വർധന ആലോചിക്കുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന ഇടക്കാല വായ്പയുടെ പലിശനിരക്കാണ് റിപോ. റിപോ വർധിക്കാത്ത സാഹചര്യത്തിൽ ഭവന-വാഹന വായ്പ നിരക്കുകളെല്ലാം പഴയപടി തുടരും. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന നിക്ഷേപത്തിന്റെ പലിശനിരക്കായ റിവേഴ്സ് പോ 3.35 ശതമാനത്തിലും തുടരും. പണപ്പെരുപ്പം 4.5 ശതമാനത്തിൽനിന്ന് 5.7 ശതമാനത്തിലേക്ക് ഉയരുമ്പോൾ സാമ്പത്തിക വളർച്ച നിരക്ക് 7.8 ശതമാനത്തിൽനിന്ന് 7.2 ശതമാനത്തിലേക്ക് കുറയുമെന്നും ആർ.ബി.ഐ കണക്കാക്കുന്നു.

2020 മേയ് 22നാണ് അവസാനം നിരക്കുകൾ പരിഷ്കരിച്ചത്. യു.പി.ഐ വഴി എ.ടി.എമ്മിൽനിന്ന് കാർഡ് രഹിത പണം പിൻവലിക്കൽ എല്ലാ ബാങ്കുകളിലും ഏർപ്പെടുത്താനും ആർ.ബി.ഐ തീരുമാനിച്ചു. റിപോയിൽ നിന്ന് അര ശതമാനം കുറഞ്ഞ നിരക്കിൽ ബാങ്കുകൾക്ക് അധിക പണം ആർ.ബി.ഐയിൽ സൂക്ഷിക്കുന്നതിന് പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - RBI monetary policy: Inflation to hit 5.7%, GDP growth projected at 7.2%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.