കോഴിക്കോട്: സുഗന്ധവ്യഞ്ജനങ്ങളിലെ രാജ്ഞിയായ കുരുമുളകിന്റെ വിലക്കുതിപ്പ് കർഷകർക്ക് ആശ്വാസമേകുന്നു. അഞ്ചു വർഷത്തെ ഏറ്റവും കൂടിയ വിലയാണ് കുരുമുളകിന്. 2021ൽ കിലോക്ക് 460 രൂപയായിരുന്നെങ്കിൽ കഴിഞ്ഞദിവസം 666 രൂപയിലെത്തി വില.
ലോകത്ത് ഏറ്റവുമധികം വിപണനം ചെയ്യുന്ന സുഗന്ധവ്യഞ്ജനമായ കറുത്ത കുരുമുളകിന് വിദേശരാജ്യങ്ങളിലും വിലക്കുതിപ്പ് തുടരുകയാണ്. എന്നാൽ ആഭ്യന്തര വിപണിയിലെ ആവശ്യകതയുടെ സ്ഥിരതയാണ് കുരുമുളകിന് മെച്ചപ്പെട്ട വില നേടിക്കൊടുക്കുന്നത്. ഏറ്റവുമധികം വിപണിയുള്ള ബ്രസീലിനുപുറമെ വിയറ്റ്നാമിലും ഇന്തോനേഷ്യയിലും കറുത്തപൊന്നിന്റെ വില വർധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ ഉൽപാദനം കുറയുന്നതാണ് രാജ്യാന്തര വിപണിയിൽ വില കൂടാൻ കാരണമാകുന്നത്.
വിലകൂടിയതോടെ സംസ്ഥാനത്തെ കുരുമുളക് കർഷകർ വിളവെടുപ്പ് തുടങ്ങി. ചൂടുകാരണം വിളവ് നേരത്തേയായതും സംഭരണത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. വർഷങ്ങളായി സംസ്ഥാനത്ത് ഏറ്റക്കുറച്ചിലില്ലാതെയാണ് ഉൽപാദനം.
2023-24 ൽ 27,505 ടൺ കുരുമുളകാണ് ഉൽപാദിച്ചത്. ഇന്ത്യയുടെ മൊത്തം കുരുമുളക് ഉൽപാദനം 1,25, 927 ടൺ ആയിരുന്നു. വിദേശരാജ്യങ്ങളിൽനിന്ന് ഗണ്യമായ തോതിൽ രാജ്യത്ത് കുരുമുളക് ഇറക്കുമതി ചെയ്യുമ്പോഴും ഗൾഫ് ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലും ഇന്ത്യൻ കുരുമുളകിന് വൻ ഡിമാൻഡാണെന്നാണ് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പറയുന്നത്.
സ്പൈസസ് ബോർഡിന്റെ കണക്കനുസരിച്ച് 2023-24ൽ ആഭ്യന്തര ഉൽപാദനത്തിനുപുറമെ 34,028 ടൺ കുരുമുളക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.ഇന്ത്യയിൽ കുരുമുളക് ഉൽപാദനത്തിൽ ഒന്നാം സ്ഥാനം കർണാടകക്കാണ്. കേരളമാണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.