മ്യൂച്വൽ ഫണ്ട് എസ്.ഐ.പി; സാമ്പത്തിക ഭദ്രതയിലേക്കൊരു വഴികാട്ടി

ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിൽ കൈപൊള്ളുന്നവരുടെ എണ്ണം കൂടിവരികയാണ്. കോവിഡ് ലോക്ഡൗൺ കാലത്ത് മറ്റു തൊഴിൽ-വരുമാന മാർഗങ്ങളൊന്നുമില്ലാതെ സമൂഹമാധ്യമങ്ങളിൽ അഭയം തേടിയവരിലും യൂട്യൂബ് നോക്കി പാചക കസർത്തുകൾ നടത്തിയവരിലും കുറേപേർ എത്തിപ്പെട്ടത് ഓഹരി വിപണിയിലാണ്. കൈയിൽ അൽപം കാശുള്ളവർ, പ്രത്യേകിച്ച് യുവതലമുറ വലിയ തോതിൽതന്നെ ഓൺലൈനിൽ ഓഹരി ട്രേഡിങ്ങിലേക്കിറങ്ങി. ആവശ്യത്തിന് ഗൃഹപാഠം ചെയ്യാത്തവർക്കുപോലും ആദ്യമാദ്യം കുറേ ലാഭമൊക്കെയുണ്ടായെങ്കിലും ആവേശം കയറി കൂടുതൽ പണമിറക്കിയവർക്ക് പലർക്കും പിന്നീട് അക്കിടിപറ്റി.

ഒന്നും നമ്മുടെ കൈയിലല്ലെന്നും അതത് ദിവസത്തെ രാജ്യത്തെയും ആഗോളതലത്തിലെയും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ ചെറുതും വലുതുമായ സംഭവവികാസങ്ങളെല്ലാം വിപണിയെ സ്വാധീനിക്കുമെന്നും ഊഹക്കച്ചവടവത്തിന്റെ ചുഴിയിൽ വീഴാൻ സാധ്യത കൂടുതലാണെന്നും തിരിച്ചറിഞ്ഞ് പലരും തിരിച്ചുകയറി.

അത്തരക്കാർക്കും വലിയ റിസ്കെടുക്കാൻ തയാറല്ലാത്തവർക്കും താരതമ്യേന സുരക്ഷിതമായി ഓഹരിയിൽതന്നെ നിക്ഷേപിക്കാനുള്ള മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. അതിൽതന്നെ തവണകളായി നിക്ഷേപിക്കുന്ന എസ്.ഐ.പിയാണെങ്കിൽ കുറേക്കൂടി എളുപ്പവും ലാഭകരവുമാക്കാം.

നിരവധി നിക്ഷേപകരിൽനിന്ന് പണം സമാഹരിച്ച് അത് ഓഹരികളിലോ കടപ്പത്രങ്ങളിലോ മറ്റ് ആസ്തികളിലോ നിക്ഷേപിക്കുന്ന സംവിധാനമാണ് മ്യൂച്വൽ ഫണ്ട്. ഇതിൽനിന്നുള്ള ലാഭം നിക്ഷേപത്തിന് ആനുപാതികമായി പങ്കിടും. വിദഗ്ധരായ ഫണ്ട് മാനേജർമാർ എല്ലാ ഘടകങ്ങളും പഠിച്ചും വിലയിരുത്തിയും ഗവേഷണം നടത്തിയുമാണ് ഈ പണം എവിടെ എങ്ങനെ എത്ര അനുപാതത്തിൽ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നത്. ചുരുക്കത്തിൽ വിദഗ്ധരുടെ സഹായത്തോെട നമ്മൾ നിക്ഷേപം നടത്തുന്നു.

നിക്ഷേപം തുടങ്ങാം

മ്യൂച്വൽ ഫണ്ടുകളിൽ എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) വഴി നിക്ഷേപം തുടങ്ങുന്നത് സാമ്പത്തിക അച്ചടക്കം വളർത്താനും ദീർഘകാലാടിസ്ഥാനത്തിൽ സമ്പാദ്യം കെട്ടിപ്പടുക്കാനും സഹായിക്കും. വലിയ തുക നിക്ഷേപിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണെങ്കിൽ 500 രൂപക്കുപോലും എസ്.ഐ.പി തുടങ്ങാം. നിക്ഷേപം തുടങ്ങുക എന്നതാണ് പ്രധാനം. ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്.

1. കൃത്യമായ ലക്ഷ്യം നിശ്ചയിക്കുക

എന്തിനുവേണ്ടിയാണ് നിക്ഷേപം എന്ന് ആദ്യം തീരുമാനിക്കുക. ഉദാഹരണത്തിന് കുട്ടികളുടെ വിദ്യാഭ്യാസം, വീട്, വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യം.

2. ശരിയായ ഫണ്ട് തിരഞ്ഞെടുക്കുക

വിപണിയിൽ പലതരം മ്യൂച്വൽ ഫണ്ടുകളുണ്ട്.

ഇക്വിറ്റി ഫണ്ടുകൾ: പണം പൂർണമായും കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നു. ദീർഘകാല നിക്ഷേപകർക്ക് അനുയോജ്യം. ഇതിൽതന്നെ ലാർജ് ക്യാപ് (വൻകിട കമ്പനികൾ), മിഡ് ക്യാപ്, സ്മോൾ ക്യാപ് എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട്.

ഡെബ്റ്റ് ഫണ്ടുകൾ: സർക്കാർ ബോണ്ടുകളിലും കോർപറേറ്റ് കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നു. റിസ്ക് കുറഞ്ഞതും സ്ഥിരതയാർന്നതുമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം.

ഹൈബ്രിഡ് ഫണ്ടുകൾ: ഓഹരികളിലും കടപ്പത്രങ്ങളിലും ഒരേപോലെ നിക്ഷേപിക്കുന്നു. ഇടത്തരം റിസ്ക് എടുക്കാൻ താൽപര്യമുള്ളവർക്ക് ഇത് തിരഞ്ഞെടുക്കാം.

ഇൻഡക്സ് ഫണ്ടുകൾ: നിഫ്റ്റി, സെൻസെക്സ് പോലുള്ള ഓഹരി സൂചികകളെ അതേപടി പിന്തുടരുന്ന ഫണ്ടുകളാണിവ. ഇതിൽ ഫണ്ട് മാനേജർ സ്വന്തം താൽപര്യപ്രകാരം ഓഹരികൾ തിരഞ്ഞെടുക്കുന്നില്ല.

3. നിക്ഷേപ കാലാവധി

ദീർഘകാലത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. വിപണിയിലെ ഏറ്റക്കുറച്ചിലുകളെ മറികടന്ന് കോമ്പൗണ്ടിങ്ങിന്റെ ഗുണം ലഭിക്കാൻ കുറഞ്ഞത് അഞ്ചുമുതൽ 10 വർഷം വരെയെങ്കിലും നിക്ഷേപം തുടരുന്നത് ഉചിതമായിരിക്കും.

4. ചെലവ് അനുപാതം

ഓരോ മ്യൂച്വൽ ഫണ്ട് സ്കീമും കൈകാര്യം ചെയ്യുന്നതിന് ഫണ്ട് ഹൗസുകൾ ഈടാക്കുന്ന തുകയാണിത്. കുറഞ്ഞ ചെലവ് അനുപാതമുള്ള ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ലാഭം വർധിപ്പിക്കും. ഡയറക്ട് പ്ലാനുകളാണ് റെഗുലർ പ്ലാനുകളെക്കാൾ ലാഭകരം.

5. സ്ഥിരതയും ട്രാക്ക് റെക്കോഡും

ഒരു ഫണ്ട് കഴിഞ്ഞ 3-5 വർഷങ്ങളിൽ എങ്ങനെ പ്രകടനം കാഴ്ചവെച്ചു എന്ന് നോക്കുക. വിപണി താഴേക്ക് പോയ സമയത്ത് ആ ഫണ്ട് എങ്ങനെ പ്രതികരിച്ചു എന്നത് പ്രധാനമാണ്. ഫണ്ട് ഹൗസിന്റെ വിശ്വാസ്യതയും മാനേജരുടെ പരിചയസമ്പത്തും പരിശോധിക്കണം.

6. പോർട്ട്‌ഫോളിയോ വൈവിധ്യം

എല്ലാ പണവും ഒരൊറ്റ ഫണ്ടിൽ നിക്ഷേപിക്കാതെ, വ്യത്യസ്ത മേഖലകളിലോ ഫണ്ട് വിഭാഗങ്ങളിലോ ആയി വിഭജിക്കുക.

ഓരോ വർഷവും നിങ്ങളുടെ വരുമാനം വർധിക്കുന്നതിനനുസരിച്ച് എസ്.ഐ.പി തുകയും ചെറിയ തോതിൽ കൂട്ടിക്കൊണ്ടുവരുന്നത് ലക്ഷ്യത്തിലേക്ക് വേഗം കൂട്ടും.

വിപണി ഇടിയുമ്പോൾ എസ്.ഐ.പി നിർത്തുന്നത് പലരും ചെയ്യുന്ന തെറ്റാണ്. താഴുന്ന സമയത്ത് കൂടുതൽ യൂനിറ്റുകൾ ലഭിക്കുമെന്നതിനാൽ നിക്ഷേപം തുടരുന്നതാണ് ലാഭകരം.

എസ്.ഐ.പി എങ്ങനെ തുടങ്ങും?

എസ്.ഐ.പി തുടങ്ങാൻ വളരെ എളുപ്പമാണ്. മൊബൈൽ ഫോൺ വഴി ഇപ്പോൾ ഇത് സാധിക്കും. പ്രധാനമായും താഴെ പറയുന്ന ഘട്ടങ്ങളാണ് അതിനുള്ളത്.

ആവശ്യമായ രേഖകൾ: പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (ചെക്ക് ലീഫ് അല്ലെങ്കിൽ പാസ് ബുക്ക്), ലിങ്ക് ചെയ്ത മൊബൈൽ നമ്പർ.

പ്ലാറ്റ്ഫോം തെരഞ്ഞെടുക്കുക: മൂന്ന് രീതിയിൽ എസ്.ഐ.പി തുടങ്ങാം.

മൊബൈൽ ആപ്പ് വഴി: ഗ്രോ, സെരോധ കോയ്ൻ, അപ്സ്ഇറ്റോക്സ, ഇ.ടി മണി തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കാം. ഇവയിൽ നേരിട്ട് നിക്ഷേപിക്കാം. കമീഷൻ നൽകേണ്ടതില്ല.

മ്യൂച്വൽ ഫണ്ട് കമ്പനികൾ വഴി: ഓരോ കമ്പനിയുടെയും (എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്, എച്ച്.ഡി.എഫ്.സി, കനറാ റൊബേക്കോ മുതലായവ) വെബ്സൈറ്റുകൾ വഴി നേരിട്ട് നിക്ഷേപിക്കാം.

ബാങ്കുകൾ വഴി: നിങ്ങളുടെ ബാങ്കിന്റെ നെറ്റ് ബാങ്കിങ് വഴിയോ നേരിട്ടോ തുടങ്ങാം. പക്ഷേ പലപ്പോഴും ഇവ ‘റെഗുലർ പ്ലാൻ’ ആയിരിക്കും, അതായത് നിങ്ങൾ കമീഷൻ നൽകേണ്ടിവരും.

കെ.വൈ.സി: മുകളിൽ പറഞ്ഞ ഏതെങ്കിലും ആപ് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ നൽകി ഓൺലൈനായി കെ.വൈ.സി പൂർത്തിയാക്കുക. ഇതിന് പണമൊന്നും നൽകേണ്ടതില്ല.

ഫണ്ട് തിരഞ്ഞെടുക്കുക: നിങ്ങളുടെ ലക്ഷ്യത്തിന് അനുയോജ്യമായ ഫണ്ട് (ഉദാഹരണത്തിന് ഒരു ഫ്ലെക്സി കാപ് ഫണ്ട് അല്ലെങ്കിൽ ഇൻഡക്സ് ഫണ്ട്) സെർച്ച് ചെയ്ത് കണ്ടെത്തുക.

എസ്.ഐ.പി ഓപ്ഷൻ തിരഞ്ഞെടുക്കുക: ‘ലംപ്സം’ (ഒറ്റത്തവണ നിക്ഷേപം), ‘എസ്.ഐ.പി’ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണാം. അതിൽ എസ്.ഐ.പി’ തിരഞ്ഞെടുക്കുക.

തുകയും തീയതിയും നിശ്ചയിക്കുക: പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം, മാസത്തിൽ ഏത് തീയതിയിൽ പണം അക്കൗണ്ടിൽനിന്ന് കുറയ്ക്കണം എന്നീ വിവരങ്ങൾ നൽകുക.

ബാങ്ക് മാൻഡേറ്റ്: നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത് ‘ഓട്ടോ പേ’ സൗകര്യം സെറ്റ് ചെയ്യുക. ഇതോടെ ഓരോ മാസവും നിശ്ചയിച്ച തീയതിയിൽ പണം അക്കൗണ്ടിൽനിന്ന് തനിയെ നിക്ഷേപിക്കപ്പെടും.

ആയിരങ്ങൾ കോടികളാക്കാം

നിങ്ങൾ പ്രതിമാസം 10,000 രൂപ എസ്.ഐ.പി ചെയ്യുന്നു എന്ന് കരുതുക. ശരാശരി 12 ശതമാന വാർഷിക ലാഭം ലഭിച്ചാൽ:

10 വർഷത്തിന് ശേഷം:

23 ലക്ഷം രൂപ (ഏകദേശം)

20 വർഷത്തിന് ശേഷം:

ഒരു കോടി (ഏകദേശം)

25 വർഷത്തിന് ശേഷം:

1.8 കോടി (ഏകദേശം)

(മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഓഹരി വിപണിയിലെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. അത് ലാഭം ഉറപ്പുനൽകുന്നില്ല. എന്നാൽ മുൻ വർഷങ്ങളിലെ ഫലം നോക്കുമ്പോൾ നിരവധി മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകർക്ക് നല്ല തോതിൽ ലാഭം നൽകിയിട്ടുണ്ട്. അതിനാൽ, നിക്ഷേപിക്കുന്നതിന് മുമ്പ് സ്കീം സംബന്ധിച്ച എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.)

റിട്ടയർമെന്റ് പ്ലാനുകൾ ഇപ്പോഴേ തുടങ്ങാം

റിട്ടയർമെന്റ് ലക്ഷ്യമിട്ടുള്ള ദീർഘകാല നിക്ഷേപത്തിന് (15-20 വർഷം അല്ലെങ്കിൽ അതിൽ കൂടുതൽ) ഏറ്റവും അനുയോജ്യം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ്. ദീർഘകാല നിക്ഷേപത്തിൽ വിപണിയിലെ ചാഞ്ചാട്ടങ്ങൾ കുറയുകയും ‘കോമ്പൗണ്ടിങ്’ വഴി വലിയൊരു തുക സമ്പാദിക്കാൻ സാധിക്കുകയും ചെയ്യും.

വിരമിക്കലിനായി പോർട്ട്‌ഫോളിയോ തയാറാക്കുമ്പോൾ താഴെ പറയുന്ന ഫണ്ട് വിഭാഗങ്ങൾ ശ്രദ്ധിക്കുക:

ലാർജ് ക്യാപ് ഫണ്ടുകൾ:

ഇന്ത്യയിലെ ഏറ്റവും വലിയ 100 കമ്പനികളിലാണ് ഇവ നിക്ഷേപിക്കുന്നത്. താരതമ്യേന റിസ്ക് കുറഞ്ഞതും സ്ഥിരതയുള്ളതുമായ വളർച്ച നൽകുന്നവയുമാണിത്. നിക്ഷേപത്തിന്റെ 40 ശതമാനം ഇതിൽ നിലനിർത്താം.

ഫ്ലെക്സി ക്യാപ് ഫണ്ടുകൾ:

ഫണ്ട് മാനേജർക്ക് സാഹചര്യത്തിനനുസരിച്ച് ചെറുതും വലുതുമായ ഏത് കമ്പനികളിലും നിക്ഷേപിക്കാൻ അനുവാദമുള്ള ഫണ്ടുകളാണിവ. ഇത് പോർട്ട്‌ഫോളിയോക്ക് നല്ലൊരു വൈവിധ്യം നൽകും.

മിഡ് ക്യാപ് / സ്മോൾ ക്യാപ് ഫണ്ടുകൾ വളർന്നുവരുന്ന കമ്പനികളിലാണ് ഇവ നിക്ഷേപിക്കുന്നത്. ദീർഘകാലത്തേക്ക് ഉയർന്ന ലാഭംനൽകാൻ ഇവക്ക് ശേഷിയുണ്ട്. എന്നാൽ റിസ്ക് കൂടുതലായതിനാൽ നിക്ഷേപത്തിന്റെ ഒരു ചെറിയ ഭാഗം (20-30 ശതമാനം) മാത്രം ഇതിലേക്ക് മാറ്റുന്നതാണ് ഉചിതം.

ഇൻഡക്സ് ഫണ്ടുകൾ

നിഫ്റ്റി 50, സെൻസെക്സ് പോലുള്ള സൂചികകളെ പിന്തുടരുന്ന ഫണ്ടുകളാണിവ. ഇതിൽ ചെലവ് അനുപാതം വളരെ കുറവായിരിക്കും. ദീർഘകാലത്തേക്ക് ഏറ്റവും സുരക്ഷിതമായ മാർഗങ്ങളിലൊന്നാണിത്.

ഡയറക്ട് പ്ലാനുകൾ:

ബ്രോക്കർമാർ വഴി അല്ലാതെ നേരിട്ട് നിക്ഷേപിക്കുന്നത് വഴി കമീഷൻ ഒഴിവാക്കാം. 20 വർഷം കൊണ്ട് ഇത് ലക്ഷങ്ങളുടെ വ്യത്യാസം ലാഭത്തിൽ ഉണ്ടാക്കും.

Tags:    
News Summary - Mutual Fund SIP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.