പാൻ കാർഡ് നമ്പർ കേവലം ചില അക്കങ്ങൾ മാത്രമല്ല; ഓരോ അക്കത്തിനും അക്ഷരത്തിനും പിന്നിലെ അർത്ഥമറിയാം

സാമ്പത്തിക ഇടപാടുകൾക്കും നികുതി ആവശ്യങ്ങൾക്കും രാജ്യത്ത് ഏറ്റവും അത്യന്താപേക്ഷിതമായ തിരിച്ചറിയൽ രേഖകളിലൊന്നാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ കാർഡ്. ആദായനികുതി വകുപ്പ് അനുവദിക്കുന്ന പാൻ കാർഡുകളിലെ 10 അക്ക ആൽഫാന്യൂമെറിക് (അക്ഷരങ്ങളും അക്കങ്ങളും ചേർന്ന) നമ്പർ വെറുമൊരു ക്രമനമ്പർ മാത്രമല്ല. ഓരോ വ്യക്തിയുടെയും സ്ഥാപനത്തിന്റെയും നികുതി സംബന്ധമായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനായി വളരെ ശാസ്ത്രീയമായ ഒരു ഫോർമാറ്റിലാണ് ആദായ നികുതി വകുപ് ഈ കോഡ് തയ്യാറാക്കുന്നത്.

ആദ്യത്തെ മൂന്ന് അക്ഷരങ്ങൾ (AAA മുതൽ ZZZ വരെ)

പാൻ നമ്പറിലെ ആദ്യ മൂന്ന് സ്ഥാനങ്ങൾ ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളാണ് (ഉദാഹരണത്തിന്: ABC, BXP മുതലായവ). 'AAA' മുതൽ 'ZZZ' വരെയുള്ള അക്ഷര ശ്രേണിയിൽ നിന്ന് സിസ്റ്റം യാദൃച്ഛികമായി ജനറേറ്റ് ചെയ്യുന്നതാണ് ഈ കോമ്പിനേഷൻ. പാൻ കാർഡ് നമ്പറുകൾ പരസ്പരം മാറിപ്പോകാതിരിക്കാനും അവയ്ക്ക് ഒരു പ്രത്യേകത നൽകാനുമാണ് ഈ മൂന്നക്ക ആൽഫാബെറ്റിക് സീരീസ് നൽകുന്നത്.

നാലാമത്തെ അക്ഷരം: കാർഡുടമയുടെ തരം

പാൻ നമ്പറിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. കാർഡുടമ ഒരു വ്യക്തിയാണോ അതോ ഏതെങ്കിലും കമ്പനിയോ ട്രസ്റ്റോ ആണോ എന്ന് തിരിച്ചറിയുന്നത് ഈ അക്ഷരം വഴിയാണ്.

P - വ്യക്തികൾ

C - കമ്പനികൾ

H - ഹിന്ദു അവിഭക്ത കുടുംബം (എച്ച്.യു.എഫ്)

F - പാർട്ണർഷിപ്പ് ഫേം

A - അസോസിയേഷൻ ഓഫ് പേഴ്സൺസ്

T - ട്രസ്റ്റ്

B - ബോഡി ഓഫ് ഇൻഡിവിജ്വൽസ്

G - സർക്കാർ ഏജൻസികൾ

L - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

J - ആർട്ടിഫിഷ്യൽ ജുഡീഷ്യൽ പേഴ്സൺ

സാധാരണ പൗരന്മാരുടെ പാൻ കാർഡിൽ നാലാമത്തെ അക്ഷരം എപ്പോഴും ‘P’ ആയിരിക്കും.

അഞ്ചാമത്തെ അക്ഷരം: കുടുംബപ്പേര് അല്ലെങ്കിൽ സ്ഥാപനത്തിന്റെ പേര്

പാൻ കാർഡ് ഉടമയുടെ ഐഡന്റിറ്റി വ്യക്തമാക്കുന്നതാണ് അഞ്ചാമത്തെ അക്ഷരം. കാർഡുടമ ഒരു വ്യക്തിയാണെങ്കിൽ, അവരുടെ ഔദ്യോഗിക കുടുംബപ്പേര് അഥവാ സർനെയിമിന്റെ ആദ്യ അക്ഷരമായിരിക്കും ഇവിടെ വരുന്നത്. ഉദാഹരണത്തിന്, 'രാഹുൽ കുമാർ' എന്ന പേരുള്ളയാളുടെ പാൻ കാർഡിലെ അഞ്ചാമത്തെ അക്ഷരം കുമാർ എന്നതിന്റെ ആദ്യക്ഷരമായ ‘K’ ആയിരിക്കും. കാർഡുടമ ഒരു സ്ഥാപനമോ കമ്പനിയോ ട്രസ്റ്റോ ആണെങ്കിൽ, ആ സ്ഥാപനത്തിന്റെ പേരിന്റെ ആദ്യ അക്ഷരമായിരിക്കും നൽകുക.

അടുത്ത നാല് അക്കങ്ങൾ (0001 മുതൽ 9999 വരെ)

അഞ്ചാമത്തെ അക്ഷരത്തിന് ശേഷം വരുന്നത് നാല് അക്കങ്ങളാണ്. 0001 മുതൽ 9999 വരെയുള്ള സംഖ്യാ ശ്രേണിയിൽ നിന്നുള്ള തുടർച്ചയായ ക്രമനമ്പറുകളാണിത്. ആ സമയത്ത് നിലവിലുള്ള സീരീസിനെ അടിസ്ഥാനമാക്കിയാണ് സിസ്റ്റം ഈ അക്കങ്ങൾ നിശ്ചയിക്കുന്നത്.

പത്താമത്തെ അക്ഷരം: ചെക്ക് ഡിജിറ്റ്

പാൻ കാർഡിലെ ഏറ്റവും അവസാനത്തെ അക്ഷരം 'ആൽഫാബെറ്റിക് ചെക്ക് ഡിജിറ്റ്' എന്നറിയപ്പെടുന്നു. ഒരു പ്രത്യേക ഗണിതശാസ്ത്ര അൽഗോരിതം ഉപയോഗിച്ചാണ് കമ്പ്യൂട്ടർ ഈ അക്ഷരം ജനറേറ്റ് ചെയ്യുന്നത്. പാൻ നമ്പർ കൃത്യമാണോയെന്നും വ്യാജമായി നിർമ്മിച്ചതാണോയെന്നും തത്സമയം പരിശോധിച്ച് ഉറപ്പുവരുത്താൻ ഈ അവസാന അക്ഷരം സഹായിക്കുന്നു.

Tags:    
News Summary - What Does Your 10-Digit PAN Card Number Mean? Decoded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.