തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ പണമിടപാട് നടത്തുന്നവരിൽ 73.3 ശതമാനം ആശ്രയിക്കുന്നത് യു.പി.ഐയെ സംവിധാനങ്ങളെയെന്ന് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ (എൻ.എസ്.ഒ) സർവേ റിപ്പോർട്ട്. 0.2 ശതമാനം പേർ മാത്രമാണ് ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നത്. 26.4 ശതമാനം പേർ ഇവ രണ്ടും ഉപയോഗിക്കുന്നു. കാർഡ് ഉരസി പണിമടപാട് നടത്താവുന്ന പോയന്റ് ഓഫ് സെയിൽ (പി.ഒ.എസ്) മെഷീനുകളുടെയും എണ്ണം വലിയ തോതിൽ കുറഞ്ഞു. ഇന്ധന പമ്പുകളിലടക്കം യു.പി.ഐ പ്ലാറ്റ്ഫോമുകൾക്കാണ് പ്രചാരമേറെ.
യു.പി.ഐ പണമിടപാടുകളിൽ പുരുഷൻമാരേക്കാൾ സ്ത്രീകളാണ് മുന്നിലെന്നതാണ് കൗതുകരമായ കാര്യം. 71.9 ശതമാനമാണ് പുരുഷൻമാരുടെ യു.പി.ഐ ആശ്രയത്വമെങ്കിൽ സ്ത്രീകളിൽ ഇത് 74.9 ആണ്. 63.1 ശതമാനം നഗരവാസികളും സ്കാൻ ചെയ്ത് പണമിടപാട് നടത്തുമ്പോൾ ഗ്രാമങ്ങളിൽ ഇത് 56.8 ശതമാനമാണ്. സംസ്ഥാന ജനസംഖ്യയിൽ 15 വയസ്സിന് മുകളിലെ 60 ശതമാനം പേർക്കും സ്മാർട്ട് ഫോണോ, കമ്പ്യൂട്ടറോ വഴി ഡിജിറ്റൽ പണമിടപാട് നടത്താൻ പരിജ്ഞാനമുള്ളവരാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഇക്കാര്യത്തിലെ ദേശീയ ശരാശരി 48.9 ശതമാനമാണ്.
വീടുകളിലെ ഇന്റർനെറ്റ് ലഭ്യതയുടെ കാര്യത്തിലും കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. കേരളത്തിലെ 91.7 ശതമാനം വീടുകളിലും ഇന്റർനെറ്റ് സൗകര്യമുണ്ട്. ഇക്കാര്യത്തിലെ ദേശീയ ശരാശരി 86.3 ശതമാനമാണ്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ 89.6 ശതമാനവും നഗരപ്രദേശങ്ങളിലും 93.6 ആണ് ഇന്റർനെറ്റ് കണക്ടിവിറ്റി. 82 ശതമാനത്തിനും സ്മാർട്ട് ഫോണുണ്ട്. 16.6 ശതമാനമാണ് സ്മാർട്ടല്ലാത്ത ഫോണുകൾ ഉപയോഗിക്കുന്നത്. 1.4 ശതമാനവും രണ്ടും ഉപയോഗിക്കുന്നു. ഇതെല്ലാം അവകാശപ്പെടുമ്പോഴും ഇന്റർനെറ്റ് ലഭ്യതയുടെ കാര്യത്തിൽ കേരളം 12 ാം സ്ഥാനത്താണെന്നതും കാണണം.
കേരളത്തിൽ 70.85 ശതമാനത്തിനും ഇ-മെയിൽ വഴി സന്ദേശമയക്കാനുള്ള പ്രാപ്തിയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിലെ ദേശീയ ശരാശരി 63.6 ശതമാനാണ്. കേരളത്തിൽ സർവേയിൽ പങ്കെടുത്ത 30.5 ശതമാനം പേരും ഓൺലൈൻ പർച്ചെയ്സ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരാണ് (ദേശീയ ശരാശരി 24.5 ശതമാനം). ഇതിൽ 9.1 ശതമാനം ആഹാര സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ 27 ശതമാനവും ഭക്ഷണേതര സാധനങ്ങൾക്കാണ് ഇ-കൊമേഴ്സ്യൽ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.