വാഷിങ്ടൺ: ഇസ്രായേലിന്റെ ഡെബ്റ്റ് റേറ്റിങ് കുറക്കുന്നത് പരിഗണിക്കുകയാണെന്ന് റേറ്റിങ് ഏജൻസിയായ മൂഡീസ്. ഗസ്സ ആക്രമണത്തിനിടെയാണ് ഇസ്രായേലിന്റെ റേറ്റിങ് കുറക്കുന്നതിനുള്ള നടപടികളുമായി മൂഡീസ് മുന്നോട്ട് പോകുന്നത്.
ഇസ്രായേലിന് വിദേശ, പ്രാദേശിക കറൻസികൾ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് എ1 റേറ്റിങ്ങാണ് മൂഡീസ് നൽകിയിരിക്കുന്നത്. ഇത് കുറക്കണോയെന്ന കാര്യത്തിലാണ് പരിശോധന.
ഫിച്ച് റേറ്റിങ്ങും സമാനമായ മുന്നറിയിപ്പ് ഇസ്രായേലിന് നൽകിയിരുന്നു. ഇസ്രായേലിന്റെ ക്രെഡിറ്റ് സ്കോർ ഫിച്ച് കുറച്ചിരുന്നു. വിവിധ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും ഇസ്രായേലിന്റെ റേറ്റിങ് പ്രധാന കമ്പനികളൊന്നും കുറച്ചിരുന്നില്ല. ഗസ്സ ആക്രമണത്തിന് മുമ്പ് തന്നെ ഇസ്രായേലിന്റെ റേറ്റിങ് കടുത്ത പ്രതിസന്ധിയിലായിരുന്നു.
നീതിന്യായ വ്യവസ്ഥയെ ദുർബലമാക്കാനുള്ള ഇസ്രായേൽ സർക്കാർ നടപടികൾ സമ്പദ്‍വ്യവസ്ഥയേയും ബാധിച്ചിരുന്നു. ഇതാണ് രാജ്യത്തിന്റെ റേറ്റിങ്ങിനെ കടുത്ത പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ ഇസ്രായേലിന്റെ റേറ്റിങ് പോസിറ്റീവിൽ നിന്നും സ്റ്റേബിൾ എന്നതിലേക്ക് മൂഡിസ് കുറച്ചിരുന്നു. ഇസ്രായേലിന്റെ ബോണ്ടുകൾ വിവിധ വിപണികളിൽ മോശം പ്രകടനമാണ് നടത്തുന്നത്.
അഭയാർഥി ക്യാമ്പുകളടക്കം ഗസ്സ നിവാസികളുടെ താമസകേന്ദ്രങ്ങൾ നിലംപരിശാക്കി ഇസ്രായേലിന്റെ ക്രൂരത തുടരുകയാണ്. വടക്കൻ ഗസ്സയിൽനിന്ന് താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വടക്കുഭാഗത്തേക്ക് നീങ്ങിയവർക്കു നേരെയാണ് വ്യോമാക്രമണം തുടരുന്നത്. ഗസ്സയുടെ ഒരു ഭാഗവും സുരക്ഷിതമല്ലെന്ന് ഇസ്രായേൽ പറയുന്നു. ഇതിനിടെ, കരയാക്രമണം ആസന്നമാണെന്ന മുന്നറിയിപ്പും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് കഴിഞ്ഞദിവസം നൽകിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.