വായ്പയെടുത്തവർക്ക് തിരിച്ചടി; ആർ.ബി.​ഐ പലിശനിരക്ക് ഉയർത്തിയതോടെ ഇ.എം.ഐ ഉയരും

ന്യൂഡൽഹി: ആർ.ബി.ഐ റിപ്പോ നിരക്കിൽ വർധന വരുത്തിയതോടെ ഗാർഹിക, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ഉയരും. ഇന്ന് വായ്പ പലിശയിൽ 35 ബേസിക് പോയിന്റിന്റെ വർധനയാണ് ആർ.ബി.ഐ വരുത്തിയത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 190 ബേസിക് പോയിന്റിന്റെ വർധനയാണ് പലിശനിരക്കിൽ ആർ.ബി.ഐ വരുത്തിയത്. മേയിൽ 40 ബേസിക് പോയിന്റും ജൂൺ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 50 ബേസിക് പോയിന്റിന്റെയും വർധന ആർ.ബി.ഐ വരുത്തി.

ഇതോടെ ഗാർഹിക, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ഉയരാൻ കളമൊരുങ്ങിയിരിക്കുകയാണ്. വായ്പകളുടെ പലിശ നിരക്കോ തിരിച്ചടവ് കാലാവധിയോ ഉയർന്നേക്കും. രാജ്യത്തെ ബഹുഭൂരിപക്ഷം ബാങ്കുകളും അവരുടെ ഭവന, വാഹന വായ്പകളുടെ പലലിശനിരക്ക് ആർ.ബി.ഐയുടെ റിപ്പോ നിരക്കുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. റിപ്പോ നിരക്ക് കൂടിയാൽ അതിന് അനുസരിച്ച് വായ്പ പലിശയും ഉയരും.

റിപ്പോ നിരക്കിൽ 35 ബേസിക് പോയിന്റിന്റെ വർധനയാണ് വരുത്തിയത്. ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ലെന്നും ആർ.ബി.ഐ വിലയിരുത്തി. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ പ്രതീക്ഷിച്ച നിരക്കിലേക്ക് പണപ്പെരുപ്പമെത്തിക്കാൻ സാധിച്ചിട്ടില്ലെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക് ആർ.ബി.ഐ കുറച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ 6.8 ശതമാനം നിരക്കിൽ ഇന്ത്യയിൽ സാമ്പത്തിക വളർച്ചയുണ്ടാവുമെന്നാണ് ആർ.ബി.ഐ പ്രവചനം. നേരത്തെ ഏഴ് ശതമാനം നിരക്കിൽ സാമ്പത്തിക വളർച്ചയുണ്ടാവുമെന്നായിരുന്നു ആർ.ബി.ഐ പ്രവചിച്ചിരുന്നത്.

Tags:    
News Summary - Home Loan, Car Loan EMIs to Increase as RBI Hikes Repo Rate by 35 bps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.