ജി.എസ്.ടി അപ്പീൽ സമയത്ത് സമർപ്പിക്കുക

നികുതി നിയമങ്ങൾ പാലിക്കുന്നത് വ്യാപാരിയുടെ ബാധ്യത മാത്രമല്ല, സ്വന്തം വ്യാപാരത്തിന്റെ സുരക്ഷക്കും അനിവാര്യവുമാണ്. ചരക്കുസേവന നികുതി (ജി.എസ്.ടി) നിയമപ്രകാരം, നികുതി ഓഫിസർ പുറപ്പെടുവിക്കുന്ന ഏതെങ്കിലും ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കാനുള്ള വ്യക്തമായ നിയമാവകാശം നികുതിദായകർക്കുണ്ട്. എന്നാൽ, ഈ അവകാശം സമയപരിധിക്കുള്ളിൽ പ്രയോഗിക്കുമ്പോഴാണ് ഫലപ്രദമാകുക.

ജി.എസ്.ടി നിയമപ്രകാരം ലഭിക്കുന്ന ഉത്തരവുകൾക്കെതിരെ നിശ്ചിത സമയപരിധിക്കുള്ളിൽ അപ്പീൽ സമർപ്പിക്കാത്ത വ്യാപാരികൾ ഇന്ന് നിയമത്തിന്റെ കുരുക്കിലാണ്. അപ്പീൽ സമർപ്പിക്കാതിരുന്നതിലൂടെ റവന്യൂ റിക്കവറി നടപടികളും നിയമപ്രശ്നങ്ങളും നേരിടേണ്ടിവന്ന നിരവധി സംഭവങ്ങളുണ്ട്. സമയബന്ധിതമായ അപ്പീൽ സമർപ്പണം വ്യാപാരികളുടെ സാമ്പത്തിക സുരക്ഷക്കും നിയമപരമായ സംരക്ഷണത്തിനും അനിവാര്യമാണ്.

നിയമപ്രകാരം അപ്പീൽ സമർപ്പിക്കാം

സി.ജി.എസ്.ടി നിയമം വകുപ്പ് 107, ചട്ടം 108 പ്രകാരം, ജി.എസ്.ടി ഓഫിസറുടെ ഉത്തരവ് അല്ലെങ്കിൽ തീരുമാനത്തിൽ തൃപ്തനല്ലാത്ത നികുതിദായകർ. ഉത്തരവ് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കണം. താമസം സംഭവിച്ചാൽ, അധികാരപ്പെട്ട അപ്പീൽ അതോറിറ്റി പരമാവധി ഒരുമാസം കൂടി സമയം അനുവദിക്കാം. അതിനുശേഷമുള്ള അപ്പീൽ നിയമപരമായി അസാധുവായിരിക്കും.

അപ്പീൽ ആദ്യം, കോടതി പിന്നീട്

നികുതി ഉത്തരവുകൾക്കെതിരെ നേരിട്ട് ഹൈകോടതിയിൽ റിട്ട് ഹരജി സമർപ്പിക്കുന്നത് ആദ്യ പരിഹാരമാർഗം അല്ലെന്ന് ഡൽഹി ഹൈകോടതി സമീപകാലത്ത് വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരി മുമ്പാകെ അപ്പീൽ സമർപ്പിച്ച് നീതി തേടാനാണ് കോടതി നിർദേശിച്ചത്.

അപ്പീൽ ഫയൽ ചെയ്യാതിരിക്കാൻ ശ്രമിക്കുന്നത് നീതി നഷ്ടപ്പെടാനും സാമ്പത്തിക തകർച്ചയിലേക്കും നയിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ‘മീന ചൗള Vs യൂനിയൻ ഓഫ് ഇന്ത്യ’ എന്ന കേസിലാണ് ഡൽഹി ഹൈകോടതി ഈ നിർദേശം നൽകിയത്.

അപ്പീൽ സമർപ്പിക്കാത്തതിന്റെ ഫലങ്ങൾ

അപ്പീൽ, സമയത്ത് സമർപ്പിക്കാത്തതോടെ ഉത്തരവ് അന്തിമമാകുകയും വകുപ്പ് റവന്യൂ റിക്കവറി നിയമ പ്രകാരം പിരിവ് നടപടികൾ ആരംഭിക്കുകയും ചെയ്യുന്നു. അതുവഴി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടേക്കാം, സ്വത്തുകൾ കണ്ടുകെട്ടാം, വാഹനങ്ങൾ, ഭൂമി തുടങ്ങിയവ ലേലം ചെയ്യപ്പെടാം, വ്യാപാര അനുമതികൾക്കും പുതുക്കലുകൾക്കും തടസ്സങ്ങൾ നേരിടേണ്ടിവരാം. ഇതെല്ലാം വ്യാപാരത്തിന്റെ സാമ്പത്തിക നിലയെയും വിശ്വാസ്യതയെയും നേരിട്ട് ബാധിക്കും.

  • അപ്പീൽ സമർപ്പിക്കാവുന്ന ഉത്തരവുകൾ
  • നിയമപരമായ ഓഫിസറുടെ ഉത്തരവുകൾ
  • രജിസ്ട്രേഷൻ റദ്ദാക്കൽ അല്ലെങ്കിൽ നിരസിക്കൽ ഉത്തരവ്
  • റി ഫണ്ട് നിരസിക്കൽ ഉത്തരവ്
  • ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് നിരസിക്കൽ ഉത്തരവ്
  • നികുതി/പിഴ സംബന്ധിച്ച ഉത്തരവ്

അപ്പീൽ സമർപ്പിക്കൽ മാർഗം

ജി.എസ്.ടി വെബ്സൈറ്റ് (www.gst.gov.in) വഴി ഓൺലൈനായി അപ്പീൽ സമർപ്പിക്കാം. അവിടെ ഉത്തരവിന്റെ നമ്പർ, അപ്പീൽ കാരണങ്ങൾ, അനുബന്ധ രേഖകൾ എന്നിവ സമർപ്പിച്ചാൽ രസീത് ലഭിക്കും. അപ്പീൽ ഫയൽ ചെയ്യുമ്പോൾ തർക്ക നികുതിയുടെ 10 ശതമാനം അല്ലെങ്കിൽ പിഴയുടെ 10 ശതമാനം മുൻകൂട്ടി അടയ്‌ക്കണം. ഉദാഹരണം: തർക്കത്തിലുള്ള നികുതി ഒരു ലക്ഷം രൂപയാണെങ്കിൽ 10,000 അടയ്‌ക്കണം. അപ്പീൽ അന്തിമ ഫലം നിങ്ങൾക്കു അനുകൂലമാണെങ്കിൽ ഈ തുക തിരിച്ചുകിട്ടും

ജാഗ്രത പാലിക്കുക - നിയമം അറിയുക

വകുപ്പിൽനിന്നുള്ള കാരണം കാണിക്കൽ നോട്ടീസ്, അസസ്മെന്റ് ഉത്തരവ്, ഡിമാന്റ് ഉത്തരവ് തുടങ്ങിയ രേഖകൾ ശ്രദ്ധാപൂർവം വായിക്കുക. താമസം, അനാസ്ഥ, അല്ലെങ്കിൽ ‘ഇനി നോക്കാം’ എന്ന സമീപനം വലിയ സാമ്പത്തിക ബാധ്യതകളിലേക്കാണ് നയിക്കുന്നത്. അതിനാൽ ഉത്തരവ് ലഭിച്ചയുടൻ, അതിന്റെ തുടർ നടപടികൾ ചെയ്യാൻ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ താമസിയാതെ ഒരു ടാക്സ് കൺസൾട്ടന്റിനെയോ നിയമ വിദഗ്ധനെയോ സമീപിക്കുക.

റിട്ടേൺ സമയത്ത് ഫയൽ ചെയ്യുക

ജി.എസ്.ടി റിട്ടേൺ സമയത്ത് ഫയൽ ചെയ്യൽ നിർബന്ധമാണ്. താമസിച്ചാൽ സാമ്പത്തിക നഷ്ടവും നിയമപ്രശ്നങ്ങളും ഉണ്ടാകും. താമസിച്ചാൽ പിഴ, പലിശ, ഐ.ടി.സി നഷ്ടം, ഇ വേ ബിൽ തടസ്സം നിരവധി പ്രത്യാഘാതങ്ങൾ വരും. താമസിച്ചാൽ ദിവസപ്പിഴ 20 മുതൽ 50 രൂപവരെയാണ്. 18 ശതമാനം വരെ പലിശയുമുണ്ടാകും. സമയപരിധി കഴിഞ്ഞാൽ ഐ.ടി.സി ക്രെഡിറ്റ് നഷ്ടമാകും.

Tags:    
News Summary - GST appeal submission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.