ആധാർ മുതൽ 2000 രൂപ നോട്ട് വരെ; ഒക്ടോബർ ഒന്ന് മുതൽ ജനങ്ങളെ ബാധിക്കുന്ന ആറ് സാമ്പത്തിക മാറ്റങ്ങൾ

ന്യൂഡൽഹി: പേഴ്സണൽ ഫിനാൻസിൽ ഒക്ടോബർ ഒന്ന് മുതൽ ചില മാറ്റങ്ങൾ വരികയാണ്. മ്യൂച്ചൽ ഫണ്ട് ഫോളിയോ കളുടേയും, ഡിമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകളുടേയും നോമിനിയെ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. വിദേശരാജ്യങ്ങളിൽ പുതിയ ടി.സി.എസ് നിയമങ്ങൾ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള അവസാന തീയതിയും സെപ്റ്റംബർ 30 ആണ്.

ഒക്ടോബർ ഒന്ന് മുതൽ പേഴ്സണൽ ഫിനാൻസിൽ വരുന്ന മാറ്റങ്ങൾ

1.മ്യൂച്ചൽ ഫണ്ടുകളുടെ നോമിനി ചേർക്കൽ

നിലവിലുള്ള മ്യൂച്ചൽ ഫണ്ട് ​ഫോളിയോകൾക്ക് നോമിനി ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. രണ്ട് പേർ ഒരുമിച്ചുള്ള ഫണ്ടുകൾക്കും ഇത്തരത്തിൽ നോമിനി ചേർക്കണം. സെപ്റ്റംബർ 30ന് ശേഷവും നോമിനി ചേർത്തില്ലെങ്കിൽ ഫണ്ടുകൾ മരവിപ്പിക്കും.

2.പുതിയ ടി.സി.എസ് നിയമങ്ങൾ

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഏഴ് ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാട് നടത്തിയാൽ ഒക്ടോബർ ഒന്ന് ഒന്ന് മുതൽ 20 ശതമാനം ടി.സി.എസായി നൽകേണ്ടി വരും. അതേസമയം, പണം ചെലവഴിക്കുന്നത് വിദ്യാഭ്യാസ-ആരോഗ്യ ആവശ്യങ്ങൾക്കാണെങ്കിൽ ഏഴ് ലക്ഷത്തിന് മുകളിലുള്ള തുകക്ക് അഞ്ച് ശതമാനം ടി.സി.എസ് നൽകിയാൽ മതിയാകും.

3. ഡിമാറ്റ്, ട്രേഡിങ് അക്കൗണ്ടുകൾക്കുള്ള നോമിനേഷൻ

ഓഹരി വിപണിയിൽ ഡിമാറ്റ്, ട്രേഡിങ് അക്കൗണ്ടുകൾക്ക് നോമിനേഷൻ ചേർക്കാനുള്ള അവസാന തീയതിയും സെപ്റ്റംബർ 30 ആണ്. ഇതിന് ശേഷവും നോമിനേഷൻ ചേർത്തില്ലെങ്കിൽ അക്കൗണ്ടുകൾ ഫ്രീസാവും. ഇതുസംബന്ധിച്ച് 2021 ജൂലൈ 23നാണ് സെബി ഉത്തരവിറക്കിയത്. 2023 മാർച്ച് 31നകം നോമിനി ചേർക്കണമെന്നായിരുന്നു ഉത്തരവ്. പിന്നീട് ഇത് സെപ്റ്റംബർ വരെ ദീർഘിപ്പിക്കുകയായിരുന്നു.

4. സേവിങ്സ് അക്കൗണ്ടുകൾക്ക് ആധാർ കാർഡ്

പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപം, മറ്റ് ചെറുകിട നിക്ഷേപ പദ്ധതികൾ എന്നിവയിൽ പണം നിക്ഷേപിച്ചിട്ടുള്ളവർ സെപ്റ്റംബർ 30നകം ആധാർ വിവരങ്ങൾ നൽകണം. ബാങ്കിലോ പോസ്റ്റ്ഓഫീസിലോ എത്തി വിവരങ്ങൾ കൈമാറിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

5.2000 രൂപ നോട്ട് മാറ്റിവാങ്ങൽ

2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാനുള്ള അവസാന തീയതിയും സെപ്റ്റംബർ 30 ആണ്. കഴിഞ്ഞ ​മെയിലാണ് 2000 രൂപ നോട്ടുകൾ ആർ.ബി.ഐ പിൻവലിച്ചത്. ഇത് മാറ്റിവാങ്ങാൻ സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിരുന്നു.

6. സർക്കാർ ജോലികൾക്ക് ജനന സർട്ടിഫിക്കറ്റ്

ആധാറിനും സർക്കാർ ജോലിക്കുമുള്ള  ഒറ്റരേഖ ഇനി ജനന സർട്ടിഫിക്കറ്റാകും. ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ മാറ്റം വരുത്തിയതോടെയാണ് ഇത്.

Tags:    
News Summary - From Rs 2000 Notes To Birth Certificate, These 6 Big Changes Will Impact Your Financial Life From Oct 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.