ഇസ്രായേൽ-ഹമാസ് സംഘർഷം ആഗോള സമ്പദ്‍വ്യവസ്ഥക്ക് വൻ തിരിച്ചടിയുണ്ടാക്കുമെന്ന് ലോകബാങ്ക് പ്രസിഡന്റ്

ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് സംഘർഷം ആഗോള സമ്പദ്‍വ്യവസ്ഥക്ക് വൻ തിരിച്ചടിയുണ്ടാക്കുമെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബാംഗ. ആഗോള സമ്പദ്‍വ്യവസ്ഥയുടെ വികസനത്തെ സംഘർഷം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ റിയാദിൽ നടന്ന നിക്ഷേപക സംഘമത്തിൽ പ്രസംഗിക്കു​മ്പോൾ പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ലോകം അപകടകരമായ ഒരു ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. ഒരുപാട് സംഭവിവകാസങ്ങൾ ലോകത്ത് നടക്കുന്നു. അതിൽ വിവിധ യുദ്ധങ്ങളും ഉൾപ്പെടുന്നു. ഇസ്രായേലിലും ഗസ്സയിലും എന്താണ് നടന്നതെന്ന് നിങ്ങൾ കണ്ടു. ഈയൊരു സാഹചര്യത്തിൽ ആഗോള സമ്പദ്‍വ്യവസ്ഥക്കുണ്ടാവുന്ന ആഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യു.എസ് സമ്പദ്‍വ്യവസ്ഥയെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. യു.എസിൽ ട്രഷറി വരുമാനം അഞ്ച് ശതമാനം കടന്നിരിക്കുകയാണ്. ഇങ്ങനെയൊന്ന് ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ. നിഴൽ പോലെ സമ്പദ്‍വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ടെന്നും അജയ് ബാംഗ കൂട്ടിച്ചേർത്തു.

അതിനിടെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൊലപാതകം 5,100 കവിഞ്ഞു. ഇന്ന് പുലർച്ചെ അൽ ശത്തി അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 12 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേർ വനിതകളുമാണ്. 15,275ലേറെ പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബന്ദികളായ രണ്ട് പേരെ കൂടി ഹമാസ് ഇന്ന് മോചിപ്പിച്ചു. ബന്ദികളായ യോഷെവെദ് ലിഫ്ഷിറ്റ്‌സ് (85), നൂറ് കൂപ്പർ (79) എന്നിവരെയാണ് ഇന്നലെ മോചിപ്പിച്ചത്. ഇവരെ റെഡ്ക്രോസിനാണ് കൈമാറിയത്. “അവർ ഉടൻ തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങിയെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” -റെഡ്ക്രോസ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രണ്ട് വനിതകളെ മോചിപ്പിച്ചിരുന്നു. അമേരിക്കൻ പൗരത്വമുള്ള ജൂഡിത്ത് റാണൻ, മകൾ നതാലി എന്നിവരെയാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെത്തുടർന്ന് ഹമാസ് അന്ന് മോചിപ്പിച്ചത്.

അതേസമയം, ഇസ്രായേലിന് പുറമെ മറ്റൊരു രാജ്യത്തിന്റെ കൂടി പൗരത്വമുള്ള 50 ബന്ദികളെ വിട്ടയക്കാൻ ഹമാസ് സന്നദ്ധത അറിയിച്ചതായി ഇസ്രായേൽ റേഡിയോ പറഞ്ഞു. മുഴുവൻ ബന്ദികളെയും മോചിപ്പിച്ച ശേഷം ചർച്ചയാകാമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെടിനിർത്തലിന് ഉപാധി വെച്ചിരിക്കുന്നത്.

Tags:    
News Summary - 'Dangerous juncture': World Bank chief Ajay Banga warns of Israel-Gaza war's economic fallout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.