വാഷിങ്ടൺ: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വിമാന നിർമാണ കമ്പനിയായ ബോയിങ്. ഇതോടെ 777x ജെറ്റ് വിമാനം പുറത്തിറക്കുന്നത് ബോയിങ് വൈകിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് അയച്ച കുറിപ്പിൽ പിരിച്ചുവിടൽ ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്.
ബോയിങ്ങിൽ തുടരുന്ന സമരവും വിമാനകമ്പനിക്ക് പ്രതിസന്ധിയാവുന്നുണ്ടെന്ന് സി.ഇ.ഒ സമ്മതിച്ചിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തികസ്ഥിതി മോശമാണെന്ന് വ്യക്തമാക്കിയ സി.ഇ.ഒ 737 മാക്സ്, 767, 777 വിമാനങ്ങളുടെ വിതരണം കമ്പനി വൈകിപ്പിക്കുമെന്നും അറിയിച്ചു.
പുതിയ സാഹചര്യത്തിൽ ആകെ ജീവനക്കാരുടെ 10 ശതമാനത്തെ ഒഴിവാക്കാൻ കമ്പനി നിർബന്ധിതരായിക്കുകയാണ്. എക്സിക്യൂട്ടീവ്, മാനേജർമാർ, ജീവനക്കാർ എന്നിവരെ ഒഴിവാക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നും ബോയിങ് സി.ഇ.ഒ വിശദീകരിച്ചു.
അതേസമയം, ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ ബോയിങ്ങിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായി. 1.7 ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിലയിൽ ഉണ്ടായത്.
നിലവിലെ സാഹചര്യത്തിൽ 777എക്സ് ജെറ്റ് വിമാനങ്ങളുടെ വിതരണം 2026ൽ മാത്രമേ ഉണ്ടാവുവെന്നാണ് ബോയിങ് അറിയിക്കുന്നത്. ഈ മോഡൽ വിമാനങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ബോയിങ് പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ പ്രതിസന്ധിയേയും കമ്പനി നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.