വ്യവസായിയും ഓഹരി നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു

മുംബൈ: വ്യവസായിയും ഓഹരി നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല(62) അന്തരിച്ചു. മുംബൈയിലെ ബ്രെച്ച് കാൻഡി ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 6.45നായിരുന്നു അന്ത്യം. 1985ൽ 5000 രൂപയുമായി ഓഹരി വിപണിയിൽ ഇറങ്ങി വൻ നേട്ടമുണ്ടാക്കിയ വ്യക്തിയാണ് രാകേഷ് ജുൻജുൻവാല. ഫോബ്സിന്റെ കണക്കനുസരിച്ച് ഏ​കദേശം 5.5 ബില്യൺ ഡോളറാണ് ജുൻജുൻവാലയുടെ നിലവിലെ ആസ്തി.

അടുത്തിടെ രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ വിമാനകമ്പനിക്കും തുടക്കം കുറിച്ചിരുന്നു. ജുൻജുൻവാലയുടെ ഉടമസ്ഥതയിലുള്ള ആകാശ എയർ കഴിഞ്ഞ ദിവസമാണ് സർവീസ് ആരംഭിച്ചത്. അപ്ടെക് ലിമിറ്റഡ്, ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയിൻമെന്റ് തുടങ്ങി നിരവധി കമ്പനികളുടെ ചെയർമാൻ സ്ഥാനത്ത് രാകേഷ് ജുൻജുൻവാലയുണ്ട്. 

ബിഗ് ബുൾ ഓഫ് ദലാൽ സട്രീറ്റ് എന്ന പേരിലാണ് രാകേഷ് ജുൻജുൻവാല ഇന്ത്യൻ ഓഹരി വിപണിയിൽ അറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ വാരൻബഫറ്റ് എന്ന വിളിപ്പേരും ജുൻജുൻവാലക്കുണ്ടായിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച് ഇന്ത്യൻ വ്യവസായലോകത്ത് തനതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു ജുൻജുൻവാല. ഫോബ്സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ 36ാം സ്ഥാനത്താണ് ജുൻജുൻവാലയിപ്പോൾ.

പിതാവ് സ്റ്റോക്ക് മാർക്കറ്റി​നെ കുറിച്ച് ചർച്ച ചെയ്യുന്നത് കേട്ടാണ് ജുൻജുൻവാലക്ക് ഓഹരിക്കമ്പം കയറിയത്. തുടർന്ന് 1985ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 100 ഡോളറുമായി ജുൻജുൻവാല  വ്യാപാരത്തിന് തുടക്കം കുറിച്ചു. അന്ന് 150 പോയിന്റിലായിരുന്നു ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഉണ്ടായിരുന്നത്. പിന്നീട് ഉയർച്ചയുടെ പടവുകളിലേക്കുള്ള ജുൻജുൻവാലയുടെ കയറ്റമായിരുന്നു. ദിവസവും പത്രംവായിക്കുകയാണ് ഓഹരിയിൽ തിളങ്ങാനുള്ള മാർഗമെന്ന് പിതാവിന്റെ ഉപദേശം രാകേഷ് ജുൻജുൻവാല എക്കാലത്തും പാലിച്ചു പോന്നു.

റാറേ എന്റർപ്രൈസ് എന്ന പേരിൽ ഓഹരി നിക്ഷേപ സ്ഥാപനവും അദ്ദേഹം നടത്തിയിരുന്നു. 1960ൽ ജനിച്ച ജുൻജുൻവാല സിദൻഹാം കോളജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടിൽ അദ്ദേഹം പ്രവേശനം നേടിയിരുന്നു. 

Tags:    
News Summary - Billionaire investor Rakesh Jhunjhunwala passes away at 62 in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.