അമേരിക്കൻ സമ്പദ് വ്യവസ്ഥ കടം കൊണ്ട് വലയുകയാണ്. 36.21 ലക്ഷം കോടി ഡോളർ ആണ് അമേരിക്കയുടെ കടം. 3,083 ലക്ഷം കോടി രൂപ വരുമിത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം(ജി.ഡി.പി) 29.1 ലക്ഷം കോടി ഡോളർ മാത്രമാണ് എന്നറിയുമ്പോളാണ് കടത്തിന്റെ വ്യാപ്തി മനസ്സിലാവുക.
ജി.ഡി.പിയുടെ 124.30 ശതമാനമാണ് കടം. വരുമാനത്തിന്റെ വലിയൊരു പങ്ക് പലിശയടക്കാൻ വേണ്ടി വരും. കടം തിരിച്ചടക്കാൻ കഴിയാത്ത നിലയിലേക്ക് അമേരിക്ക പോകും എന്ന സൂചന വരുമ്പോൾ നിക്ഷേപകർ പിൻവലിയും, കൂടുതൽ കടം ലഭിക്കാതെ വരും.
കഴിഞ്ഞ ദിവസം നടന്ന യു.എസ് കടപ്പത്ര ലേലത്തിന് നിക്ഷേപകർ വലിയ താൽപര്യം കാണിച്ചില്ല. സർക്കാറിന്റെ വരവും ചെലവും തമ്മിലുള്ള ഭീമമായ അന്തരവും കടബാധ്യതയും നിക്ഷേപകരെ യു.എസ് ആസ്തികളിൽനിന്ന് അകറ്റുകയാണ്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കിയിരുന്ന യു.എസ് കടപ്പത്രത്തിനാണ് ഈ മങ്ങൽ.
ഡോളർ സൂചിക ഇടിയുന്നതും ഇതോട് ചേർത്തുവായിക്കണം. ഡോളർ ഇൻഡക്സ് മൂന്നുമാസത്തിനിടെ ഏഴ് ശതമാനം ഇടിഞ്ഞു. ലോക പ്രശസ്ത റേറ്റിങ് ഏജൻസിയായ മൂഡീസ് കഴിഞ്ഞ ദിവസം അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് ‘ട്രിപ്പിൾ എ’യിൽനിന്ന് ഡബിൾ എ1 നിലയിലേക്ക് താഴ്ത്തിയിരുന്നു.
ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് യു.എസ് ക്രെഡിറ്റ് റേറ്റിങ് താഴുന്നത്. 1919 മുതൽ ട്രിപ്പിൾ എ (മികച്ച പ്രകടനം) റേറ്റിങ്ങിൽനിന്ന് ഒരിക്കലും താഴ്ന്നിരുന്നില്ല.
നിക്ഷേപം എന്ന നിലയിൽ ഡോളറും യു.എസ് കടപ്പത്രവും ദുർബലമാകുമ്പോൾ ശക്തിയാർജിക്കുന്നത് സ്വർണവും ബിറ്റ്കോയിനുമാണ്. യു.എസ് സെനറ്റിൽ ക്രിപ്റ്റോ ബിൽ അവതരിപ്പിക്കാനുള്ള നീക്കം ബിറ്റ് കോയിൻ മൂല്യം സർവകാല റെക്കോഡിലെത്തിച്ചു.
ചെലവ് ചുരുക്കാനും കടം നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളൊന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാഗത്തുനിന്ന് കാണുന്നില്ല. ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ടാക്സ് കട്ട് ബിൽ കഴിഞ്ഞ ദിവസം യു.എസ് പ്രതിനിധി സഭയിൽ ഒരു വോട്ടിന് പാസായി. ഇത് നടപ്പാകുമ്പോൾ കടം 3.8 ലക്ഷം കോടി ഡോളർ കൂടി വർധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പ്രതിരോധ ബജറ്റ് വർധിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഡോളർ പരിധിയിൽ കവിഞ്ഞ് ശക്തിപ്പെടരുത് എന്ന് ട്രംപ് ആഗ്രഹിക്കുന്നതുപോലെ തോന്നുന്നു. ഡോളർ ശക്തിപ്പെടുമ്പോൾ അമേരിക്കയിൽനിന്നുള്ള കയറ്റുമതിക്കാർക്ക് പ്രയാസമുണ്ടാവുകയും ഇറക്കുമതി ആകർഷകമാവുകയും ചെയ്യും. അമേരിക്കയുടെ വ്യാപാര കമ്മി 14000 കോടി ഡോളറാണ്.
അതായത് രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്നതിനേക്കാൾ 14000 കോടി ഡോളറിന്റെ സാധനങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നു. ഇത് കുറച്ചുകൊണ്ടുവരാൻ ട്രംപ് ആഗ്രഹിക്കുന്നു. പകരചുങ്കം ഏർപ്പെടുത്തിയും അമേരിക്കയിൽ നിർമിക്കാൻ പ്രോത്സാഹിപ്പിച്ചും സമ്മർദം ചെലുത്തിയും അമേരിക്കൻ ഉൽപാദന മേഖലയെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
അമേരിക്കയിൽ വിൽക്കുന്ന ഐഫോൺ അമേരിക്കയിൽ തന്നെ നിർമിച്ചതാകണമെന്നും അല്ലെങ്കിൽ 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നുമുള്ള ഭീഷണിയാണ് ഒടുവിലത്തേത്.
ഇന്ത്യൻ ഓഹരി വിപണിയുടെ മധ്യകാല, ദീർഘകാല ഭാവി ശോഭനമാണെന്നാണ് വിവിധ റേറ്റിങ്, ഗവേഷണ ഏജൻസികൾ പറയുന്നത്. സെൻസെക്സ് ഒരു വർഷത്തിനകം 89000 കടക്കുമെന്ന മോർഗൻ സ്റ്റാൻലി റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. യു.എസ് ട്രഷറി ബോണ്ട് നിക്ഷേപത്തിന് വലിയ മെച്ചമുണ്ടാകില്ലെന്ന സൂചന നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നുണ്ട്. ഡോളർ സൂചികയിലെ ഇടിവും ഇന്ത്യൻ വിപണിക്ക് നല്ലതാണ്.
അമേരിക്കൻ ആസ്തികൾ വിറ്റ് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ വിപണികളിൽ നിക്ഷേപിക്കുക എന്ന പ്രവണത ശക്തിപ്പെട്ടുവരുന്നതായി ബാങ്ക് ഓഫ് അമേരിക്ക പറയുന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽ മാർച്ച് വരെ നീണ്ട കഠിനഘട്ടത്തിന് (പ്രൈസ് കറക്ഷൻ) ശേഷം ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ ‘ടൈം കറക്ഷൻ’ ഘട്ടത്തിലാണുള്ളത്.
വലിയ തോതിൽ മുന്നേറ്റമോ ഇടിവോ ഉണ്ടാകാതെ ഒരു പരിധിക്കകത്ത് ഉയർന്നും താഴ്ന്നും കൊണ്ടിരിക്കുക എന്നതാണ് ഈ ഘട്ടത്തിന്റെ സവിശേഷത. ഇത് എന്ന് കഴിയുമെന്ന് പറയാനാവില്ല. ടൈം കറക്ഷനുശേഷം വൻ മുന്നേറ്റമുണ്ടാകും.
നിഫ്റ്റി 22000ത്തിന് താഴേക്ക് പോകുമെന്ന് ഇപ്പോൾ ആരും കരുതുന്നില്ല. 26000ത്തിന് മുകളിൽ സ്ഥിരത കൈവരിച്ചാലാണ് റാലി പ്രതീക്ഷിക്കേണ്ടത്. ഇപ്പോൾ നല്ല കമ്പനികളിൽ ഘട്ടംഘട്ടമായി നിക്ഷേപിച്ച് തുടങ്ങാവുന്ന ഘട്ടമാണ്. മികച്ച പാദഫലം പുറത്തുവിട്ടതും ഭാവി വളർച്ച സാധ്യതയുള്ളതുമായ കമ്പനികൾ നോക്കിവെക്കുക.
സർക്കാർ നയങ്ങളിലെ ചാഞ്ചാട്ടവും അന്തർദേശീയ വ്യാപാരത്തിലെയും രാഷ്ട്രീയത്തിലെയും പിരിമുറുക്കങ്ങളും ബാധിക്കുന്ന സെക്ടറുകളെ ഇപ്പോൾ പരിഗണിക്കാതിരിക്കുന്നതാണ് ബുദ്ധി. കഴിഞ്ഞ വർഷങ്ങളിൽ നല്ല പ്രകടനം കാഴ്ച വെച്ച സെക്ടറുകളും കമ്പനികളും അടുത്ത റാലിയിൽ പങ്കാളിയാകണമെന്നില്ല.
അടുത്തത് ഏത് സെക്ടറിന്റെ ഊഴമാണെന്ന് മനസ്സിലാക്കി നിക്ഷേപിക്കുന്നവർക്ക് വൻ നേട്ടമാണുണ്ടാവുക. സെക്ടർ റൊട്ടേഷൻ സംബന്ധിച്ച് ധാരണയുണ്ടാകേണ്ടത് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.