കേരളത്തിന്റെ സ്വന്തം ഭക്ഷ്യോൽപന്ന കമ്പനികൾ ഒന്നൊന്നായി നാടുകടക്കുകയാണോ? ഈസ്റ്റേണിനും നിറപറക്കും ബ്രാഹ്മിൻസിനും പിന്നാലെ ഡബിൾ ഹോഴ്സും ഈ പട്ടികയിൽ എത്തുമോയെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഡബിൾ ഹോഴ്സിെന്റ ഉടമകളായ മഞ്ഞിലാസ് ഫുഡ് ടെക്കിനെ ഏറ്റെടുക്കാൻ വിപ്രോ കൺസ്യൂമർ കെയറും ചെന്നൈ ആസ്ഥാനമായ മുരുഗപ്പ ഗ്രൂപ്പും താൽപര്യം പ്രകടിപ്പിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏകദേശം 500 കോടി രൂപ മൂല്യംവരുന്നതാണ് ഇടപാടെന്നാണ് സൂചന. വിൽപന നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ മഞ്ഞിലാസ് ഫുഡ് ടെക് പ്രമുഖ അന്താരാഷ്ട്ര കണ്സള്ട്ടന്സി സ്ഥാപനമായ ഇ.വൈയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
1959ൽ തൃശൂരിൽ സ്ഥാപിതമായ മഞ്ഞിലാസ് ഫുഡ് ടെക്കിന്റെ ‘ഡബിൾ ഹോഴ്സ്’ ബ്രാൻഡ് അരിപ്പൊടികൾ, പുട്ടുപൊടി, അപ്പം-ഇഡിയപ്പം പൊടി, മസാലകൾ, റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് ഉൽപന്നങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങളുമായി വിപണിയിൽ ശക്തമായ സാന്നിധ്യമാണ്. പ്രവാസി മലയാളികൾക്കിടയിലും വിപുലമായ സാന്നിധ്യമുണ്ട്.
വിപണി വളരുന്നു, ഏറ്റെടുക്കലുകളും വർധിക്കുന്നു
ഇന്ത്യയിലെ പാക്കേജ്ഡ് ഫുഡ് വിപണി ലോകത്ത് ഏറ്റവും വേഗം വളരുന്ന വിപണികളിലൊന്നാണ്. വ്യവസായ റിപ്പോർട്ടുകൾ പ്രകാരം ഈ വിപണിയുടെ മൂല്യം 2025ൽ 12 ലക്ഷം കോടി രൂപയിലധികമാണ്. 2035ഓടെ ഇത് 22 ലക്ഷം കോടി രൂപയുടെ വിപണിയായി വളരുമെന്നാണ് കണക്കാക്കുന്നത്.
റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് വിഭാഗങ്ങൾ പ്രതിവർഷം 15 ശതമാനത്തിലധികം വളരുന്ന വിപണിയായി മാറിയിട്ടുണ്ട്. നഗരവത്കരണം, ഇരട്ടവരുമാന കുടുംബങ്ങൾ, പ്രവാസി ഇന്ത്യൻ സമൂഹം, ഓൺലൈൻ ഗ്രോസറി വ്യാപനം എന്നിവയാണ് വളർച്ചക്ക് പ്രധാന കാരണം.
വിപ്രോയുടെ കേരള തന്ത്രം
വിപ്രോ കൺസ്യൂമർ കെയർ കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ പ്രമുഖ ഭക്ഷ്യബ്രാൻഡുകളെ ഏറ്റെടുക്കുന്ന തന്ത്രമാണ് പിന്തുടരുന്നത്. 2022ൽ നിറപറയെയും 2023ൽ ബ്രാഹ്മിൻസിനെയും സ്വന്തമാക്കിയതോടെ കേരളത്തിലെ പരമ്പരാഗത ഭക്ഷ്യവിഭവ വിപണിയിൽ കമ്പനിക്ക് ശക്തമായ സാന്നിധ്യം ലഭിച്ചു. മഞ്ഞിലാസും കൂടി ഏറ്റെടുത്താൽ, കേരളത്തിൽ ഏറ്റവും ശക്തമായ പ്രാദേശിക ഭക്ഷ്യ ബ്രാൻഡ് പോർട്ട്ഫോളിയോ കൈവശമുള്ള കമ്പനികളിലൊന്നായി വിപ്രോ മാറും.
മുരുഗപ്പയുടെ ലക്ഷ്യം എന്ത്?
90,000 കോടി രൂപയിലധികം വാർഷിക വരുമാനമുള്ള ചെന്നൈ ആസ്ഥാനമായ മുരുഗപ്പ ഗ്രൂപ് എൻജിനീയറിങ്, കാർഷികം, ധനസേവനം, സൈക്കിൾ, വളം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പാണ്. ഉപഭോക്തൃ-ഭക്ഷ്യ മേഖലയിൽ കൂടുതൽ വളരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തങ്ങളുടെ ഉപകമ്പനിയായ ഇ.ഐ.ഡി പാരി മുഖേന ഡബ്ൾ ഹോഴ്സ് പോലൊരു വിശ്വസ്ത ബ്രാൻഡിനെ സ്വന്തമാക്കാൻ ഗ്രൂപ് താൽപര്യം കാണിക്കുന്നതെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ ബ്രാൻഡുകൾക്ക് സംഭവിക്കുന്നത്?
കേരളത്തിെന്റ സ്വന്തമായിരുന്ന പ്രമുഖ ഭക്ഷ്യ ബ്രാൻഡുകൾ ഒന്നൊന്നായി ദേശീയ-അന്തർദേശീയ കമ്പനികളുടെ കുടക്കീഴിലേക്ക് മാറുകയാണ്. നേരത്തേ മുൻനിര ഭക്ഷ്യോൽപന്ന കമ്പനിയായ ഈസ്റ്റേണിനെ നോർവീജിയൻ കമ്പനിയായ ഓർക്ല ഏറ്റെടുത്തിരുന്നു. കേരള കമ്പനികൾ വർഷങ്ങൾകൊണ്ട് ആർജിച്ചെടുത്ത വിശ്വാസ്യതയും ഖ്യാതിയുമാണ് വൻ കമ്പനികളുടെ താൽപര്യത്തിന് പ്രധാന കാരണം. സ്വന്തമായി കമ്പനികൾ തുടങ്ങുന്നതിനു പകരം നിലവിലെ കമ്പനികളെ ഏറ്റെടുത്താൽ എളുപ്പത്തിൽ ഈ മേഖലയിൽ സാന്നിധ്യം ശക്തമാക്കാൻ കഴിയുമെന്നതും വൻ ബ്രാൻഡുകളെ ആകർഷിക്കുന്ന ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.