ആഗോള വിപണിയിൽ എണ്ണവില വീണ്ടും കൂടി; ബാരലിന് 103 ഡോളർ കടന്നു

ന്യൂഡൽഹി: യു.എസ് -ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ആഗോളവിപണിയിൽ എണ്ണവിലയിൽ വീണ്ടും കുതിപ്പ്. ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന യു.എസിന്റെ ഭീഷണി ഊർജ പ്രതിസന്ധി രൂക്ഷമാക്കി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 8.36 ശതമാനം ഉയർന്ന് 103.16 ഡോളറിലാണ് എത്തിയത്.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപി​ന്റേതായിരുന്നു ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണി. എന്നാൽ, സമുദ്ര ഇടനാഴിയിൽ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തേയും അതിശക്തമായി നേരിടുമെന്ന് ഇറാനും വ്യക്തമാക്കി. സംഘർഷം രൂക്ഷമാകുമെന്ന ആശങ്കകളാണ് ക്രൂഡ് ഓയിൽ വില വർധനക്ക് കാരണം.

ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ട്രംപ് ഹുർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഭീഷണി മുഴക്കിയത്. ഹുർമുസ് തടയാൻ നാവിക സേനക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഇവിടേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ഉപരോധിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ‘‘തങ്ങളെ വെടിവക്കുകയോ സമാധാനപരമായി പോകുന്ന കപ്പലുകളെ വെടിവെക്കുകയോ ചെയ്താൽ അവരെ നരകത്തിലേക്ക് അയക്കും. ഉചിതമായ സമയത്ത് ഇറാനെ അവസാനിപ്പിക്കാൻ യു.എസ് തയാറാണ്’ - ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. പാകിസ്താനിൽ നടന്ന ചർച്ചകളിൽ ചില തീരുമാനം ഉണ്ടായെങ്കിലും ആണവോർജ പദ്ധതികളിൽ നിന്ന് മാറാൻ ഇറാൻ തയാറായില്ലെന്നും ട്രംപ് പറഞ്ഞു.

എന്നാൽ, അനാവശ്യ ഉപാധികളാണ് യു.എസ് മുന്നോട്ടുവെച്ചത് എന്നതാണ് ഇറാൻ വാദം. ഇതോടെ വെടിനിർത്തൽ ചർച്ച വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങി. യു.എസുയുമായി ചർച്ച പുനഃരാരംഭിക്കാൻ തിടുക്കം കാട്ടുന്നില്ലെന്നും പന്ത് അമേരിക്കയുടെ കോർട്ടിലാണെന്നുമാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.

ലോകത്തെ എണ്ണ ഗതാഗതത്തിന്റെ പ്രധാന പാതയാണ് ഹുർമുസ് കടലിടുക്ക്. ഫെബ്രുവരി അവസാനം ഇറാനിൽ അമേരിക്കയും ഇസ്രായേലും ആക്രമണം ആരംഭിച്ചതിനുശേഷം കടലിടുക്ക് അടക്കുകയായിരുന്നു. തുടർന്ന് ലോകമെമ്പാടും എണ്ണ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ എണ്ണ ക്ഷാമവും വിലവർധനയും രൂക്ഷമാകുകയായിരുന്നു.

Tags:    
News Summary - Crude oil price jumps on Strait of Hormuz blockade as ceasefire talks fail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-11 04:38 GMT
access_time 2026-04-10 05:22 GMT