വഴി തേടി വൈദ്യുതി വാഹനങ്ങള്‍

2020ഓടെ ഇന്ത്യന്‍ നിരത്തിലോടുന്ന വാഹനങ്ങളില്‍ അഞ്ചിലൊന്ന് വൈദ്യുതോര്‍ജത്തില്‍ ഓടുന്നതാകണമെന്ന സ്വപ്നമുണ്ടായിരുന്നു കേന്ദ്ര സര്‍ക്കാറിന്. ലോകത്ത് ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളില്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന മുന്തിയ സ്ഥാനം കല്‍പിച്ചതോടെയാണ് ഈ സ്വപ്നം ആവിഷ്കരിച്ചത്. 2020ലേക്ക് ഇനി നാലുവര്‍ഷത്തില്‍താഴെ. അതിനാല്‍തന്നെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ആര്‍ക്കും ഉറപ്പില്ല. എന്നാല്‍, സ്വപ്ന സാക്ഷാത്കാരത്തിന്‍െറ ഭാഗമായി വൈദ്യുതോര്‍ജത്തില്‍ ഓടുന്ന ബൈക്കുകളും കാറുകളും ചില കമ്പനികള്‍ നിരത്തിലിറക്കുകയും ചെയ്തു.
വൈദ്യുതോര്‍ജത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് മറ്റ് വാഹനങ്ങളെക്കാള്‍ 40 ശതമാനം വരെ വില വര്‍ധനക്ക് സാധ്യതയുണ്ട്. ഇതാണ് പലപ്പോഴും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ സാധാരണക്കാരന് തടസ്സമായി നില്‍ക്കുന്നതും.
എന്നാല്‍, ഇന്ധനച്ചെലവ് പെട്രോള്‍ -ഡീസല്‍ വാഹനങ്ങളുടെ മൂന്നിലൊന്നേ വരൂവെന്നും ഇന്ധനച്ചെലവിലെ ലാഭംകൊണ്ട് വാഹന വിലയിലെ വ്യത്യാസത്തെ എളുപ്പം  മറികടക്കാനാവുമെന്നുമാണ് വാഹന നിര്‍മാതാക്കളുടെ വാദം. തങ്ങള്‍ നടത്തിയ പഠനത്തില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ടര വര്‍ഷംകൊണ്ടും സ്വകാര്യകാറുകള്‍ക്ക് മൂന്നുവര്‍ഷംകൊണ്ടും വാണിജ്യ വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷംകൊണ്ടും ഇത്തരത്തില്‍ വില വ്യത്യാസത്തെ മറികടക്കാന്‍ കഴിയുമെന്നാണ് വ്യക്തമായതെന്ന് തമിഴ്നാട് അഡീഷനല്‍ ചീഫ് സെക്രട്ടറി അംബുജ് ശര്‍മ ‘ബിസിനസ് മാധ്യമ’ത്തോട് പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും പിന്നാലെ ഇപ്പോഴിതാ വൈദ്യുതോര്‍ജത്തില്‍ ഓടുന്ന ബസും നിരത്തിലിറങ്ങി. പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ അശോക് ലൈലാന്‍ഡാണ് ഇലക്ട്രിക് ബസ് നിരത്തിലിറക്കിയത്. കഴിഞ്ഞദിവസം ഈ ബസ് യാത്രക്കാരെയും വഹിച്ച് പലപ്രാവശ്യം ചെന്നൈ നഗരം വലംവെച്ചു.
പൊതു യാത്രാ വാഹന രംഗത്ത് പുതിയൊരു കാല്‍വെപ്പാണ് നടത്തിയതെന്നാണ് കമ്പനിയുടെ അവകാശവാദം. 500 കോടി രൂപയുടെ നിക്ഷേപവും വര്‍ഷങ്ങളുടെ ഗവേഷണവും വേണ്ടിവന്നു എന്നും അവര്‍ അവകാശപ്പെടുന്നു. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തില്‍ 120 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന 32 സീറ്റ് ബസാണ് നിരത്തിലിറക്കിയത്. വില ഏതാണ്ട് ഒന്നേമുക്കാല്‍ കോടി വരുമെന്നാണ് സൂചന.

നേട്ടങ്ങള്‍ ഏറെ; പരിമിതികളും
മലിനീകരണം നിയന്ത്രിക്കാന്‍ കഴിയുമെന്നതുതന്നെയാണ് വൈദ്യുതോര്‍ജത്തില്‍ ഓടുന്ന വാഹനങ്ങളുടെ മുഖ്യ ആകര്‍ഷണം. ‘സീറോ എമിഷന്‍’ എന്നതും തീരെ ശബ്ദമുണ്ടാവില്ല എന്നതുമാണ് വാഹന നിര്‍മാതാക്കള്‍ മുന്നോട്ടുവെക്കുന്ന വാഗ്ദാനം. അതുവഴി അന്തരീക്ഷ മലിനീകരണത്തിലേക്കും ശബ്ദ മലിനീകരണത്തിലേക്കുമുള്ള ‘സംഭാവന’ കുറക്കാനാകുമെന്നും ഇവര്‍ വിശദീകരിക്കുന്നു.
വാഹന ഉടമകള്‍ക്ക് ഏറ്റവും ആകര്‍ഷകമായി മാറുന്നതാണ് മൂന്നാമത്തെ വാഗ്ദാനം; ഇന്ധനച്ചെലവില്‍ പകുതിയോളം കുറവ്. കമ്പനികളുടെ അവകാശവാദം ഇന്ധനച്ചെലവ് മൂന്നിലൊന്നായി കുറയുമെന്നാണ്. അത് മുഖവിലക്കെടുത്തില്ളെങ്കിലും പകുതിയോളം കുറയുമെന്ന് ഉറപ്പിക്കാം. മെട്രോ ട്രെയിനുകളുടെ ഫീഡര്‍ സര്‍വിസ്, വിവിധ വിമാനക്കമ്പനികളുടെ എയര്‍പോര്‍ട്ട് വാഹനങ്ങള്‍ തുടങ്ങി സ്കൂള്‍, കോളജ് ബസുകള്‍, ഐ.ടി കമ്പനികളിലെ ജീവനക്കാര്‍ക്കുള്ള കാബ് സര്‍വിസ് തുടങ്ങിയവക്കെല്ലാം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. അതേസമയം, പരിമിതികളുമുണ്ട്. ഉയര്‍ന്ന വില തന്നെ മുഖ്യ പരിമിതി. അശോക്ലൈലാന്‍റ് പുറത്തിറക്കിയ 21 സീറ്റ് ബസിന് ഒന്നേമുക്കാല്‍ കോടി രൂപയോളം വില വരുമെന്നാണ് വിലയിരുത്തല്‍. വാണിജ്യ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്നതാണ് വില വര്‍ധനക്ക് മുഖ്യകാരണം.
വാഹന വിലയുടെ ഏതാണ്ട് 60 ശതമാനത്തോളം ബാറ്ററികള്‍ക്കായാണ്. മാത്രമല്ല, യാത്രക്കിടയില്‍ ബാറ്ററി ചാര്‍ജ് ചെയ്യലും പ്രശ്നമാണ്. നിലവില്‍ ഗാരേജില്‍തന്നെയാണ് ഇതിന് സൗകര്യമൊരുക്കാന്‍ കഴിയുക. ഒരു പ്രാവശ്യം ബാറ്ററി ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ 120 കിലോമീറ്റര്‍ ഓടാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഇതനുസരിച്ച്, ഒന്നുകില്‍ 60 കിലോമീറ്റര്‍ ദൂരം പോയി തിരിച്ച് സര്‍വിസ് നടത്തണം. അല്ളെങ്കില്‍ 120 കിലോമീറ്ററിനപ്പുറമുള്ള ലക്ഷ്യസ്ഥാനത്ത് ചാര്‍ജിങ് സൗകര്യം വേണം. ഈ രംഗത്ത് ഗവേഷണം തുടരുകയാണ്. മത്സരം കൂടിവരുന്നതോടെ വില താഴേക്ക് വരികയും ചാര്‍ജിങ് അടക്കം സൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

 

Tags:    
News Summary - electric vehicle seek way to market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.