നിക്ഷേപകർ ജാഗ്രതൈ; നിങ്ങളുടെ പണം പോകുന്നത് മുതലാളിമാരുടെ കീശയിലേക്ക്

മുംബൈ: ​ഇന്ത്യൻ ഓഹരി വിപണിയിൽ പ്രഥമ ഓഹരി വിൽപനയുടെ (ഐ.പി.ഒ) ഉത്സവകാലമാണിത്. നിരവധി ഐ.പി.ഒകളാണ് ചെറുകിട നിക്ഷേപകർക്ക് മികച്ച നേട്ടം സമ്മാനിച്ചത്. ഐ.പി.ഒകളിലൂടെ ഈ വർഷം കമ്പനികൾ റെക്കോഡ് തുക സമാഹരിച്ചെന്നാണ് കണക്ക്. ഏറ്റവും ഒടുവിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയുടെ ഐ.പി.ഒക്ക് നിക്ഷേപകരിൽനിന്ന് വൻ പ്രതികരണം ലഭിച്ചിരുന്നു. 2025 അവസാനിക്കാൻ ആഴ്ചകൾ ബാക്കി നിൽക്കെ സുപ്രധാന ഐ.പി.ഒകളാണ് വിപണിയിലേക്ക് വരാനിരിക്കുന്നത്. എന്നാൽ, ഐ.പി.ഒ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. കാരണം, നിക്ഷേപകരിൽനിന്ന് സമാഹരിക്കുന്ന പണവുമായി പല പ്രമോട്ടർമാരും കമ്പനി വിടുകയാണെന്നാണ് റിപ്പോർട്ട്.

വളർച്ചക്കും കടം വീട്ടാനും പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താനുമാണ് കമ്പനികൾ ഐ.പി.ഒയിലൂടെ ഓഹരികൾ വിൽക്കുന്നത്. ​പുതിയ ഓഹരികളും ഓഫർ ഫോർ സെയിലിലൂടെ (ഒ.എഫ്.എസ്) പ്രമോട്ടർമാരുടെ ഓഹരികളുമാണ് ഐ.പി.ഒയിലൂടെ വിൽക്കുക. പുതിയ ഓഹരി വിൽപന നടത്തി ലഭിക്കുന്ന പണം കമ്പനിയുടെ അക്കൗണ്ടിലേക്കും ഒ.എഫ്.എസ് വഴി ലഭിക്കുന്ന തുക പ്രമോട്ടർമാരുടെ അക്കൗണ്ടിലേക്കുമാണ് പോകുക. ഈ വർഷം ഐ.പി.ഒകളിലൂടെ സമാഹരിച്ച 1.54 ലക്ഷം കോടി രൂപയിൽ 63 ശതമാനവും പ്രൊമോട്ടർമാർക്കാണ് ലഭിച്ചത്. അതായത്, ഭൂരിഭാഗം കമ്പനികളുടെയും ഉടമസ്ഥർ സ്വന്തം ഓഹരി വിറ്റ് ലാഭമെടുത്തു. ഉടമകൾക്ക് കമ്പനി വിട്ടുപോകാനുള്ള വഴിയായി ഐ.പി.ഒകൾ മാറിയെന്നതാണ് വിദഗ്ധർ പങ്കുവെക്കുന്ന ആശങ്ക.

സാധാരണ ചില ആദ്യകാല നിക്ഷേപകർ ഐ.പി.ഒ അവസരം മുതലെടുത്ത് ചെറിയ തോതിൽ ഓഹരികൾ വിറ്റ് ലാഭമെടുക്കാറുണ്ട്. എന്നാൽ, ഇത്തവണ ഒ.എഫ്.എസ് വഴി ഓഹരി വിറ്റ് സമാഹരിച്ച തുക റെക്കോഡ് കടന്നു. ഓഹരി വിപണി​യുടെ ഡാറ്റ ശേഖരിക്കുന്ന പ്രൈം ഡാറ്റബേസിന്റെ കണക്കുപ്രകാരം 97,059 കോടി രൂപയാണ് ഒ.എഫ്.എസ് വഴി സമാഹരിച്ചത്. പുതിയ ഓഹരികൾ വിറ്റ് നേടിയത് 57,256 കോടി രൂപ മാത്രമാണ്. ബിസിനസ് വിപുലീകരണത്തിലേക്ക് ഫണ്ട് തിരിച്ചുവിടുന്നതിനുപകരം ഓഹരികൾ വിറ്റ് ലാഭം നേടാനുള്ള പ്രൊമോട്ടർമാരുടെ താൽപര്യമാണ് ഒ.എഫ്.എസിന്റെ ആധിപത്യം അടിവരയിടുന്നത്.

ഇതാദ്യമായല്ല, ​പ്രമോട്ടർമാർ ഐ.പി.ഒകളിലൂടെ ഓഹരികൾ വിറ്റൊഴിവാക്കുന്നത്. കഴിഞ്ഞ വർഷം ഐ.പി.ഒകളിലൂടെ കമ്പനികൾ 1.59 ലക്ഷം കോടി സമാഹരിച്ചപ്പോൾ 60 ശതമാനവും ഒ.എഫ്.എസ് ആയിരുന്നു. 40 ശതമാനം മാത്രമായിരുന്നു പുതിയ ഓഹരികളുടെ സംഭാവന. 2020ൽ മൊത്തം ഫണ്ട് സമാഹരണത്തിന്റെ 87 ശതമാനം ഒ.എഫ്.എസും 17 ശതമാനം പുതിയ ഓഹരികൾ വഴിയുമായിരുന്നു. 2017 മുതൽ ഐ.പി.ഒകളിലൂടെ സമാഹരിച്ച മൊത്തം തുക പരിശോധിച്ചാൽ 83 ശതമാനവും പ്രമോട്ടർമാരുടെ അക്കൗണ്ടിലേക്കാണ് പോയത്. കമ്പനികൾക്ക് ലഭിച്ചത് വെറും 17 ശതമാനം മാത്രമാണ്. ചെറുകിട നിക്ഷേപകരിൽനിന്നടക്കം ​വൻ തുക ഐ.പി.ഒകളിലൂടെ സമാഹരിച്ചെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും വളരെ കുറഞ്ഞ തുകയാണ് കമ്പനികളുടെ അക്കൗണ്ടിലേക്ക് പോകുന്നത്.

ഏറ്റവും ഒടുവിൽ നിക്ഷേപകർക്ക് 50 ശതമാനം ലാഭം നൽകിയ എൽ.ജി ഇലക്ട്രോണിക്സ് ഐ.പി.ഒയിലൂടെ സമാഹരിച്ച തുക പൂർണമായും ഒഴുകിയത് കൊറിയയിലെ ഉടമസ്ഥരുടെ അക്കൗണ്ടിലേക്കാണ്. ലെൻസ്കാർട്ട് ഐ.പി.ഒ 7000 കോടി രൂപ സമാഹരിച്ചതിൽ 80 ശതമാനത്തോളം ഒ.എഫ്.എസ് ആയിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ടാറ്റ കാപിറ്റൽ ഐ.പി.ഒയിലൂടെ സമാഹരിച്ച തുകയിൽ 45 ശതമാനം മാത്രമാണ് കമ്പനിക്ക് ലഭിച്ചത്. കനറ റൊബേ​കോ അസറ്റ് മാനേജ്മെന്റിന്റെ ഐ.പി.ഒയിൽ സമാഹരിച്ച തുകയിൽ ഒരു രൂപ​ പോലും കമ്പനിക്ക് ലഭിച്ചില്ല. വീവർക്ക് ഇന്ത്യ, ട്രാവൽ ഫുഡ് സർവിസസ് തുടങ്ങിയ നിരവധി കമ്പനികളുടെയും ഐ.പി.ഒകൾ പ്രമോട്ടർമാർക്ക് കോടിക്കണക്ക് രൂപയുടെ ലാഭമാണ് നൽകിയത്. ഡിസംബർ 12ന് തുടങ്ങുന്ന ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ഐ.പി.ഒയും മുഴുവനായും ഒ.എഫ്.എസാണ്. കമ്പനിയിൽ 49 ശതമാനം പങ്കാളിത്തമുള്ള യു.കെയിലെ പ്രുഡൻഷ്യൽ കോർപറേഷൻ ഹോൾഡിങ് 10 ശതമാനം ഓഹരികളാണ് വിൽക്കുക.

Tags:    
News Summary - The Great IPO Gamble: Why retail investors should be cautious with OFS-led IPOs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.