ഡോ. തോമസ് ഐസക് അവതരിപ്പിച്ച അദ്ദേഹത്തിെൻറ 10ാമത്തെ ബജറ്റ് കേരളം പ്രതീക്ഷിച്ച ആദ്യത്തെ പ്രളയാനന്തര ബജറ്റ് എന്ന നിലയിൽ അങ്ങേയറ്റം നിരാശജനകമാണ്. ഒാഖി ദുരന്തത്തിെൻറ പ്രശ്നങ്ങൾ അവതരിപ്പിച്ച ഗൗരവത്തിൽപോലും കേരളത്തെ മുഴുവൻ പിടിച്ചുലച്ച ദുരന്തത്തെ ബജറ്റ് ഉൾക്കൊണ്ടിട്ടില്ല. ബജറ്റിൽ ജനങ്ങൾ പ്രതീക്ഷിച്ചത് പ്രളയത്തിൽ തകർന്ന കർഷകർക്കും ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കുമുള്ള കൈത്താങ്ങായിരുന്നു. പക്ഷേ, പൊതുവികസനപ്രശ്നങ്ങളെന്നപേരിൽ 25 അധ്യായങ്ങളിലൂടെ കുറേയേറെ കാര്യങ്ങൾ പറഞ്ഞുവച്ചെങ്കിലും ദുരിതബാധിതരുടെ ദുരിതം അവസാനിപ്പിക്കുന്ന യാതൊന്നും ബജറ്റിലുണ്ടായില്ല. പ്രളയബാധിത കുടുംബങ്ങളുെട കടം എഴുതിത്തള്ളാനോ രക്ഷാകർത്താക്കൾ മരിച്ച വിദ്യാർഥികളുടെ വായ്പ എഴുതിത്തള്ളാനോ ഇടതുപക്ഷ സർക്കാർ തയാറായിട്ടില്ല.
വീടും കൃഷിയിടവും ഒന്നിച്ച് ഒലിച്ചുപോയ കർഷകർക്കുള്ള പ്രത്യേക പാക്കേജ് ബജറ്റിൽ ഇല്ല. പ്രളയം കൊണ്ട് തകർന്ന ഇടുക്കി ജില്ലയെ പരാമർശിക്കാൻപോലും ഐസക് മറന്നുപോയി. വയനാടിെൻറ വേദനകൾ കാപ്പിക്കുരു സംസ്കരണത്തിൽ മാത്രമായി ഒതുങ്ങി. കുട്ടനാടിന് ഒരു പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ആ പാക്കേജിെൻറ നിശ്ചിത ശതമാനം പ്രളയം കൊണ്ട് നശിച്ച കർഷക കുടുംബങ്ങളിൽ എത്തുമെന്ന് ഉറപ്പുവരുത്താൻ സർക്കാറിനായില്ല. മൃഗസംരക്ഷണത്തെക്കുറിച്ച് പറഞ്ഞപ്പോഴും ചരിത്രത്തിലെ ഏറ്റവും വലിയ മൃഗസമ്പത്ത് നഷ്ടത്തെക്കുറിച്ച് ഐസക് ഒരക്ഷരം മിണ്ടിയില്ല.
60 ലക്ഷം പശുക്കളും ഒരുലക്ഷം മാടുകളും രണ്ടുകോടിയോളം കോഴികളും ചത്തുപോയിട്ടും അതിനുള്ള നഷ്ടപരിഹാരത്തെക്കുറിച്ചോ ഈ സമ്പത്ത് നമ്മുടെ കാർഷിക സമ്പദ്ഘടനയിലേക്ക് തിരിച്ചുവരുകൊണ്ടുവരുന്നതിനുള്ള ക്രിയാത്മകമായ നിർദേശമോ ബജറ്റിൽ ഉണ്ടായില്ല.
ബജറ്റിലെ 25 ഇനം പ്രത്യേക പദ്ധതികൾ പഴയ പല്ലവികളുടെ തനിയാവർത്തനം മാത്രമായി. ബജറ്റിലുടനീളം ധനമന്ത്രി ആഗ്രഹിച്ചത് ‘കിഫ്ബി ടച്ച്’ നിലനിർത്തുക മാത്രമായിരുന്നു. കേരളത്തിലെ ഇൻഫ്രാസ്ട്രക്ചർ ഡെഫിസിറ്റ് അഥവ അടിസ്ഥാനസൗകര്യ കമ്മി ശാസ്ത്രീയമായി പരിഹരിക്കുന്നതിന് പകരം തങ്ങൾക്ക് ഇഷ്ടമുള്ള എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ ഇഷ്ടം പോലെ പദ്ധതികൾ പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നത്. ജില്ല പഞ്ചായത്തുകൾ തയാറാക്കിയ ജില്ല പ്ലാനുകളെങ്കിലും പരിഗണിച്ചാകണം കിഫ്ബി പദ്ധതികൾ തെരഞ്ഞെടുക്കേണ്ടതെന്ന നിഷ്കർഷപോലുമില്ല.
പ്ലാനിങ് ബോർഡും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും തയാറാക്കുന്ന പദ്ധതികൾക്കപ്പുറത്ത് ഒരു സമാന്തരപദ്ധതിയായി ഓടുകയാണ് കിഫ്ബി. കിഫ്ബിയിലൂടെ നടപ്പാക്കുന്ന പദ്ധതികൾ മുഖാന്തരം എന്ത് നേട്ടമാണ് ഉണ്ടാക്കുക എന്ന ഔട്ട്കം സ്റ്റേറ്റ്മെൻറ് പോലും ഇല്ലാതെയാണ് ഇവ മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.