താരിഫ് പൂർണമായും യൂറോപ് ഒഴിവാക്കും; കേരളത്തിന്റെയടക്കം ഉത്പന്നങ്ങളുടെ പട്ടിക പുറത്തുവിട്ട് വിദഗ്ധർ

മുംബൈ: സ്വതന്ത്ര വ്യാപാര കരാറിൽ വിവിധ മേഖലയിലെ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി താരിഫ് യൂറോപ്യൻ യൂനിയൻ  പൂർണമായും ഒഴിവാക്കുമെന്ന് സൂചന. നിലവിൽ ബംഗ്ലാദേശിനും വിയറ്റ്നാമിനും നൽകുന്ന ‘സീറോ താരിഫ്’ ഇളവാണ് ഇന്ത്യക്കും നൽകുക. ഇന്ത്യയിൽനിന്നുള്ള തുണിത്തരങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, കായികം, കളിപ്പാട്ടങ്ങൾ, തുകൽ തുടങ്ങിയ ഉത്പന്നങ്ങൾക്ക് താരിഫ് പൂർണമായും ഒഴിവാക്കുമെന്ന് വിദഗ്ധർ പറഞ്ഞു. രാജ്യത്ത് ലക്ഷക്കണക്കിന് സാധാരണക്കാരായ ജനങ്ങൾക്ക് തൊഴിൽ നൽകുന്ന മേഖലകളായതിനാൽ വലിയ നേട്ടമാകുമെന്നാണ് സൂചന.

സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായാൽ താരിഫ് പൂർണമായും ഒഴിവാക്കി കിട്ടുമെന്ന് വസ്ത്ര കയറ്റുമതി പ്രമോഷൻ കൗൺസിൽ ചെയർമാൻ എ. ശക്തിവേൽ പറഞ്ഞു. ഇതോടെ 27 യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്നും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കണക്കിലെടുക്കുമ്പോൾ ബംഗ്ലാദേശിന് തുല്യമായ അളവിൽ കയറ്റുമതി ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യൻ തുണിത്തരങ്ങൾക്ക് യൂറോപ്യൻ യൂനിയനിൽ 11 ശതമാനം താരിഫ് ചുമത്തുന്നുണ്ട്. അതേസമയം, ബംഗ്ലാദേശ് ഉത്പന്നങ്ങൾക്ക് താരിഫില്ല. ​

തുകൽ, പാദരക്ഷ ഉത്പന്നങ്ങൾക്ക് താരിഫ് ഒഴിവാക്കിയാൽ ഇന്ത്യൻ കമ്പനികൾക്ക് യൂറോപ്യൻ രാജ്യങ്ങളിൽ വിയറ്റ്നാമുമായി മത്സരിക്കാൻ കഴിയുമെന്ന് ഫരീദ ഗ്രൂപ്പിന്റെ ഡയറക്ടറും ഫിയോയുടെ മുൻ വൈസ് പ്രസിഡന്റുമായ ഇസ്രാർ അഹമ്മദ് പറഞ്ഞു. യു.എസ് താരിഫ് നിലനിൽക്കുന്ന സാഹചര്യത്തിൽ യൂറോപ്പുമായുള്ള വ്യാപാര കരാറിൽ ഇളവ് ലഭിക്കുന്നത് ഇന്ത്യക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ യൂറോപ്പിൽ താരിഫില്ലാത്ത പാക്കിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായാണ് ഇന്ത്യയുടെ ഉത്പന്നങ്ങൾ മത്സരിക്കുന്നതെന്നും സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നാൽ സമാന ഇളവുകൾ ഇന്ത്യക്കും ലഭിക്കുമെന്ന് കൗൺസിൽ ഫോർ ലെതർ എക്സ്പോർട്ട്സ് ചെയർമാൻ രമേശ് ജുനേജ പറഞ്ഞു. 2030 ഓടെ യൂറോപ്യൻ യൂനിയനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2.25 ബില്ല്യൻ ഡോളറിൽ നിന്ന് ആറ് ബില്ല്യൻ ഡോളറായി ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അതുപോലെ, ഏതൊക്കെ യൂറോപ്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ താരിഫ് ഇളവ് നൽകുമെന്നതും വ്യവസായ ലോകം ഉറ്റുനോക്കുന്നുണ്ട്. വൈകാരികമായ വിഷയമായതിനാൽ കാർഷിക മേഖലയെ വ്യാപാര കരാറിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. അതേസമയം, വൈൻ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലക്ക് ഇന്ത്യ ഗണ്യമായ താരിഫ് നൽകുമെന്നാണ് സൂചന. ഇറക്കുമതിക്ക് താരിഫ് ഇളവ് നൽകിയാലും യൂറോപ്യൻ വാഹനങ്ങളുമായി മത്സരിക്കാൻ കഴിയുമെന്നാണ് ഇന്ത്യൻ വാഹന നിർമാതാക്കളുടെ പ്രതീക്ഷ. എന്നാൽ, താരിഫ് ഇളവിന്റെ അവസരം ചൈനീസ് ഇലക്ട്രിക് വാഹന നിർമാണ കമ്പനികൾ മുതലെടുക്കുമോയെന്ന ആശങ്കയുണ്ട്. 

Tags:    
News Summary - India to get Zero tariff access in EU key sectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.