പണലഭ്യത ഉറപ്പാക്കി ആര്‍.ബി.ഐ;  പലിശനിരക്ക് കുത്തനെ കുറയും

മുംബൈ: പുതിയ വായ്പനയത്തെ ശ്രദ്ധേയമാക്കുന്നത് വാണിജ്യ ബാങ്കുകളെ പലിശനിരക്ക് കുറക്കാന്‍ നിര്‍ബന്ധിതമാക്കുന്ന റിസര്‍വ് ബാങ്കിന്‍െറ തന്ത്രം. കേന്ദ്രബാങ്ക് പലതവണ പലിശനിരക്ക് കുറച്ചിട്ടും വായ്പകളുടെ പലിശ കുറക്കാന്‍ മടിച്ച ബാങ്കുകളെ ഇക്കുറി ആര്‍.ബി.ഐ ഗവര്‍ണര്‍ ശരിക്കും കുടുക്കി. 
 റിപ്പോ (വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക്) നിരക്കില്‍ വരുത്തിയ കുറവ് 0.25 ശതമാനം മാത്രമാണെങ്കിലും ബാങ്ക് വായ്പകളുടെ പലിശനിരക്കില്‍ 0.75 ശതമാനത്തിന്‍െറ കുറവെങ്കിലും വൈകാതെ ഉണ്ടാകും. 
പണലഭ്യതയിലെ കുറവാണ് പലിശനിരക്ക് കുറക്കാന്‍ തടസ്സമായി ഇതുവരെ വാണിജ്യ ബാങ്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നത്. പുതിയ വായ്പനയത്തോടെ പണലഭ്യതയുടെ കുത്തൊഴുക്കാണ് ഉണ്ടാകുക. കൂടാതെ മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എം.എസ്.എഫ്-അടിയന്തര ആവശ്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ഈടുനല്‍കി ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കാവുന്ന ഹ്രസ്വകാല വായ്പ) പ്രകാരമുള്ള വായ്പയുടെ പലിശനിരക്ക് 0.75 ശതമാനം കുറക്കുകകൂടി ചെയ്തതോടെ വായ്പ നല്‍കാന്‍ ആവശ്യമായിവരുന്ന പണത്തിന്‍െറ ചെലവ് ഒരു ശതമാനംകണ്ട് കുറയും.  റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചതിനുപുറമെയാണ് എം.എസ്.എഫ്  0.75 ശതമാനം കുറച്ചത്. ഇതോടെ ഫലത്തില്‍ വായ്പ നല്‍കാന്‍ ആവശ്യമായ പണം സമാഹരിക്കാന്‍ വാണിജ്യ ബാങ്കുകള്‍ക്ക് വരുന്ന ചെലവ് ഒരു ശതമാനത്തോളം കുറയും. 
ഇതിനുപുറമെ പണവിപണിയിലെ ഇടപെടലുകള്‍ വഴി ബാങ്കിങ് സംവിധാനത്തിലേക്ക് 15,000 കോടി എത്തിക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വാണിജ്യ ബാങ്കുകളുടെ പണലഭ്യത വീണ്ടും വര്‍ധിപ്പിക്കും. 
ഇതുവരെ വായ്പ നല്‍കാന്‍ ആവശ്യമുള്ളതിനെക്കാള്‍ ഒരു ശതമാനം കുറവ് പണമാണ് റിസര്‍വ് ബാങ്ക് നിലനിര്‍ത്തിയിരുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെകൂടി ഭാഗമായിരുന്നു ഇത്. എന്നാല്‍, ഇനി ഈ നിലപാട് തുടരില്ളെന്നാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കിയത്. 
 വായ്പ നല്‍കുന്ന ഫണ്ടിന്‍െറ യഥാര്‍ഥ ചെലവ് കണക്കാക്കി വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്ന സംവിധാനത്തിലേക്ക് (എം.സി.എല്‍.ആര്‍) ബാങ്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ മാറിക്കഴിഞ്ഞു. ഇതോടെ, നിലവില്‍ അടിസ്ഥാന വായ്പനിരക്കില്‍ വായ്പ അനുവദിക്കുന്നതിനുപകരം നിക്ഷേപനിരക്കിന് അടുത്ത് വായ്പനിരക്കും നിശ്ചയിക്കപ്പെടും. ഈ സംവിധാനത്തിലേക്ക് ബാങ്കുകള്‍ പൂര്‍ണമായി മാറുന്നതോടെ വായ്പനിരക്കില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ പുതിയ ഇടപാടുകാര്‍ക്ക് മാത്രമാണ് പുതിയ സംവിധാനം ബാധകം. 
ഏപ്രില്‍ ഒന്നുമുതല്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതും വാണിജ്യ ബാങ്കുകള്‍ക്ക് കുറഞ്ഞ ചെലവില്‍ നിക്ഷേപം സമാഹരിക്കാന്‍ വഴിതുറക്കും. നിക്ഷേപനിരക്കുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതായിരുന്നു വായ്പകളുടെ പലിശ കുറക്കാന്‍  തടസ്സമായിരുന്നത്.
വാണിജ്യ ബാങ്കുകള്‍ക്ക് മുന്നിലുണ്ടായിരുന്ന ഈ തടസ്സങ്ങളെല്ലാം നീങ്ങി. നിക്ഷേപനിരക്ക്(വായ്പ നല്‍കുന്ന പണത്തിന് വരുന്ന ചെലവ്) അടിസ്ഥാനമാക്കി വായ്പനിരക്കുകള്‍ നിശ്ചയിക്കുന്ന സംവിധാനം ആരംഭിക്കുകയും ചെയ്തതോടെ ബാങ്കുകളുടെ വായ്പനിരക്കുകള്‍ വരുംദിവസങ്ങളില്‍തന്നെ കുറഞ്ഞേക്കും. അല്ളെങ്കില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ വീണ്ടും വടിയെടുക്കുമെന്ന് ഉറപ്പാണ്. ഇതിന്‍െറ ആദ്യ പ്രതിഫലനമുണ്ടാവുക ഭവന, വാഹന വായ്പകളിലായിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.