റിസര്‍വ് ബാങ്ക് റിപ്പോ അര ശതമാനം കുറച്ചു;

മുംബൈ: വിപണികളെയും ബിസിനസ് ലോകത്തെയും ഒരുപോലെ ഞെട്ടിച്ച് റിസര്‍വ് ബാങ്ക് പലിശനിരക്ക് ഒറ്റയടിക്ക് അര ശതമാനം കുറച്ചു. ഇതോടെ വാണിജ്യ ബാങ്കുകള്‍ ഭവന, ബിസിനസ് വായ്പകളുടെ പലിശ കുറച്ചു തുടങ്ങി. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വയ്പകളുടെ പലിശനിരക്ക് (റിപ്പോ) അര ശതമാനം കുറക്കാനാണ് ചൊവ്വാഴ്ച ആര്‍.ബി.ഐ തീരുമാനിച്ചത്. പരമാവധി 0.25 ശതമാനം കുറവ്  പ്രതീക്ഷിച്ചിരിക്കേയാണ്  റിപ്പോ നിരക്ക് 7.25 ല്‍നിന്ന് 6.75 ശതമാനമായി കുറച്ചത്. സമീപ കാലത്ത് ആര്‍.ബി.ഐ പലിശനിരക്കില്‍ വരുത്തുന്ന ഏറ്റവും വലിയ കുറവാണിത്. ഇതോടെ റിപ്പോ  നാലര വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തി.

പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം  ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ അടിസ്ഥാന വായ്പാപലിശ നിരക്ക് 0.4 ശതമാനം കുറച്ചു. ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്ക് പലിശനിരക്ക് കുറക്കുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഇതോടെ ഉപഭോക്താക്കള്‍ക്ക് വീണ്ടും കുറഞ്ഞ പലിശ നിരക്കിന്‍െറ കാലം മടങ്ങിയത്തെുകയാണ്. അവശ്യവസ്തുക്കളുടെ വിലപ്പെരുപ്പം ജനുവരിയില്‍ പ്രതീക്ഷിച്ചിരുന്ന ആറ് ശതമാനത്തിലും തഴെ 5.8 ശതമാനത്തില്‍ എത്താനുള്ള സാധ്യത തെളിഞ്ഞതിനാലാണ് പ്രതീക്ഷകളെ കടത്തിവെട്ടിയുള്ള പലിശനിരക്ക് കുറവിന് ആര്‍.ബി.ഐ ഗവര്‍ണര്‍ തയാറായത്. 2017 മാര്‍ച്ചോടെ പണപ്പെരുപ്പം അഞ്ചു ശതമാനത്തില്‍ എത്തിക്കാന്‍ കഴിയുമെന്നും വായ്പാ നയം പ്രഖ്യാപിക്കവേ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.

അതേസമയം, നടപ്പ് സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച 7.6 ശതമാനത്തില്‍നിന്ന് 7.4 ശതമാനമായി കുറക്കുകയും ചെയ്തിട്ടുണ്ട്.
എസ്.ബി.ഐ  0.4 ശതമാനം പലിശനിരക്ക്  കുറച്ചത്  ഒക്ടോബര്‍ നാലിന് പ്രാബല്യത്തില്‍ വരും.  മറ്റൊരു പൊതുമേഖലാ ബാങ്കായ ആന്ധ്ര ബാങ്ക്  0.25 ശതമാനത്തിന്‍െറ കുറവ് പ്രഖ്യാപിച്ചു. ഇതോടെ മറ്റ് വാണിജ്യ ബാങ്കുകളും  പലിശനിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതമാകും.

ഭവനവായ്പക്ക് പുറമെ ബിസിനസ്, സ്വര്‍ണപ്പണയ വായ്പകളുടെ പലിശനിരക്ക് ബാങ്കുകളുടെ അടിസ്ഥാന പലിശനിരക്കിനെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നതിനാല്‍ ഇത്തരം വായ്പകളുടെ പലിശ കുറയും. എന്നാല്‍, മിക്ക ബാങ്കുകളും വാഹന, വ്യക്തിഗത വായ്പകള്‍ സ്ഥിര നിരക്കിന്‍െറ അടിസ്ഥാനത്തിലാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ നിലവിലെ ഇത്തരം വായ്പകളുടെ പലിശനിരക്കില്‍ കുറവ് പ്രതീക്ഷിക്കാനാകില്ല. എസ്.ബി.ഐ വാഹന വായ്പയുടെയും പലിശ നിശ്ചയിക്കുന്നത് അടിസ്ഥാന നിരക്കിനെ ആശ്രയിച്ചായതിനാല്‍ എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് വാഹന വയ്പയുടെ പലിശനിരക്കിലും കുറവ് പ്രതീക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.