എത്തിയത് ചൂഷണദിനങ്ങൾ

രാജ്യം ബിഹാർ തെരഞ്ഞെടുപ്പിെൻറയും കേരളം പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറയും ലഹരിയിൽ മുങ്ങി നിൽക്കെ കേന്ദ്രസർക്കാർ ഒരിക്കൽകൂടി പൊതുജനത്തിെൻറ കീശയിൽ കൈവെച്ചു. പെട്രോളിെൻറയും ഡീസലിെൻറയും എക്സൈസ്​ തീരുവ പിന്നെയും വർധിപ്പിച്ച് പണപ്പെരുപ്പത്തിൽ വീർപ്പുമുട്ടുന്ന സാധാരണക്കാർക്ക് ചെറിയൊരു ആശ്വാസമാകാവുന്ന വിലക്കുറവാണ് തട്ടിയെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം അതിെൻറ ഭാരം ജനത്തിെൻറ തലയിലെത്തുകയും ചെയ്തു. പെട്രോളിന് ലിറ്ററിന് 36 പൈസയും ഡീസലിന് ലിറ്ററിന് 87 പൈസയും ഇനി പൊതുജനങ്ങൾ അധികം നൽകണം.
അസംസ്​കൃത എണ്ണവില കുത്തനെ ഇടിയുമ്പോഴും ലോകത്ത് പെട്രോളിയം ഉൽപന്നങ്ങൾക്ക് വിലവർധിക്കുന്ന പ്രതിഭാസം അരങ്ങേറുന്ന ഏക രാജ്യം ഇന്ത്യയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുംപോലെ ഇന്ത്യയെ പുരോഗതിയുടെയും വികസനത്തിെൻറയും പാതയിൽ നയിക്കാനാണ് ഈ ചൂഷണമെന്ന് ആശ്വാസം കൊള്ളാനാണെങ്കിൽ തെറ്റി. ഇത് രാഷ്ട്രീയ പ്രഭുക്കന്മാരുടെയും ഉദ്യോഗസ്​ഥ മേധാവികളുടെയും ധൂർത്തിനാണ്. വികസനത്തിെൻറ പേരിലുള്ള ചൂഷണം ഇതിന് പുറമെയും എത്തും. അതിെൻറ തെളിവാണ് സകല സേവനങ്ങൾക്കും നവംബർ 15 മുതൽ പൊതുജനം നൽകേണ്ട സ്വച്ഛ് ഭാരത് സെസ്​. ഈ നികുതിയെല്ലാം നൽകിയാലും നാട്ടിലെ നല്ലൊരു റോഡിലൂടെ സഞ്ചരിക്കണമെങ്കിൽ സ്വകാര്യ കമ്പനിക്ക് ടോൾ എന്ന പേരിൽ നികുതി വേറെയും നൽകേണ്ട ദുരവസ്​ഥയിലാണ് ജനങ്ങൾ. അതിനെക്കാൾ പരിതാപകരം ഈ നികുതി ചൂഷണത്തിനെതിരെ പ്രതിഷേധങ്ങളുയർത്താൻപോലും കഴിയാത്തവിധം പ്രതിപക്ഷ പാർട്ടികൾ ദുർബലമായി എന്നതാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് അഞ്ചാംതവണയാണ് പെട്രോളിെൻറയും ഡീസലിെൻറയും വില വർധിപ്പിക്കുന്നത്. ഏറ്റവുമൊടുവിലത്തെ വർധനയോടെ പെട്രോളിെൻറയും ഡീസലിെൻറയും വിലയെക്കാൾ അധികം കേന്ദ്ര–സംസ്​ഥാന നികുതികളായി നൽകേണ്ട അവസ്​ഥയാണ്. രാജ്യാന്തര വിപണിയിലെ അസംസ്​കൃത എണ്ണവില കണക്കിലെടുക്കുമ്പോൾ നിലവിൽ ഒരു ലിറ്റർ പെട്രോളിന് 27 രൂപയും ഡീസലിന് 25 രൂപയും മാത്രമേ വില വരുകയുള്ളൂ. എന്നാൽ, എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് ഉപഭോക്താക്കൾ നൽകേണ്ടത് 64.67 രൂപയാണ്, ഡീസലിന് 50.24 രൂപയും. പെട്രോളിന് 37.67 ഉം ഡീസലിന് 25.24 രൂപയുംവരും നികുതി. കഴിഞ്ഞവർഷം നവംബർ ഒന്നിന് പെട്രോളിെൻറ എക്സൈസ്​ തീരുവ 9.20 രൂപയായിരുന്നു, ഡീസലിന് 3.46 രൂപയും. ഒറ്റവർഷംകൊണ്ട്  ഇത് യഥാക്രമം 19.06 രൂപയും 10.66 രൂപയുമായി. അഥവാ, പെട്രോളിന് 100 ശതമാനവും ഡീസലിന് 200 ശതമാനവും വർധന. കഴിഞ്ഞ ഒരു വർഷത്തിനിടെ സാധാരണക്കാർക്കായി എൻ.ഡി.എ സർക്കാർ രാജ്യത്ത് നടപ്പാക്കിയ ‘അച്ഛേ ദിനിെൻറ’ യഥാർഥ മുഖമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

മറ്റൊരു കണക്കുകൂടി പരിശോധിച്ചാലെ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയശേഷം പെട്രോൾ–ഡീസൽ ഉപഭോക്താക്കൾ നേരിടേണ്ടിവരുന്ന കൊടിയ ചൂഷണം കൂടുതൽ വ്യക്തമാകൂ. എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തുന്നതിന് തൊട്ടുമുമ്പ് രാജ്യാന്തരവിപണിയിൽ അസംസ്​കൃത എണ്ണയുടെ വില വീപ്പക്ക് 140 ഡോളർവരെ ഉയർന്നിരുന്നു. അന്ന് ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ പെട്രോളിയം കമ്പനികളായ റിലയൻസും എസ്സാറും ഒരു ലിറ്റർ പെട്രോൾ 70 രൂപക്കാണ് വിറ്റിരുന്നത്. സർക്കാർ സബ്സിഡി ലഭ്യമാക്കിയിരുന്നതിനാൽ പൊതുമേഖലാ എണ്ണക്കമ്പനികൾ 67 രൂപ നിരക്കിലും വിറ്റിരുന്നു. ഇന്ന് ലോകവിപണിയിൽ അസംസ്​കൃത എണ്ണവില വീപ്പക്ക് 45 ഡോളറായി കുറയുമ്പോഴും ഇന്ത്യയിലെ ഉപഭോക്താക്കൾ പെട്രോളിന് നൽകേണ്ടിവരുന്നത് ഏറെക്കുറെ സമാനമായ വിലതന്നെയാണ്. ഇതാണോ നരേന്ദ്ര മോദി കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ വാഗ്ദാനംചെയ്ത ‘അച്ഛേ ദിൻ’.

കഴിഞ്ഞ സാമ്പത്തികവർഷം പെട്രോളിനും ഡീസലിനും ചുമത്തിയ എക്സൈസ്​ തീരുവവഴി മാത്രം കേന്ദ്ര ഖജനാവിലെത്തിയത് 99,000 കോടി രൂപയാണ്. ഇപ്പോഴത്തെ വർധനകൂടി കണക്കിലെടുക്കുമ്പോൾ നടപ്പ് സാമ്പത്തികവർഷം 1,25,000 കോടി രൂപയെങ്കിലും ഈ രണ്ട് ഉൽപന്നങ്ങൾവഴി ഖജനാവിലെത്തുമെന്നാണ് കരുതുന്നത്. ഈ പണമെല്ലാം ഭരണാധികാരികളുടെയും ഉദ്യോഗസ്​ഥ മേധാവികളുടെയും ധൂർത്തിനായി ചെലവഴിച്ചശേഷം പിന്നെയും ജനത്തെ പിഴിയുന്നതിെൻറ ഏറ്റവുമൊടുവിലത്തെ ഉദാഹരമാണ് ശുചിത്വത്തിെൻറ പേരിൽ വീണ്ടും സെസ്​ പിരിവിന് കേന്ദ്രസർക്കാർ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് ചുരുങ്ങിയകാലത്തേക്ക് പിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെസുകൾ ഏർപ്പെടുത്തിത്തുടങ്ങിയത്. എന്നാൽ, ഇന്ന് സാധാരണ ജനങ്ങൾക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ് സെസുകൾ. ചുരുങ്ങിയകാലത്തേക്കെന്ന പേരിൽ ഏർപ്പെടുത്തിയ സെസുകൾ പ്രഖ്യാപിതലക്ഷ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, അതൊരിക്കലും വിട്ടുപോവാത്ത ബാധയായി മാറുകയും ചെയ്യുന്നു.

ഇന്ത്യയിൽ മെച്ചപ്പെട്ട റോഡുകൾ നിർമിക്കാൻ 1999ൽ ഏർപ്പെടുത്തിയ റോഡ് സെസ്​ ഇപ്പോഴും തുടരുകയാണ്. എന്നാൽ, ഇന്ത്യയിലെ ഏതെങ്കിലും ഹൈവേകളിലൂടെ യാത്ര ചെയ്യണമെങ്കിൽ സ്വകാര്യ കമ്പനികൾക്ക് ടോൾ എന്നപേരിൽ വൻതുക നൽകണം. പിന്നെയെന്തിന് റോഡ് സെസ്​ എന്ന് ചോദിക്കരുത്. ആദായനികുതി ദായകർക്കേർപ്പെടുത്തിയ വിദ്യാഭ്യാസ സെസിെൻറ കാര്യവും വ്യത്യസ്​തമല്ല. ഈ ഇനത്തിൽ ഓരോ വർഷവും ആയിരക്കണക്കിന് കോടിരൂപ സർക്കാർ ഖജനാവിലെത്തുന്നുണ്ടെങ്കിലും ഇന്ത്യയിലെ പൊതു ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ പഠിക്കണമെങ്കിൽപോലും വൻതുക ബാങ്കുകളിൽനിന്ന് വിദ്യാഭ്യാസ വായ്പയെടുക്കേണ്ട അവസ്​ഥയാണ്.

സ്വച്ഛ് ഭാരത് സെസിെൻറ കാര്യവും ഇങ്ങനെയൊക്കെത്തന്നെയാകാനാണ് സാധ്യത. സേവനനികുതി ബാധകമായ എല്ലാ സേവനങ്ങൾക്കും 0.50 ശതമാനം സെസ്​ ആണ് ഇന്ത്യയെ ശുചിത്വപൂർണമാക്കാൻ മോദി സർക്കാർ ചുമത്തിയിരിക്കുന്നത്. ഫലത്തിൽ സേവനനികുതി നിലവിലെ 14 ശതമാനത്തിൽനിന്ന് 14.5 ശതമാനമായി ഉയരും. ഇന്ത്യയിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ചുമതല തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങൾക്കാണ്. അതിൽ കേന്ദ്രസർക്കാറിന് ഒരു പങ്കും നിലവിലില്ല; അത് പ്രായോഗികവുമല്ല.  പെട്ടെന്നുണ്ടായ ആവേശത്തിൽ പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. എങ്കിലും അതിനുള്ള പണപ്പിരിവ് തുടങ്ങിക്കഴിഞ്ഞു. ഇത് പല സംശയങ്ങളും ഉയർത്തുന്നുമുണ്ട്.

ഒരു ഭാഗത്ത് പെട്രോളിനും ഡീസലിനും നികുതി ഭീമമായി കൂട്ടിയും മറുഭാഗത്ത് ഇനിയും നടപ്പാക്കിയിട്ടില്ലാത്ത പദ്ധതികൾക്കായി പുതിയ നികുതികൾ ചുമത്തിയും സാധാരണക്കാരെ ചൂഷണം ചെയ്യുമ്പോഴും ഈ സർക്കാറിെൻറ കൂറ് എവിടെയാണെന്ന് മറ്റൊരു ഉൽപന്നത്തിെൻറ കാര്യം പരിശോധിച്ചാൽ വ്യക്തമാകും. 2015 ജനുവരിയിൽ വിമാന ഇന്ധനത്തിെൻറ വില 12.5 ശതമാനവും ഫെബ്രുവരിയിൽ 11.27 ശതമാനവുമാണ് എണ്ണക്കമ്പനികൾ കുറച്ചത്. ഒക്ടോബറിൽ അഞ്ചു ശതമാനം കൂടി വില കുറച്ചു. വിമാന കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കുന്ന ഈ നീക്കം നികുതി വർധനയിലൂടെ തടയാൻ സർക്കാർ ശ്രമിച്ചതുമില്ല. ഇതേ സർക്കാറാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ പെട്രോളിന് 100ഉം ഡീസലിന് 200ഉം ശതമാനം നികുതി വർധിപ്പിച്ച് സാധാരണക്കാരെ പിഴിഞ്ഞത്. ഒരു കാര്യം കൂടി അറിയുക –ഇന്ന് ഇന്ത്യയിൽ ഒരു ലിറ്റർ വിമാന ഇന്ധനത്തിന് 30 രൂപയോളംമാത്രമാണ് വില. പെട്രോളിന് ലിറ്ററിന് 65 രൂപയും ഡീസലിന് 50 രൂപയും നൽകേണ്ടി വരുമ്പോഴാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.