ലേൻ കവോക്ക
സമ്പന്നത തനിക്ക് സമ്മാനിച്ചത് ഏകാന്തതയെന്ന് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപകൻ ലേൻ കവോക്ക. ഹാവായിയൻ കുടുംബത്തിൽ ജനിച്ച കവോക്ക മിതമായ ജീവിത ശൈലിയിലാണ് ജീവിച്ചിരുന്നത്. എന്നാൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷം ധാരാളം പണം സമ്പാദിക്കുകയും അദ്ദേഹത്തിന്‍റെ 20കളുടെ ഒടുവിൽ സിയാറ്റിലിൽ വാടകക്ക് സ്ഥലം സ്വന്തമാക്കുകയും ചെയ്തു. 2015ഓടെ 11 യൂനിറ്റുകൾ സ്വന്തമാക്കുകയും ലക്ഷക്കണക്കിന് ഡോളർ സമ്പാദിക്കുകയും ചെയ്തു. എന്നാൽ ഇത്രയൊക്കെ സമ്പാദിച്ചിട്ടും സെലിബ്രിറ്റി പദവി ആഘോഷിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിലാണ് കവോക്ക തന്‍റെ അനുഭവം തുറന്നു പറഞ്ഞത്.
ധനികനായ ശേഷം പഴയ സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങൾ വഷളായി. തനിക്ക് പ്രധാനമായി തോന്നുന്നതൊന്നും സഹ പ്രവർത്തകർക്ക് മനസിലായില്ലെന്നും തന്‍റെ പഴയ സുഹൃത്തുക്കൾ കടത്തെ അപകടമായാണ് കാണുന്നതെന്നും കവോക്ക പറയുന്നു. താൻ വീമ്പ് പറയുകയാണെന്ന തോന്നൽ ഒഴിവാക്കാൻ ഇപ്പോൾ തന്‍റെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് ആരോടും സംസാരിക്കാറില്ലെന്നും സ്വന്തം വീട്ടിൽ തന്നെ താൻ ഒരു പ്രേതത്തെപ്പോലെയായിരുന്നുവെന്നുും സമപ്രായക്കാർക്കിടയിൽ താനൊറ്റപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
2016ൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ തുടങ്ങിയതു മുതലാണ് അദ്ദേഹത്തിന്‍റെ ജീവിതം മാറി തുടങ്ങിയത്. ഈ മേഖലയിലേക്ക് കടന്നു വന്നതോടെ തന്‍റെ ഭാഷ മനസിലാക്കുന്ന ആളുകളെ തനിക്ക് ലഭിച്ചു. എന്നാൽ തന്നെക്കാൾ പണം സമ്പാദിക്കുന്ന അവരിൽ മതിപ്പുണ്ടാക്കാൻ തനിക്കായില്ലെന്ന് കവോക്ക പറയുന്നു.
ആദ്യ തലമുറയിലെ മറ്റ് നിക്ഷേപകരെ കണ്ടുമുട്ടിയത് തനിക്ക് ആശ്വാസം നൽകിയെന്ന് കവോക്ക പറയുന്നു. അവർ പ്രതിഭകൾ ആയിരുന്നില്ല, മറിച്ച് കൂടുതൽ സ്ഥിരതയുള്ളവരായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നികുതി കാര്യക്ഷമത, എസ്റ്റേറ്റ് പ്ലാനിംഗ്, ഒന്നിലധികം തലമുറകൾക്കുള്ള സമ്പത്ത് എന്നിവയെക്കുറിച്ചുള്ള സംഭാഷണങ്ങൾ അവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ തന്നെ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
"എല്ലാറ്റിനുമുപരി, എനിക്ക് ആശ്വാസം തോന്നി - എന്റെ 30-കളിൽ നികുതി കാര്യക്ഷമത, എസ്റ്റേറ്റ് പ്ലാനിംഗ്, പല തലമുറക്കുള്ള സമ്പത്ത് കെട്ടിപ്പടുക്കൽ എന്നിവയെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ മാത്രമല്ല എന്നറിഞ്ഞതിൽ ആശ്വാസം തോന്നി"യെന്ന് കവോക്ക പറഞ്ഞു. ഇതിൽ നിന്നെല്ലാം താൻ അന്തർമുഖനല്ലെന്നും തന്റെ ഗോത്രം ഒരിക്കലും കണ്ടെത്തിയിട്ടില്ലാത്ത ഒരു ബഹിർമുഖനായിരുന്നുവെന്നുമാണ് താൻ മനസ്സിലാക്കിയെതെന്നാണ് കവോക്ക പറയുന്നത്.
"ഒരു ചെറിയ കൂട്ടം റിയൽ എസ്റ്റേറ്റ് നിക്ഷേപകരുമൊത്തുള്ള ഒരു അത്താഴ വിരുന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു. സംഭാഷണം സുഗമവും ആഴമേറിയതും ഊർജ്ജസ്വലവുമായിരുന്നു. ആരും പിന്നോട്ട് മാറി നിന്നില്ല. അവർ എന്നെ ശരിക്കും മനസ്സിലാക്കിയതായി എനിക്ക് തോന്നിയത് അന്നായിരുന്നു. ആ രാത്രി അവസാനിക്കാൻ ഞാൻ ആഗ്രഹിച്ചില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് കവോക്ക പഴയ സുഹൃത്തുക്കളുമായി പണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് വളരെ വിരളമാണ്. പകരം, തന്റെ മൂല്യങ്ങൾ പങ്കിടുന്നവരുമായുള്ള ബന്ധങ്ങളിലാണ് അദ്ദേഹം നിക്ഷേപം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.