പരസ്യം കണ്ട് മടുത്തോ? ടി.വി ചാനലുകൾക്ക് പൂട്ടിടാൻ ട്രായ്

മുംബൈ: ടെലിവിഷൻ പ്രേക്ഷകനായ നിങ്ങൾ പരസ്യം കണ്ട് മടുത്തെങ്കിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിലപാട് ഏറെ ആശ്വാസം പകരും. ഒരു മണിക്കൂറിൽ 12 മിനിട്ടിൽ കൂടുതൽ പരസ്യം കാണിക്കാൻ പാടില്ലെന്ന നിർദേശമാണ് ടി.വി ചാനലുകൾക്ക് ട്രായ് നൽകിയത്. ഈ നിർദേശം ചാനലുകൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രായ് വ്യക്തമാക്കി. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള നിയന്ത്രണം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ട്രായ് നിലപാട് ആവർത്തിച്ചത്. കേസിൽ അടുത്ത വർഷം ജനുവരി 27ന് കോടതി വീണ്ടും വാദം കേൾക്കും.

ഈയിടെ നടന്ന യോഗത്തിലാണ് പരസ്യം കാണിക്കുന്നതിനുള്ള ഉത്തരവ് നടപ്പാക്കണമെന്ന് ട്രായ് ആവർത്തിച്ചത്. ചട്ടം അനുസരിച്ചില്ലെന്ന് ആരോപിച്ച് നവംബർ 18ന് വിവിധ ചാനലുകൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള ചട്ടം ടി.വി ചാനലുകൾ നടപ്പാക്കണമെന്നും നിർബന്ധിത നടപടി ഡൽഹി ഹൈക്കോടതി തടഞ്ഞിട്ടുണ്ടെങ്കിലും ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്ന് ട്രായ് ഉദ്യോഗസ്ഥൻ പറഞ്ഞു. ടി.വി ചാനലുകളിൽനിന്നുള്ള പ്രതികരണം ലഭിച്ച ശേഷമായിരിക്കും അടുത്ത നടപടി സ്വീകരിക്കു​കയെന്നും അദ്ദേഹം വ്യക്തമാക്കി. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ​ട്രായ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജിയോസ്റ്റാർ, സീ എന്റർടൈൻമെന്റ്, കൾവർ മാക്സ് എന്റർടൈൻമെന്റ്, സൺ ടിവി നെറ്റ്‌വർക്ക്, ടിവി ടുഡേ, നെറ്റ്‌വർക്ക് 18, സീ മീഡിയ എന്നിവയുൾപ്പെടെ പ്രമുഖ വിനോദ, വാർത്താ ചാനലുകൾക്കാണ് നോട്ടിസ് നൽകിയിരിക്കുന്നത്.

അതേസമയം, ഈ ഘട്ടത്തിൽ പരസ്യത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് ടെലിവിഷൻ മേഖലയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നാണ് ടി.വി ചാനൽ ബ്രോഡ്കാസ്റ്റിങ് കമ്പനികളുടെ നിലപാട്. മത്സരം കടുക്കുകയും വരുമാനം കുറയുകയും ചെയ്ത പുതിയ കാലത്ത് ഈ ചട്ടങ്ങൾക്ക് പ്രസക്തിയില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ചെലവ് വർധിക്കുന്നതിനിടെ സബ്സ്ക്രിപ്ഷനിൽനിന്നും പരസ്യത്തിൽനിന്നുമുള്ള വരുമാനം കുറയുകയാണെന്ന് ബ്രോഡ്കാസ്റ്റിങ് രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒരു മണിക്കൂറിൽ 12 മിനിട്ടിൽ കൂടുതൽ സമയം പരസ്യം കാണിക്കരുതെന്നാണ് 2012ലെ ട്രായ് പരസ്യ നിയന്ത്രണ ചട്ടം പറയുന്നത്. മാത്രമല്ല, 1994ലെ കാബിൾ ടെലിവിഷൻ നെറ്റ്‍വർക്ക് ചട്ട പ്രകാരവും ഒരു മണിക്കൂറിനിടെ 12 മിനിട്ടിൽ കൂടുതൽ പരസ്യം പാടില്ല. 10 മിനിട്ട് വാണിജ്യ പരസ്യങ്ങളും രണ്ട് മിനിട്ട് ചാനലുകളുടെ സ്വന്തം പരസ്യവും അടക്കമാണിത്. എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ടെലിവിഷൻ പരസ്യങ്ങൾ 10 ശതമാനം കുറഞ്ഞെന്നാണ് ടി.എ.എം ആഡ്എക്സ് റിപ്പോർട്ട്. 

Tags:    
News Summary - Trai stands firm on compliance with 12-minute ad cap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.