ഇറക്കുമതി തീരുവ കൂട്ടി; സ്വർണം ഇനി പൊള്ളും

ന്യൂഡൽഹി: രാജ്യത്തെ വർധിച്ചുവരുന്ന ഇറക്കുമതി നിയന്ത്രിക്കുന്നതിനും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനുമായി സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുത്തനെ വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് തീരുവ ഉയർത്തിയത്.

ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര നീക്കം.10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും അഞ്ച് ശതമാനം കാർഷിക ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസും (എ.ഐ.ഡി.സി) ചേർത്താണ് ആകെ നികുതി 15 ശതമാനമായി നിശ്ചയിച്ചിരിക്കുന്നത്. 2024 പകുതിയോടെ കുറച്ചിരുന്ന നികുതി നിരക്കാണ് ഇപ്പോൾ വീണ്ടും ഉയർത്തിയിരിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി ഇന്ത്യൻ രൂപ മാറിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഇടപെടൽ. ഉയർന്ന തീരുവ സ്വർണത്തിന്റെ ഉപഭോഗം കുറക്കുമെന്നും ഇത് രാജ്യത്തിന്റെ വ്യാപാരക്കമ്മി കുറക്കാൻ സഹായിക്കുമെന്നുമാണ് വിലയിരുത്തൽ. കഴിഞ്ഞ ഞായറാഴ്ച, വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ഇന്ത്യയുടെ സ്വർണ ഉപഭോഗത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെയാണ് നടക്കുന്നത്.

സ്വർണവില നിലവിൽ ഉയർന്ന നിലയിലാണെന്നും നികുതി വർധനവ് വിപണിയിലെ ആവശ്യകതയെ ബാധിക്കുമെന്നും ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു. കഴിഞ്ഞ വർഷം ഓഹരി വിപണിയിൽനിന്നുള്ള ആദായം കുറഞ്ഞതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞിരുന്നു. ഈ വർഷം മാർച്ചിൽ അവസാനിച്ച പാദത്തിൽ സ്വർണ ഇ.ടി.എഫുകളിലേക്കുള്ള (ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) നിക്ഷേപം 186 ശതമാനം വർധിച്ച് 20 മെട്രിക് ടണ്ണിലെത്തിയിരുന്നു.

നികുതി വർധിപ്പിച്ചത് സ്വർണക്കള്ളക്കടത്ത് വീണ്ടും സജീവമാക്കാൻ ഇടയാക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നികുതി കുറച്ചതോടെ മന്ദഗതിയിലായിരുന്ന സമാന്തര വിപണി, പുതിയ നിരക്കുകൾ വരുന്നതോടെ ലാഭം കൊയ്യാൻ വീണ്ടും സജീവമായേക്കാം. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി 30 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.

മൂന്ന് ശതമാനം സംയോജിത ചരക്ക് സേവന നികുതി (ഐ.ജി.എസ്ടി) ഏർപ്പെടുത്തിയതിനെത്തുടർന്ന് ബാങ്കുകൾ ഇറക്കുമതി നിർത്തിവെച്ചിരുന്നതാണ് ഇതിന് കാരണമായത്. ഇപ്പോൾ ഇറക്കുമതി പുനരാരംഭിച്ചെങ്കിലും പുതിയ നികുതി വർധനവ് വീണ്ടും തിരിച്ചടിയായേക്കും.

അതെ സയമയം, സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കുന്നത് വിപണിയിൽ സ്വർണവില കൂടാൻ നേരിട്ട് കാരണമാകും. ഇന്ത്യ തദ്ദേശീയമായി സ്വർണം ഖനനം ചെയ്യുന്ന രാജ്യമല്ല.

അതിനാൽ നമുക്ക് ആവശ്യമുള്ള സ്വർണത്തിന്റെ ഭൂരിഭാഗവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്തുമ്പോൾ, സ്വർണം കൊണ്ടുവരുന്നവർക്ക് വലിയൊരു തുക നികുതിയായി നൽകേണ്ടി വരുന്നു. ഈ അധിക തുക സ്വാഭാവികമായും ഉപഭോക്താക്കളിൽ നിന്നാണ് ഈടാക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ വിലക്കൊപ്പം സർക്കാർ ഏർപ്പെടുത്തുന്ന നികുതികളും ചേർത്താണ് പ്രാദേശിക വിപണിയിൽ സ്വർണവില നിശ്ചയിക്കുന്നത്. നികുതി വർധിക്കുന്നതോടെ ഓരോ പവൻ സ്വർണത്തിനും വലിയ തുകയുടെ വർധനവ് ഉണ്ടാകും.

സ്വർണത്തിന്റെ അടിസ്ഥാന വിലക്കൊപ്പം മേക്കിങ് ചാർജുകളും ജി.എസ്.ടിയും നൽകേണ്ടതുണ്ട്. അടിസ്ഥാന വില കൂടുമ്പോൾ ജി.എസ്.ടി തുകയിലും ആനുപാതികമായ വർധനയുണ്ടാകും. ഇത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.ചുരുക്കത്തിൽ, നികുതി വർധിക്കുന്നത് സ്വർണം വാങ്ങുന്ന സാധാരണക്കാർക്ക് തിരിച്ചടിയാണ്.

Tags:    
News Summary - To Save Rupee, Centre Raises Gold Import Duty to 15%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.