ടാറ്റ വാഹന വിൽപന പറക്കുന്നു; മഹീന്ദ്രയെയും ഹ്യൂണ്ടായിയെയും മറികടന്നു

ന്യൂഡൽഹി: വാഹന വിപണിയിൽ വീണ്ടും ടാറ്റ മോട്ടോർസിന്റെ കുതിപ്പ്. സെപ്​റ്റംബറിലെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പാസഞ്ചർ വെഹിക്ക്ൾ വിൽപന നടത്തിയ രണ്ടാമത്തെ കമ്പനിയായി ടാറ്റ മാറി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയെയും ഹ്യൂണ്ടായ് മോട്ടോർസ് ഇന്ത്യയെയും പിന്നിലാക്കിയാണ് ടാറ്റയുടെ വളർച്ച. എന്നാൽ, വിൽപനയുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മാരുതി സുസുകി അജയ്യനായി തുടരുകയാണ്.

ജി.എസ്.ടി വെട്ടിക്കുറച്ചതും ഉത്സവകാല ഓഫറുകളും ഏറ്റവും നേട്ടമായത് ടാറ്റക്കാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. മാരുതി 1,22,278 വാഹനങ്ങളും ടാറ്റ 40,594 വാഹനങ്ങളുമാണ് വിൽപന നടത്തിയത്. 37,015 യൂനിറ്റുകൾ വിറ്റ് മഹീന്ദ്ര മൂന്നാം സ്ഥാനത്തും 35,443 വാഹനങ്ങൾ വിൽപന നടത്തിയ ഹ്യൂണ്ടായി നാലാം സ്ഥാനത്തുമാണ്. കേന്ദ്ര സർക്കാറിന്റെ വാഹൻ പോർട്ടലാണ് വിൽപനയുടെ പുതിയ കണക്കുകൾ പുറത്തുവിട്ടത്.

ഹാച്ച്ബാക്ക് വിഭാഗത്തിൽ ടിയാഗോ, ആൾട്രോസ്, സെഡാൻ വിഭാഗത്തിൽ ടിഗോർ തുടങ്ങിയ ഐ.സി.ഇ മോഡലുകളാണ് ടാറ്റ വിൽക്കുന്നത്. പഞ്ച്, നെക്സൺ, കർവ്വ്, ഹാരിയർ, സഫാരി എന്നിവയാണ് ടാറ്റയുടെ ജനപ്രിയ എസ്‌.യു.വികൾ. സഫാരി ഒ​ഴികെ എല്ലാ കാറുകളുടെയും ഇലക്ട്രിക് മോഡലുകൾ ടാറ്റ പുറത്തിറക്കിയിട്ടുണ്ട്.

ജി.എസ്.ടി കുറച്ചതോടെ ടാറ്റ വിവിധ കാറുകളുടെ വില 1.55 ലക്ഷം വരെയും മാരുതി 1.29 ലക്ഷം വരെയും കുറച്ചിരുന്നു. മഹീന്ദ്ര 1.56 ലക്ഷത്തോളം രൂപയും ഹ്യൂണ്ടായി 2.40 ലക്ഷം രൂപയുമാണ് കുറച്ചത്. കാറുകൾക്ക് നേരത്തെയുണ്ടായിരുന്ന 28 ശതമാനം ജി.എസ്.ടി 18 ശതമാനമായാണ് കുറച്ചത്. അതുപോലെ മൂന്ന് ശതമാനം വരെ ഈടാക്കിയിരുന്ന നഷ്ടപരിഹാര സെസ് പൂർണമായും ഒഴിവാക്കി.  

Tags:    
News Summary - tata motors sales grow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.