10,900 ഇലക്ട്രിക് ബസുകൾ; രാജ്യത്തെ ​ഏറ്റവും വലിയ കരാർ നേടാൻ മത്സരിച്ച് കമ്പനികൾ

മുംബൈ: വൻകിട നഗരങ്ങളിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനുള്ള രാജ്യത്തെ ഏറ്റവും വലിയ കരാർ സ്വന്തമാക്കാൻ കമ്പനികളുടെ മത്സരം. പി.എം ഇ-ഡ്രൈവ് പദ്ധതി പ്രകാരം 10,900 ഇലക്ട്രിക് ബസുകൾ നിർമിക്കാനുള്ള ടെൻഡർ നവംബർ ആറിനാണ് അവസാനിക്കുന്നത്. ബസ് നിർമാണ രംഗത്തെ അതികായരായ ടാറ്റ മോട്ടോർസും ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിച്ച് മൊബിലിറ്റിയുമാണ് കരാറിൽ താൽപര്യം പ്രകടിപ്പിച്ച പ്രമുഖ കമ്പനികൾ.

ഒപ്പം, ജെ.ബി.എം ഓട്ടോ, മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിന്റെ അനുബന്ധ സ്ഥാപനമായ ഒലെക്ട്ര ഗ്രീൻടെക്, പിന്നക്കിൾ മൊബിലിറ്റി സൊല്യൂഷൻസിന്റെ ഇ.കെ.എ മൊബിലിറ്റി, പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊലൂഷൻസ് തുടങ്ങിയ 20 ഓളം കമ്പനികളും അപേക്ഷ നൽകിയിട്ടുണ്ട്.

കേന്ദ്ര സർക്കാറിന് കീഴിലുള്ള കൺവേർജൻസ് എനർജി സർവിസസ് ലിമിറ്റഡാണ് ടെൻഡർ വിളിച്ചത്. ഡൽഹി, അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കാണ് ഇലക്ട്രിക് ബസുകൾ വാങ്ങുക. ഏറ്റവും കുറഞ്ഞ തുകക്ക് ഇത്രയും ബസുകൾ നിർമിച്ചുനൽകാൻ തയാറുള്ളവർക്കാണ് സർക്കാർ കരാർ നൽകുക. ബസുകളുടെ എണ്ണം കൂടുതലായതിനാൽ ഇത്തവണ രണ്ട് കമ്പനികൾക്ക് കരാർ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

2070 ഓടെ കാർബൺ മലിനീകരണ രഹിത രാജ്യമാകുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുഗതാഗത സംവിധാനം പൂർണമായും ​ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത്. അടുത്ത സാമ്പത്തിക വർഷം സർക്കാർ സഹായത്തോടെയുള്ള ഇ-ബസ് വിൽപന 17,000 കടക്കുമെന്നാണ് കെയർഎഡ്ജ് റേറ്റിങ്സ് റിപ്പോർട്ട് പറയുന്നത്. നിലവിൽ വർഷം 33,000 ഇ-ബസുകൾ നിർമിക്കാനുള്ള ശേഷി മാത്രമേ രാജ്യത്തുള്ളൂ. ടെൻഡർ പ്രകാരമുള്ള ബസുകളുടെ വിതരണം പൂർത്തിയാകാൻ മൂന്ന് വർഷത്തോളമെടുക്കും.

ചെലവ് കൂടുതലായതിനാൽ കമ്പനികളിൽനിന്ന് പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാതെ വന്നതോടെ രണ്ട് തവണ ടെൻഡർ മാറ്റിവെച്ചിരുന്നു. ടെൻഡറിൽ പ​​ങ്കെടുക്കാൻ കമ്പനികൾ 312 കോടിയോളം രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ബസ് നി​ർമാതാക്കൾ താൽപര്യം പ്രകടിപ്പിച്ചതിനാൽ ഇനി ടെൻഡറിൽ കാലതാമസമുണ്ടാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

ടെൻഡറിൽ ലഭിക്കുന്ന ബസുകൾ സംസ്ഥാന ഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലായിരിക്കും. ബസ് ഓടുന്ന കിലോമീറ്ററിന് അനുസരിച്ച് നിർമാണ കമ്പനിക്ക് സംസ്ഥാന സർക്കാറാണ് പണം നൽകേണ്ടത്. നാൽപത് ലക്ഷത്തിലധികം ജനസംഖ്യയുള്ള ഒമ്പത് നഗരങ്ങളിലേക്ക് 14,028 ഇ-ബസുകൾ അനുവദിക്കുന്നതിന് 4,391 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു.

Tags:    
News Summary - Tata, JBM, others eye India’s biggest electric bus tender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.