മുംബൈ: എയർ ഇന്ത്യയുടെ നേതൃത്വത്തെ അടിമുടി അഴിച്ചുപണിയാൻ ഒരുങ്ങി ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ്. കേന്ദ്ര സർക്കാരിൽനിന്ന് ഏറ്റെടുത്ത് നാലു വർഷം കഴിഞ്ഞിട്ടും പ്രവർത്തനത്തിൽ ഒരു മാറ്റവുമുണ്ടാകാത്തതിനെ തുടർന്നാണ് നീക്കം. ചെലവ് കുറഞ്ഞ വിമാന സർവിസായ എയർ എക്സ്പ്രസിനെയും ഉടച്ചുവാർക്കും. പുതിയ നേതൃത്വത്തെ കണ്ടെത്താൻ ആഗോള വ്യോമയാന വ്യവസായ മേഖലയിലെ ഉന്നതരുമായി ടാറ്റ ഗ്രൂപ്പ് ചർച്ച നടത്തിയതായാണ് വിവരം.
എയർ ഇന്ത്യയുടെ അടിത്തട്ട് മുതൽ തലപ്പത്ത് വരെയുള്ളവരുടെ ഉഴപ്പൻ സമീപനത്തിൽ നിരാശനായ ടാറ്റ സൺസ് തലവനും എയർ ഇന്ത്യ ചെയർമാനുമായ എൻ. ചന്ദ്രശേഖരനാണ് മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. എയർ ഇന്ത്യ സി.ഇ.ഒ കാംബൽ വിൽസണിനും എയർ ഇന്ത്യ എക്സ്പ്രസ് മാനേജിങ് ഡയറക്ടർ അലോക് സിങ്ങിനും പകരം പുതിയ വിദഗ്ധരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്. ഇരുവരുടെയും സേവന കാലാവധി അടുത്ത വർഷത്തോടെ അവസാനിക്കും. എയർ ഇന്ത്യയുടെ മോശം പ്രവർത്തനത്തെ കുറിച്ച് കാംബലുമായി ഈയിടെ ചന്ദ്രശേഖരൻ നിരവധി തവണ ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. അതേസമയം ഇതേകുറിച്ച് ടാറ്റ സൺസ് പ്രതികരിച്ചിട്ടില്ല.
യു.കെയിലെയും യു.എസിലെയും വിമാന സേവന കമ്പനികളുമായാണ് ചന്ദ്രശേഖരൻ ചർച്ച നടത്തിയത്. കാംബലിന്റെ സേവന കാലാവധി അവസാനിക്കുന്നതോടെ പുതിയ നേതൃത്വം ചുമതലയേൽക്കുമെന്ന് എയർ ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. സി.ഇ.ഒ പദവിയിൽ തുടരാൻ താൽപര്യമില്ലെന്ന് കാംബൽ ടാറ്റ ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്. 2022ലാണ് കാംബൽ എയർ ഇന്ത്യയുടെ സി.ഇ.ഒയായി ചുമതലയേൽക്കുന്നത്. സാമ്പത്തിക നില മെച്ചപ്പെടുത്താനും എയർ ഇന്ത്യയെ ആഗോള വിപണിയിൽ ശക്തനാക്കാനും അഞ്ച് വർഷത്തെ പദ്ധതി അദ്ദേഹം തയാറാക്കിയിരുന്നു.
എന്നാൽ, പദ്ധതിയിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് വിവരം. അദ്ദേഹത്തിന്റെ പദ്ധതി പ്രകാരം വിസ്താര എയർലൈനുമായുള്ള ലയനം വളരെ എളുപ്പം നടക്കുകയും വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. വിപണി നേതൃത്വത്തിൽ രാജ്യത്തെ ഏറ്റവും വലിയ വിമാന സേവന കമ്പനിയായ ഇൻഡിഗോയെ ചില മെട്രോ നഗരങ്ങളിൽ മറികടക്കാനും കഴിഞ്ഞു. എന്നാൽ, കഴിഞ്ഞ വർഷം എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ തകർന്ന് വീണ് 260 പേർ മരിച്ചത് കമ്പനിക്ക് കടുത്ത തിരിച്ചടിയായി. അന്വേഷണ റിപ്പോർട്ടിൽ വിമാനത്തിനോ എൻജിനോ തകരാറുണ്ടെന്ന് പറയാത്തതിനാൽ, ജീവനക്കാർക്ക് നേരെയാണ് ചോദ്യമുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.