മുംബൈ: ആഗോള പ്രതിസന്ധിയിൽ തകർന്നടിഞ്ഞ് ഓഹരി വിപണി. ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ സെൻസെക്സ് 1000ത്തിലധികം പോയന്റ് ഇടിഞ്ഞു. ഉച്ച 12 മണിക്ക് നിഫ്റ്റി 281.60 പോയന്റ് ഇടിഞ്ഞ് 23,198.20ലാണ് വ്യാപാരം. നിഫ്റ്റി 1033.47 പോയന്റ് ഇടിഞ്ഞ് 73,616.37ലുമെത്തി.
യു.എസ് -ഇറാൻ സമാധാന കരാറിലെ അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വിലയിലെ വർധനവും വിദേശ നിക്ഷേപകരുടെ ഒഴുക്കും ഐ.ടി മേഖലയിലെ ഓഹരികൾ നേരിടുന്ന തിരിച്ചടിയുമെല്ലാമാണ് ഓഹരിവിപണിയെ പിടിച്ചുലച്ചത്. രാജ്യത്ത് രൂപയുടെ മൂല്യവും ദുർബലമായി തുടരുകയാണ്. ഡോളറിനെതിരെ 95.4475 ആണ് രൂപയുടെ മൂല്യം. കഴിഞ്ഞദിവസം 95.2650 ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ, ഇന്ന് വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 0.2 ശതമാനം ഇടിയുകയായിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും പുതിയ ആക്രമണ റിപ്പോർട്ടുകളുമാണ് വിപണിക്ക് തിരിച്ചടിയായത്. ക്രൂഡ് ഓയിൽ വിലയിലെ വർധനവാണ് ഓഹരി വിപണിയിലെ ഇടിവിന് മറ്റൊരു പ്രധാന കാരണം. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 96.84 ഡോളറിലെത്തിയപ്പോൾ ഡബ്ല്യു.ടി.ഐ ക്രൂഡ് ഓയിൽ ബാരലിന് 94.65 ഡോളറിലെത്തി. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ എണ്ണവില ഉയരുന്നത് വിപണിയെ തളർത്തും. ക്രൂഡ് ഓയിൽ വിലയിലെ വർധന ഗതാഗതം, ഉൽപാദനം, ലോജിസ്റ്റിക്സ് ചെലവുകൾ എന്നിവ കൂട്ടുകയും പണപ്പെരുപ്പത്തിലും കോർപ്പറേറ്റ് വരുമാനത്തിലും സമ്മർദ്ദം ചെലുത്തുകയും ചെയ്യും.
ഭൗമരാഷ്ട്രീയ ആശങ്കകൾക്ക് പുറമേ വിദേശ നിക്ഷേപം, രൂപയുടെ മൂല്യം, റിസർവ് ബാങ്കിന്റെ വരാനിരിക്കുന്ന നയ തീരുമാനം എന്നിവയാണ് നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. എ.ഐ മേഖലയിലെ വളർച്ചയിൽ യു.എസ്, ദക്ഷിണ കൊറിയ, തായ്‌വാൻ, ജപ്പാൻ തുടങ്ങിയ ആഗോള വിപണികൾ നേട്ടമുണ്ടാക്കുമ്പോൾ ഇന്ത്യൻ വിപണി തളർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച ടാറ്റ കൺസൾട്ടൻസി സർവീസസ് ആണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്നോളജീസ്, എറ്റേണൽ, ഐ.ടി.സി, ബജാജ് ഫിൻസെർവ്, ആക്സിസ് ബാങ്ക്, എസ്.ബി.ഐ, ബജാജ് ഫിനാൻസ്, എൻ.ടി.പി.സി എന്നിവയും നഷ്ടത്തിലായി. അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, മാരുതി സുസുക്കി, ഭാരതി എയർടെൽ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.