വേ​ഗം കു​റ​ക്കൂ, കാ​ഷ് പ്രൈ​സ് നേ​ടൂ...

ഇന്ന് മിക്ക വൻകിട കോർപറേറ്റ് കമ്പനികളുടെയും തലപ്പത്തിരിക്കുന്നവർ ലോകത്തെ വിഖ്യാതമായ സർവകലാശാലകളിൽനിന്ന് മാനേജ്മെന്റ് ബിരുദം കരസ്ഥമാക്കിയവരായിരിക്കും. എന്നാൽ, ഇവരിൽ എത്രപേർ തങ്ങൾ പഠിച്ച മാനേജ്മെന്റ് തത്ത്വങ്ങൾ സ്വന്തം ബിസിനസിൽ പ്രയോഗവത്കരിച്ചിട്ടുണ്ടാകും? ചുരുക്കം ചിലർ മാത്രം. അവിടെയാണ് ഫോക്സ് വാഗൺ കമ്പനി മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാകുന്നത്. Reward & Punishment എന്ന പ്രശസ്തമായ മാനേജ്മെന്റ് സിദ്ധാന്തത്തെ അടിസ്ഥാനമാക്കി തികച്ചും വ്യത്യസ്തമായ ഒരു മാർക്കറ്റിങ് കാമ്പയിനിലൂടെ ഫോക്സ് വാഗൺ ഈയിടെ ലോകമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

ലോകത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്വീഡൻ. കാരണം അമിതവേഗം തന്നെ. സ്വീഡിഷ് സർക്കാർ മുൻകൈയെടുത്ത് പലരീതിയിലുള്ള ട്രാഫിക് ബോധവത്കരണ ശ്രമങ്ങൾ നടത്തിയെങ്കിലും അപകടങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഒരേസമയം ജനങ്ങൾക്കും സർക്കാറിനും തലവേദനയായ ഈ പ്രശ്നത്തിന് എങ്ങനെ അറുതിവരുത്താം എന്ന ചിന്തയിൽനിന്നാണ് വ്യത്യസ്തമായ ഒരു ആശയം ഉരുത്തിരിഞ്ഞത്.

സ്വീഡിഷ് റോഡ് സേഫ്റ്റി ഓർഗനൈസേഷന്റെ പിന്തുണയോടെ ഫോക്സ് വാഗൺ കമ്പനി നടപ്പാക്കിയ ഈ കാമ്പയിന്റെ പേര് ‘സ്പീഡ് കാമറ ലോട്ടറി’ എന്നാണ്. ഇതുപ്രകാരം സ്വീഡനിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്ന ആറു പ്രധാന നിരത്തുകളിൽ ഫോക്സ് വാഗൺ സ്പീഡ് ഡിറ്റക്ടിങ് കാമറകൾ സ്ഥാപിച്ചു.

ഓരോ മൂന്നു കിലോമീറ്റർ ദൂരത്തിലും സ്ഥാപിച്ചിട്ടുള്ള ഈ കാമറകൾക്ക് വാഹനങ്ങളുടെ വേഗം അളക്കാൻ മാത്രമല്ല, നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്ത് അവയുടെ രജിസ്ട്രേഷൻ നമ്പറുകൾ ഒപ്പിയെടുത്ത് മെമ്മറിയിൽ സൂക്ഷിക്കാനും സാധിക്കും. ഓരോ നിരത്തിലൂടെയും മിതമായ വേഗത്തിൽ ഓടുന്ന വാഹനങ്ങളുടെയും അമിതവേഗത്തിൽ ഓടുന്ന വാഹനങ്ങളുടെയും നമ്പറുകൾ ഇവ പ്രത്യേകം തരംതിരിച്ചു സൂക്ഷിക്കും.

അമിതവേഗത്തിൽ ഓടുന്ന വാഹനങ്ങളുടെയെല്ലാം ആർ.സി ഉടമകളുടെ മൊബൈൽ നമ്പറുകളിലേക്ക് അടുത്ത നിമിഷംതന്നെ ഒരു ഓട്ടോമേറ്റഡ് എസ്.എം.എസ് അയക്കപ്പെടും. അതിൽ വാഹനം സഞ്ചരിച്ച വേഗവും നൽകേണ്ട പിഴയും രേഖപ്പെടുത്തിയിട്ടുണ്ടാകും. അന്ന് വൈകുന്നേരത്തിനകം പിഴ ഓൺലൈൻ വഴി അടച്ചില്ലെങ്കിൽ പിഴ ഇരട്ടിക്കും.

മേൽപറഞ്ഞ രീതിയിൽ പിഴയായി സമാഹരിച്ച മൊത്തം തുകയും, അന്നേദിവസം ട്രാഫിക് നിയമങ്ങൾ പാലിച്ച് മിതമായ വേഗത്തിൽ വാഹനമോടിച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേർക്ക് തുല്യമായി വീതിച്ച് കാഷ് പ്രൈസ് ആയി നൽകും. ഇതായിരുന്നു അവരുടെ റിവാർഡ് ആൻഡ് പണിഷ്മെന്റ് സിസ്റ്റം.

ഈ പുതിയ സംവിധാനം നിലവിൽ വന്നശേഷം സ്വീഡനിലെ ഡ്രൈവർമാരുടെ മനോഭാവത്തിൽ കാര്യമായ വ്യത്യാസമുണ്ടായി. ട്രാഫിക് ഫൈനിനെ പേടിയില്ലാത്തവർ പോലും കാഷ് പ്രൈസ് മോഹിച്ച് ട്രാഫിക് നിയമങ്ങൾ അനുസരിക്കാനും മിതമായ വേഗത്തിൽ ശ്രദ്ധയോടെ വാഹനമോടിക്കാനും തുടങ്ങി. കാമ്പയിൻ തുടങ്ങി ആദ്യത്തെ മൂന്നു ദിവസംകൊണ്ട് തന്നെ അപകടങ്ങൾ മൂന്നിലൊന്നായി കുറഞ്ഞു.

സ്കൂൾ, ഹോസ്പിറ്റൽ, മാർക്കറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ അന്നുവരെ 35 കിലോമീറ്റർ ശരാശരി വേഗമുണ്ടായിരുന്നത് ദിവസങ്ങൾക്കുള്ളിൽ 25 കിലോമീറ്ററായി കുറഞ്ഞു. അപകടങ്ങൾ കുറഞ്ഞതോടെ അപകട മരണങ്ങളും അപകടങ്ങളിൽ ഗുരുതരമായ പരിക്കേൽക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു.

Tags:    
News Summary - speed slow down and win cash prizes...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.