മുംബൈ: ആഗോള പ്രതിസന്ധി തുടരുന്നതിനിടെ നഷ്ടത്തോടെയാണ് തുടങ്ങിയതെങ്കിലും തിരിച്ചുകയറി ഓഹരിവിപണി. യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഓഹരിവിപണിയെ പ്രതീക്ഷയിലാക്കിയത്.
സെൻസെൻക്സ് 400 പോയന്റോളം ഉയർന്ന് 73,700ലും നിഫ്റ്റി 150 പോയന്റ് ഉയർന്ന് 22,900ലുമെത്തി. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രാവിലെ 9.29ന് സെൻസെക്സ് 382.67 പോയന്റ് ഇടിഞ്ഞ് 72,936.88ലും നിഫ്റ്റി 84.90 ഇടിഞ്ഞ് 22,628.20 ലുമെത്തിയിരുന്നു. എന്നാൽ, പിന്നീട് വിപണി തിരിച്ചുകയറുകയായിരുന്നു.
ട്രെന്റ്, ടൈറ്റൻ, ആക്സിസ് ബാങ്ക്, അദാനി എന്റർപ്രൈസസ്, ശ്രീറാം ഫിനാൻസ്, ടാറ്റാ കൺസൽട്ടൻസി സർവിസസ് ലിമിറ്റഡ്, വിപ്രോ ലിമിറ്റഡ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികളാണ് നേട്ടത്തിലുള്ളത്.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിലെ ഓരോ സംഭവവികാസങ്ങളും വിപണിയിൽ ചാഞ്ചാട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. പോസിറ്റീവ് -നെഗറ്റീവ് സംഭവവികാസങ്ങളെ നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അത് വിപണിയിൽ പ്രതിഫലിച്ചേക്കാമെന്നും അവർ പറയുന്നു. ക്രൂഡ് ഓയിൽ വിലയിലെ ചലനങ്ങൾ വിപണി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സംഘർഷം തുടർന്നാലും ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന സൂചന വിപണിക്ക് അനുകൂലമായേക്കാമെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.