ജോലി സമയം കഴിഞ്ഞ് ഓഫിസിൽനിന്ന് വിളി; ഫോണെടുക്കണോ? കോർപറേറ്റ് ​ലോകത്ത് ചർച്ചയായി സ്വകാര്യ ബിൽ

മുംബൈ: കഴിഞ്ഞ ആഴ്ച പാർലമെന്റിൽ അവതരിപ്പിച്ച ഒരു സ്വകാര്യ ബിൽ രാജ്യത്തെ കോർപറേറ്റ് ലോകത്ത് പുതിയ ചർച്ചക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ജോലിക്കും സ്വകാര്യ ജീവിതത്തിനും ഇടയിൽ വേർതിരിവുണ്ടോ എന്നതാണ് ചർച്ച. എൻ.സി.പി എം.പിയായ സുപ്രിയ സുലെയാണ് റൈറ്റ് ടു ഡിസ്കണക്ട് ബിൽ 2025 അവതരിപ്പിച്ചത്. ജോലി സമയം കഴിഞ്ഞ ശേഷം ഓഫിസിൽനിന്നുള്ള ഫോൺ വിളികൾ ഉൾപ്പെടെ എല്ലാ ആശയവിനിമയങ്ങളും നിരസിക്കാൻ തൊഴിലാളികളെ അനുവദിക്കണമെന്നാണ് ബിൽ ആവശ്യപ്പെടുന്നത്. സ്വകാര്യ ബിൽ അവതരിപ്പിക്കാൻ മന്ത്രിമാരല്ലാത്ത എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെങ്കിലും അപൂർവമായി മാത്രമേ ഈ ബില്ലുകൾ നിയമമാകാറുള്ളൂ.

​​ബിൽ നിയമമായാലും ഇല്ലെങ്കിലും തൊഴിലിനും സ്വകാര്യ ജീവിതത്തിനും ഇടയിൽ ഒരു അതിർ വരമ്പ് നിർണയിക്കുന്നത് ജീവനക്കാരുടെ ആരോഗ്യവും തൊഴിൽ ക്ഷമതയും വർധിപ്പിക്കുമെന്നാണ് കോർപറേറ്റ് ​​രംഗത്തെ പ്രമുഖർ പറയുന്നത്. മേഴ്സിഡസ് ബെൻസ് ഇന്ത്യ, ആർ.പി.ജി ഗ്രൂപ്പ്, വാഡിയ ഗ്രൂപ്പിന്റെ ബോംബെ റിയാൽറ്റി, ഗ്രാന്റ് തോൺടൺ ഭാരത്, ടീംലീസ് സർവിസസ്, റാൻഡ്സ്റ്റഡ് തുടങ്ങിയ കമ്പനികളുടെ തലവന്മാരാണ് ബില്ലിനെ അനുകൂലിച്ച് ​അഭിപ്രായം പ്രകടിപ്പിച്ചത്. ഫ്രാൻസ്, ബെൽജിയം, അയർലൻഡ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഇങ്ങനെയൊരു നിയമം നിലവിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരുടെ ക്ഷേമത്തിനായി ആർ.പി.ജി ഗ്രൂപ്പ് നടപ്പാക്കിയ പദ്ധതികളെ പിന്തുണക്കുന്നതാണ് സ്വകാര്യ ബില്ലെന്ന് വക്താവ് പറഞ്ഞു. സന്തോഷകരമായ തൊഴിൽ അന്തരീക്ഷം ജീവനക്കാരെ സന്തുഷ്ടരാക്കും. സന്തുഷ്ടരായ ജീവനക്കാർ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാരുടെ മാനസിക, ശാരീരിക ആരോഗ്യം ഉറപ്പുവരുത്താൻ ആർ.പി.ജി ഗ്രൂപ്പിന്റെ കമ്പനിയായ സീറ്റ് വ്യത്യസ്ത നയങ്ങൾ നടപ്പാക്കി. വൈകീട്ട് എട്ട് മുതൽ രാവിലെ എട്ട് വരെയും വാരാന്ത്യങ്ങളിലും ജോലി ചെയ്യരുത്, ഉച്ചഭക്ഷണത്തിന് ആവശ്യത്തിന് സമയവും സൗകര്യവും നൽകുക തുടങ്ങിയ നയങ്ങൾ ഇവയിൽ ചിലതാണെന്ന് വക്താവ് കൂട്ടിച്ചേർത്തു.

ജീവനക്കാരുടെ തൊഴിലും സ്വകാര്യ ജീവിതവും ഒ​ത്തൊരുമിച്ച് പോകാൻ ഹൈബ്രിഡ് ​മാതൃകയാണ് രാജ്യത്തെ പ്രമുഖ ആഢംബര വാഹന നിർമാതാക്കളായ മേഴ്സിഡസ് ബെൻസ് പിന്തുടരുന്നത്. ഹൈബ്രിഡ് മാതൃക പ്രകാരം ഓരോ ജീവനക്കാരനും ആഴ്ചയിൽ രണ്ട് ദിവസം വിട്ടിൽനിന്ന് ​ജോലി ചെയ്യാൻ അവസരം നൽകുന്നുണ്ടെന്ന് എം.ഡിയും സി.ഇ.ഒയുമായ സന്തോഷ് അയ്യർ പറഞ്ഞു. ഹൈബ്രിഡ് തൊഴിൽ സംസ്കാരം ജീവനക്കാരുടെ ഉത്തരവാദിത്തവും മാനേജർമാരുടെ വിശ്വാസവും വർധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടീംലീസ് സർവിസസ് കമ്പനിയുടെ ജീവനക്കാർ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെയാണ് ജോലി ചെയ്യുന്നത്. ശനിയും ഞായറും ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ട്. ജോലിക്ക് പ്രത്യേക സമയം നിശ്ചയിച്ചത് വ്യക്തത നൽകുമെന്ന് ടീംലീസ് സർവീസസിന്റെ പ്രത്യേക സ്റ്റാഫിങ് കമ്പനിയായ ടീംലീസ് ഡിജിറ്റൽ സി.ഇ.ഒ നീതി ശർമ്മ പറഞ്ഞു. പ്രത്യേകിച്ച് വിവിധ സ്ഥലങ്ങളിലും വി​ദൂര ദേശങ്ങളിലും ജോലി ചെയ്യുന്ന ടീമുകൾക്ക്. പക്ഷെ, വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി സഹകരിക്കുന്ന ചില കമ്പനികളുടെ പ്രവർത്തന രീതി പരിഗണിക്കുമ്പോൾ വ്യത്യസ്ത സമയങ്ങളിൽ ജോലി ചെയ്യേണ്ടി വരുമെന്നും അവർ പറഞ്ഞു.

അതേസമയം, രാജ്യത്തെ തൊഴിലാളി സമൂഹം പക്വതയാർജിച്ചു എന്നതാണ് റൈറ്റ് ടു ഡിസ്കണക്ട് ബിൽ വ്യക്തമാക്കുന്നതെന്ന് റൻഡ്സ്റ്റഡ് ഇന്ത്യ എം.ഡിയും സി.ഇ.ഒയുമായ പി.എസ്. വിശ്വനാഥ് അഭിപ്രായപ്പെട്ടു. ഏതു സമയവും ​ഓഫിസുമായി ബന്ധം നിലനിർത്തുന്ന സ്വഭാവം മാറ്റണമെന്നാണ് ബിൽ ആവശ്യപ്പെടുന്നത്. എത്ര സമയം ചെയ്തു എന്നതിന് പകരം ജോലിയുടെ ​ഗുണഫലങ്ങൾ കണ​ക്കിലെടുക്കാൻ കമ്പനികളുടെ നേതൃത്വം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബിൽ മുന്നോട്ടുവെക്കുന്ന ആശയത്തിന് കോർപറേറ്റുകളിൽനിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്ന് നിർമാണം, റിയൽ എസ്റ്റേറ്റ്, ടെക് തുടങ്ങിയ വിവിധ മേഖലകളിലായി 20 ഓളം ക്ലയന്റുകളിൽനിന്ന് അഭിപ്രായം തേടിയ ഗ്രാന്റ് തോൺടൺ ഭാരതിന്റെ പാർട്ട്ണറായ പ്രിയങ്ക ഗുലാത്തി വ്യക്തമാക്കി. സമയം കൂടുതൽ ഓഫിസിൽ ചെലവഴിക്കുന്നതിന് പകരം ഫലപ്രദമായി ജോലി ചെയ്യാനും അച്ചടക്കം പാലിക്കാനുമുള്ള ജീവനക്കാരുടെ ഉത്തരവാദിത്ത ബോധം പക്വതയുള്ള സ്ഥാപനത്തിൽ വളരെ ശക്തമായിരിക്കും. അതേസമയം, ചില അടിയന്തര ഘട്ടങ്ങളിൽ കൂടുതൽ സമയം ജീവനക്കാർ ​ജോലി ​ചെയ്യേണ്ടതുണ്ടെന്നാണ് കൂടുതൽ ക്ലയന്റുകളുടെയും നിലപാടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.    

Tags:    
News Summary - Right to Disconnect Bill rekindles work–life boundary debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.