ജിയോ മാത്രമല്ല, റിലയൻസ് റീട്ടെയിലും ഐ.പി.ഒക്ക് ഒരുങ്ങുന്നു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) ക്ക് ഒരുങ്ങുന്നു. റിലയൻസ് ഇൻഡസ്ട്രീസിൽനിന്ന് വിഭജിച്ച റിലയൻസ് റീട്ടെയിലിനെ പുതിയ അനുബന്ധ കമ്പനിയാക്കിയ നടപടി ഈ മാസം പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഐ.പി.ഒക്ക് നീക്കം തുടങ്ങിയത്. ടെലികോം ഭീമനായ ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ പ്രഥമ ഓഹരി വിൽപന അടുത്ത വർഷം നടത്താനുള്ള പ്രവർത്തനങ്ങൾ സജീവമാണ്. എന്നാൽ, ഐ.പി.ഒക്ക് മുമ്പ് ഓരോ വർഷവും 2000 പുതിയ സ്റ്റോറുകൾ തുടങ്ങാനും കടം ഗണ്യമായി കുറക്കാനുമാണ് റിലയൻസ് റീട്ടെയിലിന്റെ പദ്ധതി. മാത്രമല്ല, രാജ്യത്ത് അതിവേഗം വളരുന്ന ക്വിക്ക് കോമേഴ്സ് രംഗത്ത് സാന്നിധ്യം ശക്തമാക്കാനും ഇതിനായി പ്രത്യേക സ്റ്റോറുകൾ സ്ഥാപിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.

ടെലികോം ബിസിനസ് ഐ.പി.ഒ അടുത്ത വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും അതുകഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമായിരിക്കും റീട്ടെയിൽ ബിസിനസിന്റെ പ്രഥമ ഓഹരി വിൽപന നടത്തുകയെന്നും റിലയൻസ് വൃത്തങ്ങൾ അറിയിച്ചു.

ഐ.പി.ഒക്ക് മുമ്പ് സ്റ്റോറുകൾ ലാഭകരമാക്കുകയും മൂല്യം ഉയർത്തുകയും ചെയ്യുന്ന പദ്ധതിയിലാണ് റിലയൻസ് റീട്ടെയിൽ. രണ്ട് വർഷത്തിനിടെ ലാഭകരമല്ലാത്ത നിരവധി സ്റ്റോറുകൾ പൂട്ടി. ലാഭകരമല്ലാത്തവ പൂട്ടുന്നത് തുടരുന്നതിനൊപ്പം ഓരോ വർഷവും പുതിയ 2000 സ്റ്റോറുകൾ തുറക്കുകയും ചെയ്യുമെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് പറഞ്ഞു.

ഇതിനെല്ലാം പുറമെ, ക്വിക്ക് ഡെലിവറി രംഗത്ത് സാന്നിധ്യം കൂടുതൽ ശക്തമാക്കും. നിലവിൽ പ്രതിദിനം പത്ത് ലക്ഷം അതിവേഗ വിതരണങ്ങൾ നടത്തുന്നുണ്ട്. 90 ശതമാനം ഓർഡറുകളും 30 മിനിറ്റിനുള്ളിലാണ് ഡെലിവർ ചെയ്യുന്നത്. അതിവേഗ ഡെലിവെറിക്ക്​ വേണ്ടി വൻകിട നഗരങ്ങളിൽ പ്രത്യേക സ്റ്റോറുകൾ തുറന്നതായും എക്സികുട്ടിവ് വ്യക്തമാക്കി.

റിലയൻസ് റീട്ടെയിലിന്റെ സാമ്പത്തിക ബാധ്യത കഴിഞ്ഞ വർഷത്തെ 53,546 കോടി രൂപയിൽനിന്ന് 20,464 കോടി രൂപയായി കുത്തനെ കുറഞ്ഞിരുന്നു. മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിൽനിന്നുള്ള കടം 40,164 കോടി രൂപയിൽനിന്ന് 5655 കോടി രൂപയായി വെട്ടിക്കുറക്കുകയും ചെയ്തു. സെപ്റ്റംബർ പാദത്തിലെ കണക്കനുസരിച്ച്, കമ്പനിക്ക് രാജ്യവ്യാപകമായി 19,821 ഔട്ട്‌ലെറ്റുകളുണ്ട്. ഈ സാമ്പത്തിക പാദത്തിൽ മാത്രം 412 സ്റ്റോറുകളാണ് തുറന്നത്. ഈ കാലയളവിൽ റീട്ടെയിൽ ബിസിനസിന്റെ മൊത്ത വരുമാനം 18 ശതമാനം വർധിച്ച് 90,018 കോടി രൂപയിലെത്തി. നികുതിക്ക് ശേഷമുള്ള ലാഭം 17 ശതമാനം വർധിച്ച് 3,439 കോടി രൂപയാകുകയും ചെയ്തു.

Tags:    
News Summary - Reliance Retail aims for an Initial Public Offering by 2028.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.