രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു: ഡോളറിനോട് 34 പൈസ ഇടിഞ്ഞ് 96.59ൽ

മുംബൈ: ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മൂലം ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 34 പൈസ ഇടിഞ്ഞ് 96.59ൽ എത്തി. ഇന്‍റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ ഡോളറിനെതിരെ 96.36 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്.

പകൽ സമയത്ത് 96.25 നും 96.57 നും ഇടയിൽ മൂല്യത്തിൽ വ്യതിയാനം ഉണ്ടായി. ഒടുവിൽ മുൻ ദിവസത്തെ ക്ലോസിങിനെക്കാൾ 34 പൈസ കുറഞ്ഞ് 96.59 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയർന്ന് 96.25 എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തിരുന്നത്.

അതേസമയം, മറ്റ് ആറ് പ്രധാന കറൻസികൾക്കെതിരെയുള്ള ഡോളറിന്‍റെ മൂല്യം അളക്കുന്ന ഡോളർ ഇൻഡക്സ് 0.07 ശതമാനം ഇടിഞ്ഞ് 101.10 ൽ വ്യാപാരം നടന്നു. ആഗോള എണ്ണ സൂചികയായ ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ 4.30 ശതമാനം ഉയർന്ന് ബാരലിന് 94.92 ഡോളറിലെത്തിയിരിക്കുകയാണ്. ചെങ്കടൽ, ഹുർമുസ് കടലിടുക്ക് എന്നിവ വഴിയുള്ള എണ്ണക്കപ്പലുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് എണ്ണവില ഉയർന്നുനിൽക്കാൻ കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.

യു.എസ് ഇറാനെ ആക്രമിക്കുകയും തിരിച്ചടിയായി കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞത് നാട്ടിലേക്ക് ഓണക്കാലത്ത് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടമാണ്. ബാങ്കുകളുടെ സർവിസ് ചാർജിൽ ഇത് കുറവ് വരുത്തുമെന്നാണ് വിലയിരുത്തുന്നത്.

ആഭ്യന്തര ഓഹരി വിപണി

സെൻസെക്സ്: 715.06 പോയിന്‍റ് ഇടിഞ്ഞ് 76,755.05 ൽ ക്ലോസ് ചെയ്തു.

നിഫ്റ്റി: 191.45 പോയിന്‍റ് ഇടിഞ്ഞ് 23,996.25ൽ എത്തി.

Tags:    
News Summary - rupee value fell down to dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.