നിക്ഷേപകർക്ക് ബംബർ; ഇനി കൈനിറയെ ഡിവിഡന്റ്

മുംബൈ: ഓഹരി നിക്ഷേപകർക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന നിർദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). ഓഹരി ഉടമകൾക്ക് ബാങ്കുകൾ നൽകുന്ന ലാഭ വിഹിതം വർധിപ്പിക്കാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. അറ്റാദായത്തിന്റെ 75 ശതമാനം വരെ ലാഭവിഹിതമായി നൽകാൻ ബാങ്കുകൾക്ക് ഉടൻ അനുമതി ലഭിക്കും. ആർ.ബി.ഐ തയാറാക്കിയ കരട് നിർദേശത്തിലാണ് ലാഭ വിഹിതം വർധിപ്പിക്കാനുള്ള പദ്ധതിയുള്ളത്. അടുത്ത വർഷം നടപ്പാക്കുന്ന പദ്ധതിയുടെ കരട് നിർദേശത്തെ കുറിച്ചുള്ള അഭിപ്രായം ഫെബ്രുവരി അഞ്ചിനകം അറിയിക്കണമെന്ന് ബാങ്കുകളോട് ആർ.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നിലവിൽ വരുന്നതോടെ ലാഭകരമാവുകയും നിശ്ചിത മൂലധനവുമുണ്ടെങ്കിൽ മാത്രമേ ഇനി ഇന്ത്യൻ ബാങ്കുകൾക്കും ആഭ്യന്തര വിപണിയിലെ വിദേശ ബാങ്കുകൾക്കും ലാഭ വിഹിതം നൽകാൻ കഴിയൂ.

നിലവിൽ അറ്റാദായത്തിന്റെ 40 ശതമാനം വരെ ലാഭവിഹിതം നൽകാൻ മാത്രമേ ബാങ്കുകൾക്ക് അനുമതിയുള്ളൂ. ഓരോ ബാങ്കിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ചായിരിക്കും ലാഭ വിഹിതം നൽകുക. ലാഭവിഹിതം പ്രഖ്യാപിക്കുന്നതിന് മുമ്പ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയും ഭാവി പദ്ധതികളും ഡയറക്ടർ ബോർഡ് അവലോകനം ചെയ്യണമെന്ന് ആർ.ബി.ഐ കരട് രേഖയിൽ നിർദേശിച്ചു.

കോമൺ ഇക്വിറ്റി ടയർ- 1 (സി.ഇ.ടി-1) മൂലധന നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് ലാഭ വിഹിതം നൽകുന്നതിനുള്ള ഘടന ആർ.ബി.ഐ നിശ്ചയിച്ചിട്ടുള്ളത്. ബാങ്കിന്റെ പ്രധാന സാമ്പത്തിക ശേഷി കണക്കാക്കുന്നതിനുള്ള സൂചികയാണ് സി.ഇ.ടി-1 അനുപാതം. 20 ശതമാനത്തിൽ കൂടുതൽ സി.ഇ.ടി-1 മൂലധനമുള്ള വളരെ ശക്തമായ ബാങ്കുകൾക്ക് ലാഭം പൂർണമായും ഡിവിഡന്റുകളായി വിതരണം ചെയ്യാൻ അനുവാദമുണ്ടെങ്കിലും 75 ശതമാനമെന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ രാജ്യത്തെ വൻകിട ബാങ്കുകൾക്ക് ലാഭ വിഹിതം പൂർണമായും വിതരണം ചെയ്യണമെങ്കിൽ കൂടുതൽ ശക്തമായ സി.ഇ.ടി-1 മൂലധന അനുപാതം വേണം. ഉദാഹരണത്തിന് 20.8 ശതമാനം സി.ഇ.ടി-1 മൂലധന അനുപാതമുണ്ടെങ്കിലേ എസ്.ബി.ഐക്ക് ഇതിനുള്ള അനുമതി ലഭിക്കൂ. അതുപോലെ, എച്ച്.ഡി.എഫ്.സി ബാങ്കിന് 20.4 ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്കിന് 20.2 ശതമാനവും മൂലധന അനുപാതം വേണം. അതേസമയം, എട്ട് ശതമാനത്തിൽ കുറവ് മൂലധന അനുപാതമുള്ള ബാങ്കുകൾക്ക് ലാഭ വിഹിതം നൽകാൻ അനുമതിയുണ്ടാകില്ല.

നിലവിൽ ഇന്ത്യയിലെ വിദേശ ബാങ്കുകളുടെ ബ്രാഞ്ചുകൾക്ക് ആർ.ബി.ഐയുടെ മുൻകൂർ അനുമതിയില്ലാതെ ഡിവിഡന്റ് നൽകാൻ അനുമതിയുണ്ട്. എന്നാൽ, അനുവദിച്ചതിലും അധികം ഡിവിഡന്റ് നൽകിയതായി ക​ണ്ടെത്തിയാൽ വിദേശ ബാങ്കുകളുടെ ഉടമകൾ ബ്രാഞ്ചുക​ൾക്ക് തിരിച്ചുനൽകണമെന്നും ആർ.ബി.ഐ കരട് നിർദേശത്തിൽ വ്യക്തമാക്കി.  

Tags:    
News Summary - RBI proposes to cap banks' dividend payout at 75% of PAT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.