അഹ്മദാബാദ്: റെക്കോഡ് തുകക്ക് അഹ്മദാബാദിൽ ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്പ്. ചന്ദ്‌ഖേഡയ്ക്കും മൊട്ടേരയ്ക്കും ഇടയിലുള്ള അഞ്ച് പ്ലോട്ടുകളാണ് ലുലു ഗ്രൂപ്പ് വാങ്ങിയത്. അഹ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ ലേലത്തിൽ ലുലു ഗ്രൂപ്പ് സ്വന്തമാക്കുകയായിരുന്നു. 502 കോടി രൂപയായിരുന്നു ലുലു ഗ്രൂപ്പ് വാങ്ങിയ ഭൂമിയുടെ റിസർവ് തുക. ലേലത്തിൽ 519 കോടിക്ക് കമ്പനി ഭൂമി സ്വന്തമാക്കുകയായിരുന്നു. അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്കാണ് ലുലു ഭൂമി വാങ്ങിയിരിക്കുന്നത്
ഭൂമി സ്വന്തമാക്കുന്നതിനായി മറ്റ് രണ്ട് കമ്പനികളും ലേലത്തിലുണ്ടായിരുന്നു. ഒടുവിൽ സ്വകയർ മീറ്ററിന് 78,500 രൂപയെന്ന നിരക്കിൽ ലുലു ഗ്രൂപ്പ് ഭൂമി സ്വന്തമാക്കി. ഇവിടെ വലിയ ഷോപ്പിങ് മാൾ ലുലു ഗ്രൂപ്പ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
നഗരത്തിൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള 14 വാണിജ്യ പ്ലോട്ടുകളും എട്ട് റസിഡൻഷ്യൽ സ്ഥലങ്ങളും ഉൾപ്പടെ 22 എണ്ണം വിൽപ്പനക്ക് വെക്കാനാണ് കോർപറേഷൻ തീരുമാനിച്ചിരുന്നത്. ഇതുവഴി 2250 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ നടപടികൾ മെല്ലെയായി. പ്ലോട്ടുകൾ അഞ്ചാക്കി ചുരുക്കുകയും ചെയ്തു. 99 വർഷത്തേക്ക് പാട്ടത്തിന് നൽകാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് വിൽക്കാൻ ധാരണയായി. ഇതോടെ പാട്ടത്തിന് മുകളിൽ ചുമത്തുന്ന 18 ശതമാനം ജി.എസ്.ടിയും ഉണ്ടാവില്ല.
66,168 ചതുരശ്ര മീറ്റർ സ്ഥലമാണ് ലുലു വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. പുതിയ മാളിനായി 3000 കോടിയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് ഇവിടെ നടത്തുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.