മൂന്ന് മാസത്തെ സ്മാർട്ട് പ്ലാൻ; സ്റ്റാർട്ട്അപ് ഉടമ നേടിയത് 1500 കോടി

മുംബൈ: കണ്ണടകൾ വിൽക്കുന്ന ലെൻസ്കാർട്ടിന്റെ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) വിജയകരമായി പൂർത്തിയാകുമ്പോൾ രാജ്യത്ത് ഒരു ശതകോടീശ്വരൻകൂടി പിറക്കും. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽനിന്ന് ബിരുദം പൂർത്തിയാക്കിയ സി.ഇ.ഒ പിയൂഷ് ബൻസാലാണ് സ്റ്റാർട്ട്അപ്പിലൂടെ കോടികൾ കീശയിലാക്കിയത്. ബൻസാലിന്റെ സ്മാർട്ട് നിക്ഷേപ പദ്ധതി ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഐ.പി.ഒക്ക് മൂന്ന് മാസം മുമ്പ് ഘട്ടംഘട്ടമായി ലെൻസ്കാർട്ടിന്റെ കൂടുതൽ ഓഹരികൾ വാങ്ങിക്കൂട്ടിയ തന്ത്രമാണ് ബൻസാലിന് വൻ നേട്ടം സമ്മാനിച്ചത്.

ശരാശരി 52 രൂപ നിരക്കിലാണ് ലെൻസ്കാർട്ടിന്റെ 4.26 കോടി ഓഹരികൾ അദ്ദേഹം വാങ്ങിയത്. ഇതിനായി ഏകദേശം 222 കോടി രൂപയോളം മുടക്കി. ഐ.പി.ഒയിൽ 402 രൂപയാണ് ലെൻസ്കാർട്ടിന്റെ ഓഹരി വില. മികച്ച ലാഭത്തിൽ അതായത് ഐ.പി.ഒയിലേതിനേക്കാൾ 25 ശതമാനം ഉയർന്ന വിലയിലായിരിക്കും ലെൻസ്കാർട്ട് ഓഹരികൾ വിപണിയിൽ വ്യാപാരം തുടങ്ങുകയെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. അങ്ങനെയാണെങ്കിൽ ഇത്രയും ഓഹരികൾക്ക് 1717 കോടി രൂപ ലഭിക്കും. ബൻസാലിന് ലഭിക്കുന്ന ലാഭം മാത്രം 1495 കോടി രൂപയാണ്.

2010ലാണ് ബൻസാൽ ലെൻസ്കാർട്ട് സ്ഥാപിക്കുന്നത്. 10.28 കോടി ഓഹരികളാണ് അദ്ദേഹത്തിന്റെ സ്വന്തമായുള്ളത്. ഐ.പി.ഒയുടെ ഭാഗമായി 2.05 കോടി ഓഹരികൾ വിൽക്കുന്നതിലൂടെ 824 കോടി രൂപ ലാഭം നേടും. ബാക്കിയുള്ള 8.78 ശതമാനം ഓഹരികൾക്ക് 6,200 കോടി രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ഐ.പി.ഒ ലിസ്റ്റ് ചെയ്ത ശേഷം ​ലെൻസ്കാർട്ട് ഓഹരികൾ 510 രൂപക്ക് മുകളിലേക്ക് ഉയർന്നാൽ ബൻസാൽ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടും.

അദ്ദേഹത്തിന്റെ സഹോദരിയും ലെൻസ്കാർട്ട് സഹസ്ഥാപകയുമായ നേഹ ബൻസാലിനും ഏഴ് ശതമാനത്തിൽ കൂടുതൽ ഓഹരികളുണ്ട്. ഏകദേശം 40.6 കോടി രൂപക്ക് 10.1 ലക്ഷം ഓഹരികളാണ് അവർ വിൽക്കുന്നത്. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കെ.കെ.ആർ & കമ്പനി, ടി.പി.ജി ഇൻകോർപറേറ്റഡ് തുടങ്ങിയ കമ്പനികളും ലെൻസ്കാർട്ടിൽ നിക്ഷേപമിറക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ സൂപ്പർ സ്റ്റാർ നിക്ഷേപകനായ രാധാകിഷൻ ദമാനി 90 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. എസ്.ബി.ഐ മ്യൂച്ച്വൽ ഫണ്ട് കമ്പനിയും 100 കോടി രൂപ ലെൻസ്കാർട്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് ആദ്യമായി ലെൻസ്കാർട്ട് 297 കോടി രൂപയുടെ ലാഭം നേടിയത്. 2024 സാമ്പത്തിക വർഷത്തിൽ 10 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഒക്ടോബർ 31 മുതൽ നവംബർ നാലു വരെ നീണ്ടുനിൽക്കുന്ന ഐ.പി.ഒയിൽ 7,300 കോടി രൂപ സമാഹരിക്കും,

Tags:    
News Summary - Lenskart founder Peyush Bansal made Rs 1,500 crore profit in 3 months just before IPO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.