‘ഗൾഫ് മാധ്യമം ഇൻവെസ്റ്റ്മെന്‍റ് സമ്മിറ്റ്-2023’ ഉദ്ഘാടനം ചെയ്ത് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡെപ്യൂട്ടി ചെയർമാൻ വലീദ് അബ്ദുറഹ്മാൻ ബുഖാതിർ സംസാരിക്കുന്നു. ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം വികസന അതോറിറ്റി ഡയറക്ടർ ശൈഖ് സാലിം മുഹമ്മദ് അൽ ഖാസിമി, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ മുഹമ്മദ് ഫസീം, ഗൾഫ് മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ എന്നിവർ സമീപം

നിക്ഷേപക വളർച്ചക്ക് വഴി തുറന്ന് ഇൻവെസ്റ്റ്മെന്‍റ് സമ്മിറ്റ്

ഷാർജ: ചരിത്രത്തിൽ വേരാഴ്ത്തിയ ഇന്ത്യ-യു.എ.ഇ വാണിജ്യബന്ധത്തെ അനുസ്മരിച്ചും പുതുകാലം തുറന്നുവെക്കുന്ന നിക്ഷേപകാവസരങ്ങൾ പങ്കുവെച്ചും ‘ഗൾഫ് മാധ്യമം ഇൻവെസ്റ്റ്മെന്‍റ് സമ്മിറ്റ്-2023’. ഷാർജ എക്സ്പോ സെന്‍ററിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിജ്ഞാന, വിനോദമേളയായ ‘കമോൺ കേരള’ക്കു മുന്നോടിയായി ഷാർജ ചേംബർ ഓഫ് കോമേഴ്സിലാണ് നിക്ഷേപക ഉച്ചകോടി അരങ്ങേറിയത്. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡെപ്യൂട്ടി ചെയർമാൻ വലീദ് അബ്ദുറഹ്മാൻ ബുഖാതിർ സമ്മിറ്റ് ഉദ്ഘാടനം നിർവഹിച്ചു. നിരവധി മികച്ച സംരംഭകർ കേരളത്തിൽനിന്ന് എത്തിച്ചേരുന്നുണ്ടെന്നും അവരെല്ലാം യു.എ.ഇയിൽ മികച്ച വിജയം നേടുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.

വളരെ വിജയകരമായി മുന്നോട്ടുപോകുന്ന ‘കമോൺ കേരള’ വഴി കേരളത്തിലെയും യു.എ.ഇയിലെയും നിക്ഷേപകർക്കും ബിസിനസുകൾക്കും പരസ്പര ബന്ധവും പങ്കാളിത്തവും സ്ഥാപിക്കാൻ സാധിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം വികസന അതോറിറ്റി ഡയറക്ടർ ശൈഖ് സാലിം മുഹമ്മദ് അൽ ഖാസിമി ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷിബന്ധവും പരസ്പരം പങ്കിടുന്ന സാംസ്കാരിക പാരസ്പര്യവും പൈതൃകവും വാണിജ്യ, വ്യാപാര മേഖലകളിൽ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ പങ്കാളികളാക്കാൻ സഹായിക്കുന്ന ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. ഷാർജയിലേക്ക് എത്തിച്ചേരുന്ന സന്ദർശകരിൽ 10 ശതമാനത്തിലേറെ പേർ ഇന്ത്യക്കാരാണെന്നും ടൂറിസം, വാണിജ്യ മേഖലകളിൽ കൂടുതൽ സാധ്യതകൾ തേടി അതോറിറ്റി സംഘം ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ മുഹമ്മദ് ഫസീം എന്നിവർ ഉദ്ഘാടനവേദിയിൽ സന്നിഹിതരായിരുന്നു. ഗൾഫ് മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ സ്വാഗതം പറഞ്ഞു. തുടർന്ന് യു.എ.ഇയിലെയും കേരളത്തിലെയും നിക്ഷേപക സാധ്യതകളിലേക്ക് വെളിച്ചംവീശി വിവിധ സംരംഭങ്ങളുടെ നേതൃസ്ഥാനങ്ങളിലുള്ള വിദഗ്ധർ സംസാരിച്ചു. യു.എ.ഇയിലെയും ഇന്ത്യയിലെയും സംരംഭകരും ബിസിനസ് പ്രമുഖരും സമ്മിറ്റിൽ പങ്കെടുത്തു.

Tags:    
News Summary - Investment Summit paves the way for investor growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.