യു.എസ് വിട്ട് ചൈനക്ക് പിന്നാലെ ഇന്ത്യ; കയറ്റുമതി കുതിച്ചുയർന്നു

മുംബൈ: യു.എസ് പ്രഖ്യാപിച്ച ഇരട്ടി താരിഫി​നിടെ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ-നവംബർ കാലയളവിൽ കയറ്റുമതി 33 ശതമാനം വർധിച്ചു. അതായത് 12.22 ബില്ല്യൻ ഡോളറിന്റെ (1,104 കോടി രൂപ) ഉത്പന്നങ്ങൾ കയറ്റുമതി ​ചെയ്തു. യു.എസ് പ്രഖ്യാപിച്ച നിയന്ത്രണത്തിന് പിന്നാലെ ഇന്ത്യ പുതിയ വിദേശ വിപണി കണ്ടെത്തിയെന്നതിന്റെ സൂചനയാണ് കണക്ക്.

ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ കയറ്റുമതി രാജ്യമാണ് ചൈന. മൊത്തം കയറ്റുമതിയുടെ നാല് ശതമാനം ​ചൈനയിലേക്കാണ്. ഈ വർഷം നവംബറിൽ മാത്രം ചൈനയിലേക്കുള്ള കയറ്റുമതി 90 ശതമാനം വളർച്ച നേടിയിട്ടുണ്ട്. 2.2 ബില്ല്യൻ​ ഡോളറിന്റെ കയറ്റുമതി. പെട്രോളിയം, ഇലക്ട്രോണിക്സ്, സമുദ്രോൽപന്നങ്ങൾ തുടങ്ങിയവയാണ് ഏപ്രിൽ മുതൽ ഒക്ടോബർ വരെ കാലയളവിൽ കയറ്റുമതി ചെയ്തതിൽ ഭൂരിഭാഗവും. യു.എസിൽനിന്ന് ചൈനയിലേക്ക് ഇന്ത്യയുടെ കയറ്റുമതി മാറുന്നുവെന്നാണ് മൂന്ന്-നാല് മാസത്തെ പ്രവണത സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

2022 സാമ്പത്തിക വർഷം ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയിലേക്കുള്ള കയറ്റുമതി 21.6 ബില്ല്യൻ ഡോളറായിരുന്നു. 2025 സാമ്പത്തിക വർഷമായപ്പോഴേക്കും കയറ്റുമതി 14.25 ബില്ല്യൻ ഡോളറായി ഇടിഞ്ഞു. അതേസമയം, ചൈനയു​മായുള്ള വ്യാപാര ബന്ധം ശക്തമായതായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പ്രധാന ഉത്പന്നങ്ങ​ൾക്ക് ഡിമാൻഡ് ഉയർന്നതാണ് ഇതിനുള്ള കാരണം. പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് കുതിച്ചുചാട്ടമുണ്ടായത്. കഴിഞ്ഞ വർഷത്തെ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയിലധികം വർധിച്ച് 121.25 ശതമാനം വളർച്ചയോടെ 1.62 ബില്യൻ ഡോളറായി.

ഇലക്ട്രോണിക് ഉൽപന്നങ്ങളാണ് തൊട്ടുപിറകിലുള്ളത്. കയറ്റുമതിയിൽ 158.95 ശതമാനം വളർച്ച രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഉൽപന്നങ്ങൾ 1.35 ബില്യൻ ഡോളറിലെത്തി. സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി 19 ശതമാനം വർധിച്ച് 0.85 ബില്ല്യൻ ഡോളറിലെത്തി. മാത്രമല്ല, പിണ്ണാക്ക്, മൈക്ക, കൽക്കരി തുടങ്ങിയ വസ്തുക്കളുടെ കയറ്റുമതിയും ഉയർന്നു.

യു.എസിലേക്കുള്ള കയറ്റുമതി ​കുറച്ചതിന് പിന്നാലെ ഇന്ത്യ അടക്കമുള്ള ബദൽ വിപണികളിൽനിന്നാണ് ചൈന ഇറക്കുമതി ചെയ്യുന്നതെന്ന് വ്യാപാര വിദഗ്ധൻ ബിശ്വജിത് ധാർ പറഞ്ഞു. യു.എസിൽനിന്ന് ചൈന അകന്നുപോകുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവ് മുതൽ യു.എസിലേക്കുള്ള ചൈനയുടെ കയറ്റുമതി കുറഞ്ഞുവരുകയാണ്. 2017ൽ ചൈനയുടെ കയറ്റുമതി 19 ശതമാനമായിരുന്നു. ഈ വർഷം നവംബറോടെ 10 ശതമാനമായി കുറഞ്ഞു. മാത്രമല്ല, 2017ൽ യു.എസിൽനിന്നുള്ള ഇറക്കുമതി 20 ശതമാനമായിരുന്നത് ഇപ്പോൾ ഒമ്പത് ശതമാനമായി ഇടിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - India’s shipments to China surge by nearly 33% in Apr-Nov

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.