മുംബൈ: ആഗോള ഓഹരി വിപണി മൂല്യത്തിൽ ഇന്ത്യയെ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണ കൊറിയ. ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം ഇന്ത്യയിൽനിന്ന് തായ്‍വാൻ പിടിച്ചെടുത്ത് ഒരാഴ്ചക്ക് ശേഷമാണ് ഇന്ത്യയെ പിന്തള്ളി ദക്ഷിണ കൊറിയയുടെ കുതിപ്പ്. എ.ഐ രംഗത്ത് തായ്‍വാനും ദക്ഷിണ കൊറിയയും നടത്തുന്ന മുന്നേറ്റമാണ് ഓഹരി വിപണിയിലെ കുതിപ്പിന്റെ പ്രധാന കാരണം.
പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിന് പിന്നാലെ മോശം പ്രകടനമാണ് ഇന്ത്യൻ ഓഹരി വിപണി കാഴ്ചവെക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യൻ വിപണി ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു. അതേസമയം, ആഗോളതലത്തിൽ എ.ഐ മേഖലയിലുണ്ടായ കുതിപ്പും സാംസങ് ഉൾപ്പെടെ മുൻനിര ചിപ്പ് നിർമാതാക്കളുടെ വളർച്ചയും കൊറിയൻ വിപണിക്ക് അനുകൂലമായി.
ബ്ലൂംബെർഗ് ഡാറ്റ പ്രകാരം ദക്ഷിണ കൊറിയൻ വിപണിയുടെ മൂല്യം 5 ട്രില്യൺ ഡോളറിലെത്തിയപ്പോൾ ഇന്ത്യയുടേത് ഏകദേശം 4.85 ട്രില്യൺ ഡോളറാണ്. അഞ്ചാം സ്ഥാനത്തുള്ള തായ്‍വാന്റെ മൂല്യം 5.15 ട്രില്യൺ ഡോളറാണ്. കാനഡയും യു.കെയുമാണ് വെല്ലുവിളി ഉയർത്തി ഇന്ത്യക്ക് തൊട്ടുപിന്നിൽ. അമേരിക്ക 78 ട്രില്ല്യൺ ഡോളർ, ചൈന 16 ട്രില്ല്യൺ ഡോളർ, ജപ്പാൻ 8.8 ട്രില്ല്യൺ ഡോളർ എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ മൂന്നിൽ.
എ.ഐയിലുണ്ടായ വളർച്ചയാണ് കൊറിയൻ ഓഹരി വിപണിയുടെ കുതിപ്പിന് ആക്കം കൂട്ടിയത്. എ.ഐ ചിപ്പുകളുടെ ഉയർന്ന ഡിമാൻഡ് മൂലം സാംസങ് ഇലക്ട്രോണിക്സ്, എസ്.കെ ഹൈനിക്സ് തുടങ്ങിയ ടെക് ഭീമന്മാരാണ് ദക്ഷിണ കൊറിയൻ വിപണിക്ക് കരുത്തേകുന്നത്. തായ്‍വാൻ വിപണിക്കും കരുത്തായത് എ.ഐ മേഖലയാണ്. തായ്‍വാൻ സെമികണ്ടക്ടർ മാനുഫാക്ചറിങ് കമ്പനിയാണ് (ടി.എസ്.എം.സി) തായ്‍വാൻ വിപണിയെ മുന്നിൽനിന്ന് നയിക്കുന്നത്.
ദക്ഷിണ കൊറിയൻ ഓഹരി വിപണിയായ കോസ്പിയുടെ സൂചിക 2026ൽ ഇതുവരെ 99ശതമാനം കുതിച്ചു. തായ്‌വാൻ വിപണി സൂചിക 55 ശതമാനവും ഉയർന്നു. 2026ൽ നിഫ്റ്റി ഇതുവരെ 15ശതമാനമാണ് ഇടിഞ്ഞത്. 12 ശതമാനമാണ് സെൻസെക്സിന്റെ നഷ്ടം. പശ്ചിമേഷ്യയിലെ പ്രതിസന്ധികളും പണപ്പെരുപ്പവും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും എണ്ണവില വർധനയും വിദേശ നിക്ഷേപ നഷ്ടവുമെല്ലാം ഇന്ത്യൻ വിപണിയെ തളർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.