അതാനു ചക്രബർത്തി

അതാനു ചക്രബർത്തിയുടെ അപ്രതീക്ഷിത രാജി; എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളിൽ വൻ ഇടിവ്

ന്യൂഡൽഹി: എച്ച്.ഡി.എഫ്.സി ബാങ്ക് ചെയർമാൻ അതാനു ചക്രബർത്തി രാജിവെച്ചു. ബാങ്കിന്റെ പ്രവർത്തന ശൈലിയിലെയും മൂല്യങ്ങളിലെയും വിയോജിപ്പാണ് രാജിക്കുള്ള പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രാജിയെത്തുടർന്ന് കെകി മിസ്‌ത്രിയെ ഇടക്കാല ചെയർമാനായി റിസർവ് ബാങ്ക് നിയമിച്ചു. ബാങ്കിലെ ചില നടപടികളും രീതികളും തന്റെ വ്യക്തിപരമായ മൂല്യങ്ങൾക്കും ധാർമ്മികതക്കും നിരക്കാത്തതാണെന്ന് അതാനു ചക്രബർത്തി രാജിനൽകിക്കൊണ്ട് വ്യക്തമാക്കി.

‘കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിനുള്ളിൽ ഞാൻ നിരീക്ഷിച്ച ചില കാര്യങ്ങൾ എന്റെ മൂല്യങ്ങളുമായി യോജിച്ചുപോകുന്നതല്ല. ഈ തീരുമാനത്തിന് പിന്നിൽ മറ്റ് ഭൗതികമായ കാരണങ്ങളില്ല’ അദ്ദേഹം കത്തിൽ പറഞ്ഞു. രാജിവർത്ത പുറത്തുവന്നതോടെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികളിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബാങ്ക് ഓഹരികൾ ഏകദേശം 4.73 ശതമാനം ഇടിഞ്ഞ് 800.40 രൂപയിലെത്തി. അമേരിക്കൻ വിപണിയിലെ എച്ച്.ഡി.എഫ്.സി എ.ഡി.ആറുകൾ (ADR) ഒറ്റരാത്രികൊണ്ട് 7 ശതമാനത്തിലധികം ഇടിഞ്ഞു. നിലവിൽ 12.97 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കാണ് എച്ച്.ഡി.എഫ്.സി.

ഗുജറാത്ത് കേഡറിലെ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അതാനു ചക്രബർത്തി. കേന്ദ്ര ധനമന്ത്രാലയത്തിൽ സാമ്പത്തിക കാര്യ സെക്രട്ടറി (DEA) ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബജറ്റ് രൂപീകരണത്തിലും സാമ്പത്തിക നയരൂപീകരണത്തിലും നിർണായക പങ്ക് വഹിച്ചു. എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സി ലിമിറ്റഡും തമ്മിലുള്ള ചരിത്രപരമായ ലയനസമയത്ത് ബാങ്ക് ബോർഡിൽ അദ്ദേഹം സജീവമായിരുന്നു.

അതാനു ചക്രബർത്തിക്ക് പകരമായി കെകി മിസ്‌ത്രിയെ മൂന്ന് മാസത്തേക്ക് ഇടക്കാല പാർട്ട് ടൈം ചെയർമാനായി റിസർവ് ബാങ്ക് നിയമിച്ചു. മാർച്ച് 19 മുതലാണ് ഇദ്ദേഹത്തിന്റെ കാലാവധി ആരംഭിക്കുന്നത്. ലയനത്തിന് മുമ്പ് എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ വൈസ് ചെയർമാനായി കെകി മിസ്‌ത്രി പ്രവർത്തിച്ചിരുന്നു. അതാനു ചക്രബർത്തിയുടെ സേവനങ്ങൾക്ക് എച്ച്.ഡി.എഫ്.സി ബോർഡ് നന്ദി അറിയിക്കുകയും അദ്ദേഹത്തിന്റെ ഭാവി സംരംഭങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. തന്റെ ഭരണകാലത്ത് നൽകിയ പിന്തുണക്ക് ബാങ്ക് ബോർഡിനും മുതിർന്ന മാനേജ്‌മെന്റിനും അദ്ദേഹം കത്തിൽ നന്ദി അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - HDFC Bank Chairman Quits Citing 'Ethical' Concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.