മുട്ട അമേരിക്കയിലേക്കും; നാമക്കലിന് പുതുചരിത്രം

തൂത്തുക്കുടിയിലെ വി.ഒ.സി തുറമുഖത്തുനിന്ന് അമേരിക്കയിലേക്ക് ആ ചരക്ക് കപ്പൽ യാത്ര തിരിക്കുമ്പോൾ അത് തമിഴ്നാടിനും നാമക്കലിനും പുതിയ വ്യാവസായിക ചുവടുവെപ്പായിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കോഴിമുട്ട കയറ്റുമതി ചെയ്യാനായി എന്നതായിരുന്നു ആ നേട്ടം. 21 ശീതീകരിച്ച കണ്ടെയ്നറുകളിലായി ഒരു കോടി മുട്ടകളാണ് യു.എസിലേക്ക് കയറ്റുമതി ചെയ്തത്. ഓരോ കണ്ടെയ്‌നറിലും ഏകദേശം 4.75 ലക്ഷം മുട്ടകൾ.

ഇന്ത്യയുടെ ‘മുട്ട നഗരം’

1,500ലധികം കോഴിഫാമുകളുള്ള നാമക്കൽ ഇന്ത്യയുടെ ‘മുട്ട നഗരം’ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ പ്രതിദിനം ഏഴുകോടിയോളം മുട്ട ഉൽപാദിപ്പിക്കുന്നു. ഇവ ഇന്ത്യയിലൊട്ടാകെ വിപണനം ചെയ്യുന്നതിന് പുറമെ യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലേക്കും നേരത്തേതന്നെ കയറ്റുമതി ചെയ്യുന്നുണ്ട്. പ്രതിമാസം ഏകദേശം 200 ദശലക്ഷം മുട്ടകളാണ് ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്നത്. ഇതിന്റെ 90 ശതമാനവും നാമക്കൽ മേഖലയിൽനിന്നാണ്. മുട്ടയുടെ വില നിർണയ കർഷക കൂട്ടായ്മയായ നാഷനൽ എഗ് കോഓഡിനേഷൻ കമ്മിറ്റി (എൻ.ഇ.സി.സി)യുടെ ആസ്ഥാനവും നാമക്കലാണ്.

അമേരിക്കൻ കടമ്പ

അമേരിക്കയിലേക്ക് കോഴിമുട്ട കയറ്റുമതിക്ക് അംഗീകാരം കിട്ടാൻ കർശന സർട്ടിഫിക്കേഷൻ പ്രക്രിയയും ഗുണനിലവാര മാനദണ്ഡങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. അമേരിക്കയിലെ കാർഷിക വകുപ്പിന് കീഴിലുള്ള ഭക്ഷ്യസുരക്ഷ സേവനവിഭാഗം (എഫ്.എസ്.ഐ.എസ്) പരിശോധിച്ച് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന മുട്ടകൾക്ക് മാത്രമാണ് ഇറക്കുമതി അനുമതി നൽകുക.

മുട്ടയുടെ ഭാരം, ഗുണനിലവാരം, ശുചിത്വം, ആരോഗ്യ സർട്ടിഫിക്കറ്റുകൾ, ശീതീകരണ സംവിധാനങ്ങൾ, രോഗ നിരീക്ഷണം, പാക്കേജിങ്, ഡോക്യുമെന്റ് വിശകലനംപോലുള്ള കാര്യങ്ങളിൽ യു.എസിന്റേതിന് തുല്യമായ പരിശോധന സംവിധാനങ്ങൾ ഉള്ള രാജ്യങ്ങൾക്ക് മാത്രമേ യോഗ്യത അനുവദിക്കൂ. ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ എത്തിച്ചേരുമ്പോൾ എഫ്.എസ്.ഐ.എസ് വീണ്ടും പരിശോധിച്ച് മാനദണ്ഡങ്ങൾ പാലിക്കാത്തവ തിരിച്ചയക്കും.

അതേസമയം, അടുത്തിടെ യു.എസിൽ പക്ഷിപ്പനിമൂലമുണ്ടായ ക്ഷാമം നാമക്കലിൽനിന്നുള്ള മുട്ട കയറ്റുമതിക്ക് സഹായകമായതായി തമിഴ്നാട് എഗ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി. പനീർസെൽവം പറയുന്നു. ഈ സാഹചര്യത്തിൽ യു.എസ് ആസ്ഥാനമായ കമ്പനിയുമായി ചർച്ച നടത്തിയതോടെയാണ് കയറ്റുമതിക്ക് അനുമതി ലഭിച്ചത്. യു.എസിൽനിന്നുള്ള ഉപഭോക്തൃ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ തുടർച്ചയായ കയറ്റുമതി സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തുമെന്നും കയറ്റുമതി വർധിപ്പിക്കുന്നത് ആഭ്യന്തര വിപണിയിൽ മുട്ടവില സ്ഥിരപ്പെടുത്താൻ സഹായിക്കുമെന്നും പനീർസെൽവം പറയുന്നു. 

Tags:    
News Summary - Eggs to America; new history for Namakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.