പട്ന: വൻ വാഗ്ദാനങ്ങൾ നൽകി ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് വിജയം തൂത്തുവാരിയ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി. ഒരു കോടി തൊഴിലവസരങ്ങൾ, ഏഴ് പുതിയ എക്സ്പ്രസ് ഹൈവേ, വിമാനത്താവളങ്ങളുടെ നവീകരണം, വനിതകൾക്കും കർഷകർക്കും സ്വയം തൊഴിൽ അടക്കമുള്ള നിരവധി വാഗ്ദാനങ്ങളാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ സഖ്യം വോട്ടർമാർക്ക് നൽകിയത്. എന്നാൽ, സാമ്പത്തിക ഞെരുക്കം നേരിടുന്ന സംസ്ഥാനത്തിന് വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയുമോയെന്നാണ് വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നത്.
2.6 ലക്ഷം കോടി രൂപയാണ് ബിഹാറിന്റെ ഒരു വർഷത്തെ വരുമാനം. ഇതിന്റെ 60 ശതമാനവും ശമ്പളവും പെൻഷനും പലിശയും നൽകാൻ ചെലവഴിക്കുന്നെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. 2025ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം റോഡ്, റെയിൽവേ തുടങ്ങിയ വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള ചെലവ് ഏഴ് ശതമാനവും ശമ്പളം, സബ്സിഡി അടക്കം ചെലവ് 10 ശതമാനവും വെട്ടിക്കുറക്കാനാണ് കഴിഞ്ഞ സർക്കാർ പദ്ധതിയിട്ടതെന്ന് ബജറ്റ് വിശകലനം ചെയ്ത പി.ആർ.എസ് ലജിസ്ലേറ്റിവ് റിസർച്ച് സംഘടന പറയുന്നു. കടമെടുപ്പ് പരിധി നടപ്പു സാമ്പത്തിക വർഷം മൂന്ന് ശതമാനത്തിൽ ഒതുക്കാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടതിന്റെ പശ്ചാത്തലത്തിലാണ് എസ്റ്റിമേറ്റ് പുതുക്കിയത്.
എന്നാൽ, ചെലവ് വെട്ടിക്കുറക്കാനുള്ള നീക്കം പുതിയ ക്ഷേമ പദ്ധതികളും നിയമനങ്ങളും വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളും സ്തംഭിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറിന്റെ നികുതി വിഹിതം 9.665 ശതമാനത്തിൽനിന്ന് 10.058 ശതമാനത്തിലേക്ക് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഉയർത്തിയത് ബിഹാറിന് വലിയ ആശ്വാസമായിരുന്നു. ജനസംഖ്യ, സാമ്പത്തിക അസമത്വം എന്നിവ കണക്കിലെടുത്താണ് വിഹിതം കൂട്ടിനൽകിയത്. 2025, 2026 സാമ്പത്തിക വർഷങ്ങളിൽ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക സഹായവും നൽകി. എന്നാൽ, തെരഞ്ഞെടുപ്പിൽ നൽകിയ ഭീമൻ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കാൻ ഇതൊന്നും മതിയാകില്ല.
കേന്ദ്ര സർക്കാറിന്റെ പൂർണ സഹായവും കടുത്ത സാമ്പത്തിക അച്ചടക്കവും ശക്തമായ ഭരണ സംവിധാനവും പൊതു-സ്വകാര്യ പങ്കാളിത്തവുമില്ലാതെ വാഗ്ദാനങ്ങൾ നടപ്പാക്കാനാവില്ലെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഇൻഫോമിക്‌സ് റേറ്റിങ്സ് ലിമിറ്റഡിലെ ചീഫ് ഇക്കണോമിസ്റ്റ് മനോരഞ്ജൻ ശർമ്മ പറഞ്ഞു. ഇതൊന്നുമില്ലാതെ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നില കൂടുതൽ ഞെരുങ്ങും. മാത്രമല്ല, ഭൂമി ഏറ്റെടുക്കൽ, പാരിസ്ഥിതിക അനുമതി, നിർവഹണ ശേഷി, ഗുണമേന്മ ഉറപ്പുവരുത്തൽ തുടങ്ങി പല വെല്ലുവിളികളും പദ്ധതികൾ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സ്പ്രസ് ഹൈവേ നിർമിക്കാൻ ഒരു കിലോ മീറ്ററിന് 150 മുതൽ 200 കോടി രൂപ വരെയാണ് ചെലവ് കണക്കാക്കുന്നത്. ബിഹാറിന്റെ നിലവിലെ സാമ്പത്തിക ശേഷിയും കടമെടുപ്പ് പരിധിയും പരിഗണിച്ച് ഏഴ് എക്സ്പ്രസ് ഹൈവേകൾ സർക്കാറിന് ഒറ്റക്ക് നിർമിക്കാൻ കഴിയില്ല. വിമാനത്താവളങ്ങളും കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും സർക്കാറിന് കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് പി.ആർ.എസ് പറയുന്നു.
ഒരു കോടി തൊഴിലവസരങ്ങൾ യാഥാർഥ്യമാകണമെങ്കിൽ സർക്കാറിനൊപ്പം സ്വകാര്യ കമ്പനികളുടെ നിയമനവും സ്വയം തൊഴിൽ പദ്ധതികളും അനിവാര്യമാണ്. എന്നാൽ, പുതിയ നിയമനങ്ങൾ നടത്തുന്നത് വർഷങ്ങളോളം സർക്കാറിനെ കടുത്ത ബാധ്യതയിലേക്ക് തള്ളിവിടും. നികുതി വർധിപ്പിക്കുകയും കടമെടുപ്പ് പരിധി കൂട്ടുകയും ചെയ്യാതെ പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ കഴിയില്ലെന്നും പി.ആർ.എസ് രേഖകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.