മുംബൈ: എച്ച് വൺ ബി വിസ ഫീസ് യു.എസ് സർക്കാർ കുത്തനെ ഉയർത്തിയതിന് പിന്നാലെ വിദ്യാഭ്യാസ വായ്പകളുടെ പരിശോധന കടുപ്പിച്ച് ബാങ്കുകൾ. വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വർധിപ്പിച്ചത് ഇന്ത്യൻ വിദ്യാർഥികളുടെ യു.എസ് സ്വപ്നങ്ങൾക്ക് തടസ്സമാകുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നയം മാറ്റം. ബിസിനസ് ലൈനാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
എച്ച് വൺ ബി വിസ ഫീസ് ഉയർത്തിയതോടെ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ വായ്പക്ക് അപേക്ഷിക്കാൻ മടിക്കുകയാണെന്ന് സ്വകാര്യ ബാങ്കിന്റെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് പറഞ്ഞു. ഇവരുടെ വായ്പകൾ മിക്കതും രക്ഷിതാക്കളുടെ ഉറപ്പിൻ മേലാണ് നൽകുന്നത്. എന്നാൽ കുടുംബങ്ങൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വിദ്യാർഥികൾ ബിരുദം പൂർത്തിയാകാൻ രണ്ട് വർഷം ബാക്കിയുള്ളവരും എച്ച് വൺ ബി വിസ ആഗ്രഹിക്കുന്നവരും യു.എസിൽ ജോലി ലഭിക്കാത്തവരുമാണെങ്കിൽ വായ്പ ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യു.എസിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് വായ്പ തിരിച്ചടക്കാൻ കഴിയുമോയെന്ന പരിശോധന ശക്തമാക്കുമെന്ന് മറ്റൊരു ബാങ്ക് ഉദ്യോഗസ്ഥനും പറഞ്ഞു. എച്ച് വൺ ബി വിസ ഫീസ് ഉയർത്തിയ സാഹചര്യത്തിൽ വിദ്യാഭ്യാസ വായ്പ നടപടി കടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ജൂലൈ വരെയുള്ള കണക്ക് പ്രകാരം 1.41 ലക്ഷം കോടി രൂപയാണ് വിദ്യാഭ്യാസ വായ്പയായി ബാങ്കുകൾ നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വർധനവാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.