ചരിത്ര നേട്ടം കുറിച്ച് അമുൽ: പുതിയ സാമ്പത്തിക വർഷത്തിൽ നേടിയത് ലക്ഷം കോടി രൂപ വിറ്റുവരവ്

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടി രൂപ വിറ്റുവരവ് നേടി രാജ്യത്തെ വേഗത്തിൽ വിറ്റഴിക്കുന്ന ഉപഭോക്തൃ ഉത്പന്ന(എഫ്.എം.സി.ജി) കമ്പനിയെന്ന നേട്ടം കൈവരിച്ച് അമുൽ. ഇതാദ്യമായാണ് ഇന്ത‍്യന്‍ ഉപഭോക്തൃമേഖല ഇത്തരമൊരു നേട്ടത്തിലെത്തുന്നത്. ബിസിനസ് സ്റ്റാന്‍റേർഡ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 11 ശതമാനം വർധനവാണ് അമുൽ രേഖപ്പെടുത്തിയത്.

കമ്പനിയുടെ സജ്ജീവമായ വിതരണ ശൃംഖലയാണ് ഈ കുതിപ്പിന് പിന്നിലെ പ്രധാന ഘടകമെന്ന് പറയാം. ഇന്ത്യയുടെ ഉൾഗ്രാമങ്ങളിലേക്കും കുറഞ്ഞ ജനസംഖ്യയുള്ള ചെറുകിട നഗരങ്ങളിലേക്കും ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിലൂടെ വിൽപന വർധിപ്പിക്കാൻ അമുലിന് സാധിച്ചിട്ടുണ്ട്.

നിലവിൽ  ബ്രാൻഡിന്റെ മൊത്തം വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയാണെങ്കിലും അതിന്റെ മാർക്കറ്റിങ് വിഭാഗമായ ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (സി.ജി.സി.എം.എം.എഫ്) രേഖപ്പെടുത്തിയ വിറ്റുവരവ് മാത്രം 73,450 കോടി രൂപയാണ്. ഇന്ത്യൻ വിപണിക്ക് പുറമേ അന്താരാഷ്ട്ര വിപണിയിലും അമുൽ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കി മുന്നേറുകയാണ്. ഇതിന്‍റെ ഭാഗമായി അമേരിക്ക, യുറോപ്പ് തുടങ്ങിയ വിപണികളിലും അമുൽ ഉത്പന്നങ്ങളെത്തിക്കുന്നുണ്ട്. നിലവിൽ ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ‍്യന്‍ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കമ്പനി പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

അടുത്ത വർഷത്തിനുള്ളിൽ പത്ത് അന്താരാഷ്ട്ര വിപണികളെയാണ് അമുൽ ലക്ഷ‍്യമിടുന്നതെന്ന് സി.ജി.സി.എം.എം.എഫ് എം.ഡി ജയൻ മേത്ത അറിയിച്ചു. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കനുസരിച്ച് 1,200 ലധികം പാക്കറ്റുകളിലായി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ അമുൽ പുറത്തിറക്കുന്നുണ്ട്. പ്രോട്ടീൻ ഉത്പന്നങ്ങൾ, പ്രോബയോട്ടിക്സ്, ഓർഗാനിക് ഉൽപ്പന്നങ്ങൾ, ചീസ്, മോര് തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾക്കാണ് കമ്പനി ഇപ്പോൾ കൂടുതൽ മുൻഗണന നൽകുന്നത്.

Tags:    
News Summary - Amul Achieves Historic Milestone: Turnover Crosses ₹1 Lakh Crore in the New Financial Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.