നവി മുംബൈ വിമാനത്താവളം
മുംബൈ: രാജ്യത്തെ വിമാനത്താവള രംഗത്ത് വൻ നിക്ഷേപം നടത്താനുള്ള പദ്ധതിയുമായി ശതകോടീശ്വരൻ ഗൗതം അദാനി. അടുത്ത അഞ്ച് വർഷത്തിനകം ഒരു ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ സ്വകാര്യ നിക്ഷേപം ക്ഷണിച്ച 11 വിമാനത്താവളങ്ങൾകൂടി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് അദാനി ഗ്രൂപ്പ്. നിലവിൽ തിരുവനന്തപുരവും നവി മുംബൈയും അടക്കം ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് (എ.എ.എച്ച്.എൽ) പ്രവർത്തിപ്പിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കുന്ന സ്വകാര്യ കമ്പനികൂടിയാണ് അദാനി.
കമ്പനിയുടെ എട്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം നവി മുംബൈയിൽ 25ന് ഉദ്ഘാടനം ചെയ്യും. വർഷം ഒമ്പത് കോടിയോളം യാത്രക്കാർക്ക് സേവനം നൽകാൻ കഴിയുന്ന വിമാനത്താവളം പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ കമ്പനിയുടെ പോർട്ട്ഫോളിയോയിൽ ഒന്നാം സ്ഥാനത്ത് നവി മുംബൈ ആയിരിക്കും. ജി.എം.ആർ ഗ്രൂപ്പ് മാത്രമാണ് ഈ രംഗത്ത് അദാനിയുടെ എതിരാളി.
വ്യോമയാന രംഗത്തെ വളർച്ച ലക്ഷ്യമിട്ട് രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള പദ്ധതിയിലാണ് കേന്ദ്ര സർക്കാർ. നിലവിൽ 163 വിമാനത്താവളങ്ങളാണ് സർക്കാറിനുള്ളത്. 2047 ഓടെ വിമാനത്താവളങ്ങളുടെ എണ്ണം 400 ആയി വർധിപ്പിക്കാനാണ് നീക്കം. നിലവിൽ എട്ട് വിമാനത്താവളങ്ങളുടെ പ്രവർത്തനം ദീർഘകാലത്തേക്ക് സ്വകാര്യ കമ്പനികൾക്ക് നൽകിയിരിക്കുകയാണ്. ഇനി പഞ്ചാബിലെ അമൃതസർ, ഉത്തർപ്രദേശിലെ വാരണസി എന്നിവയടക്കമുള്ള 11 വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കുക.
ഈ 11 വിമാനത്താവളങ്ങളും ഏറ്റെടുക്കാൻ ശ്രമിക്കുമെന്ന് എ.എ.എച്ച്.എൽ ഡയറക്ടർ ജീത് അദാനി പറഞ്ഞു. അതേസമയം മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയുടെ പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) നടത്താനും ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 2027 -30 വർഷത്തിനുള്ളിൽ മാതൃകമ്പനിയിൽനിന്ന് വിഭജിക്കുകയോ അല്ലെങ്കിൽ ഐ.പി.ഒ വഴിയോ ആയിരിക്കും ഓഹരി വിപണിയിലെത്തുക. ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങുന്നതിന് മൂന്ന് കടമ്പകൾ പൂർത്തിയാക്കാനുണ്ടെന്ന് ജീത് വിശദീകരിച്ചു. നവി മുംബൈ വിമാനത്താവളം പ്രവർത്തന സജ്ജമാക്കുകയാണ് ഏറ്റവും പ്രധാനം.
എ.എ.എച്ച്.എല്ലിനെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. നിലവിൽ മാതൃകമ്പനിയായ അദാനി എന്റർപ്രൈസസിന്റെ പിന്തുണയോടെയാണ് എ.എ.എച്ച്.എൽ പ്രവർത്തിക്കുന്നത്. ലാഭകരമാണെങ്കിലും മൂലധന നിക്ഷേപത്തിനുള്ള പണം മാതൃകമ്പനിയാണ് നൽകുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എ.എ.എച്ച്.എൽ സ്വയം പര്യാപ്തമാകും. വിമാനത്താവളത്തോട് അനുബന്ധിച്ചുള്ള നഗര മേഖല വികസിപ്പിക്കാനുള്ള പദ്ധതി ഏറ്റെടുക്കുകയാണ് മൂന്നാമത്തെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.