തിരുവനന്തപുരം: കർഷകർ ഉൾപ്പെടെയുള്ളവർക്ക് പ്രഹരമായി ബജറ്റിൽ ഭൂനികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ നിരക്ക് വർധന. ഇതിന്റെ ഭാരം പ്രധാനമായും വന്നുചേരുന്നത് കര്‍ഷകർ ഉൾപ്പെടെയുള്ളവരിലായിരിക്കും.
നിലവിൽ പഞ്ചായത്ത് പ്രദേശത്ത് ഒരു ആറിന് (2.47 സെന്റ്) പ്രതിവർഷം അഞ്ച് രൂപയുള്ളത് ഏഴര രൂപയാക്കി. 8.1 ആർ (20 സെന്റ്) വരെ ഈ നിരക്കായിരിക്കും ബാധകം. എന്നാൽ 8.1 ആറിന് മുകളിൽ വിസ്തൃതിയുള്ളവർക്ക് നിലവിൽ ഒരു ആറിന് എട്ട് രൂപയുള്ളത് 12 രൂപയുമാക്കി. അതായത് പഞ്ചായത്ത് പ്രദേശത്ത് 50 സെന്റ് ഭൂമിയുള്ളയാൾക്ക് നിലവില്‍ 168 രൂപയുള്ള ഭൂനികുതി ഇനി 252 രൂപയാകും. 20 സെന്റിന് നിലവില്‍ 40 രൂപയുള്ളത് ഇനി 60 രൂപയുമാകും.
മുനിസിപ്പാലിറ്റി പ്രദേശത്ത് 2.43 ആർ വരെ (ആറ് സെന്റ്) ഒരാറിന് പത്ത് രൂപയുണ്ടായിരുന്നത് 15 രൂപയാക്കിയാണ് വർധിപ്പിക്കുന്നത്. 2.43 ആറിന് മുകളിൽ നിലവിൽ 15 രൂപയുള്ളത് 22.50 രൂപയുമാക്കിയാണ് വർധിപ്പിച്ചത്. കോര്പറേഷന് പരിധിയില്‍ നാല് സെന്റ് (1.62 ആർ) വരെ ആറിന് പ്രതിവർഷം 20 രൂപയുള്ളത് 30 രൂപയാക്കിയാണ് വർധിപ്പിച്ചത്. അതിന് മുകളിലുള്ളവർക്ക് നിലവിൽ ആർ ഒന്നിന് 30 രൂപയുള്ളത് 45 രൂപയുമാക്കിയാണ് വർധിപ്പിച്ചത്.
കോര്പറേഷൻ പരിധിയില്‍ 50 സെന്റ് കൃഷി ഭൂമിയുണ്ടെങ്കില്‍ നിലവില്‍ 630 രൂപയാണ് ഭൂനികുതി. ബജറ്റിലെ വർധനവിലൂടെ 945 രൂപയാകും. ഏപ്രിൽ ഒന്ന് മുതലായിരിക്കും ബജറ്റിലെ പുതിയ നികുതി നിലവിൽ വരിക. ഭൂനികുതി വർധിപ്പിച്ച് 100 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കൃഷി ഇല്ലാതെ തരിശുകിടക്കുന്ന നിലങ്ങള്‍ക്കും വന്യമൃഗശല്യം കാരണം കൃഷി നടത്താനാകാത്ത കര്‍ഷകര്‍ക്കുമൊക്കെ ഭൂനികുതി വർധന വലിയ പ്രഹരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.