തിരുവനന്തപുരം: 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾക്ക് നികുതിയിൽ 50 ശതമാനം വർധന. 15 വർഷത്തിനു ശേഷം 10,000 രൂപ നികുതിയടക്കേണ്ട വാഹനത്തിന് വർധന വഴി 15,000 രൂപയായി ഉയരും. മോട്ടോർ സൈക്കിൾ, മുച്ചക്രവാഹനങ്ങൾ, മോട്ടോർ കാറുകൾ എന്നിവക്കെല്ലാം വർധന ബാധകമാണ്. സ്വകാര്യ വാഹനങ്ങളുടെ നികുതിയിനത്തിൽ സർക്കാറിന് 110 കോടി രൂപയാണ് നിലവിൽ വരുമാനം. വർധന വഴി വർഷം 55 കോടി രൂപ അധികം ലഭിക്കും.
കാലപ്പഴക്കം ചെന്ന വാഹനങ്ങൾ വഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള നടപടികളുടെ തുടർച്ച എന്ന നിലയിലാണ് പ്രഖ്യാപനമെങ്കിലും അധിക വിഭവ സമാഹരണമാണ് ലക്ഷ്യം. നികുതി വർധന 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ വിപണി മൂല്യം ഇടിക്കും. മോട്ടോർ കാറുകളും ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മുച്ചക്ര വാഹനങ്ങളും ഓടിച്ച് ഉപജീവനം നടത്തുന്നവർ, വാഹനങ്ങളിൽ സാധന വിൽപന നടത്തുന്നവർ തുടങ്ങിയവരെ പ്രതികൂലമായി ബാധിക്കും. നഗരങ്ങളിൽ ഉൾപ്പെടെ സർവിസ് നടത്തുന്ന മോട്ടോർ കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവയിൽ നല്ലൊരു ശതമാനവും 15 വർഷമോ കൂടുതലോ പഴക്കമുള്ളതാണ്.
ഇലക്ട്രിക് വാഹന നികുതി വിലയുടെ അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കും. നിലവിൽ 15 വർഷത്തെ നികുതിയായി അഞ്ചു ശതമാനമാണ് ഈടാക്കുന്നത്. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനത്തിന് വിലയുടെ എട്ട് ശതമാനമായിരിക്കും പുതിയ നികുതി. 20 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങൾക്ക് പത്ത് ശതമാനവും നികുതിയൊടുക്കണം. ബാറ്ററി വാടകക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് വാഹന വിലയുടെ പത്ത് ശതമാനം നികുതി ഈടാക്കും. ഇതുവഴി 30 കോടിയുടെ അധിക വരുമാനമാണ് സർക്കാറിന് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.