തിരുവനന്തപുരം: ചുവപ്പിനുമേൽ ചുവപ്പായി പ്രവഹിച്ച ആദരത്തുണികൾക്കും പൂഷ്പങ്ങൾക്കും നടുവിൽ നിശ്ചലമായി കിടക്കുന്ന വി.എസിന്റെ ചാരത്തുനിന്ന് മാറാതെ മകൻ അരുൺകുമാർ. ആശുപത്രിയിൽനിന്ന് എ.കെ.ജി സെന്ററിലേക്കും പിന്നീട് വസതിയിലേക്കും ചൊവ്വാഴ്ച രാവിലെ ദർബാർ ഹാളിലേക്കുമുള്ള യാത്രയിലും ഹാളിലുമെല്ലാം ഉള്ളുലഞ്ഞെങ്കിലും പതറാതെ ഒപ്പമുണ്ട് അരുൺ. തലസ്ഥാനത്ത് നിന്നുള്ള വി.എസിന്റെ മടക്കത്തിൽ പ്രത്യേക ബസിൽ അച്ഛന്റെ തൊട്ടടുത്ത്, നേതാവും പിതാവുമെന്ന രണ്ട് വികാരങ്ങളുടെയും നടുവിലായി അദ്ദേഹം ഇരുന്നു. തിങ്കളാഴ്ച രാത്രി വി.എസിന്റെ ഭൗതികശരീരം എ.കെ.ജി പഠന കേന്ദ്രത്തിലെത്തിച്ച ശേഷം ഒടുവിലായി കണ്ണട ധരിപ്പിച്ചതും അരുൺകുമാർ തന്നെ.
ജൂണ്‍ 23ന് ശാരീരികാസ്വാസ്ഥ്യതയെ തുടര്‍ന്ന് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാൾ മുതൽ തിരിച്ചുവരവ് പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു അരുൺ. ‘തിരിച്ചുവരും അച്ഛൻ, തീർച്ച’ എന്നതായിരുന്നു ഓരോ നിമിഷത്തെയും ആത്മവിശ്വാസം. ഓരോ ദിവസവും പിതാവിന്റെ ആരോഗ്യനില സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചുകൊണ്ടിരുന്നു.
മക്കൾ രണ്ടാളും അടുത്തടുത്ത് താമസിക്കണമെന്ന വി.എസിന്റെ ആഗ്രഹ പ്രകാരമാണ് സഹോദരി ആശയുടെ വീടിന് സമീപം ആറുവർഷം മുമ്പ് തിരുവനന്തപുരം ബാർട്ടൻഹില്ലിൽ അരുൺകുമാർ ‘വേലിക്കകത്ത്’ വീട് നിർമിച്ചത്. ആ വീട്ടിൽ തന്നെയായിരുന്നു വി.എസിന്റെ വിശ്രമ ജീവിതം. രോഗാവസ്ഥയിലായപ്പോൾ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി പിതാവിന്റെ ആരോഗ്യനില കാത്തുസൂക്ഷിച്ചത് അദ്ദേഹത്തിന്റെ നിശ്ചയദാഢ്യമായിരുന്നു. അരുൺകുമാറിന്റെ ഭാര്യ ഡോ. രജനി ഇ.എൻ.ടി സ്പെഷലിസ്റ്റും വി.എസിന്റെ മകൾ ആശയുടെ ഭർത്താവ് ഡോ. ടി. തങ്കരാജ് യൂറോളജി സ്പെഷലിസ്റ്റുമാണ്. ഡോക്ടർമാരായ ഇവരുടെ കരുതലും വി.എസിനുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.